ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ഡിനോ ഡെന്നിസ് സംവിധാനത്തിൽ മമ്മൂട്ടി നായകനായി എത്തുന്ന ബസൂക്ക. ഏപ്രിൽ 10 ന് വിഷു റിലീസ് ആയാണ് ചിത്രം എത്തുന്നത്. മമ്മൂട്ടിയെ കൂടാതെ ചിത്രത്തിന് നടനും സംവിധായകനുമായ ഗൗതം മേനോനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട് . അതേസമയം ചിത്രം റിലീസ് ആകാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽകുമ്പോൾ സോഷ്യൽ മീഡിയ ഇപ്പോൾ വീണ്ടും കത്തിച്ചിരിക്കുകയാണ് മമ്മൂട്ടിയുടെ ഒരു ചിത്രം.
ഫാഷൻ ഫോട്ടോഗ്രാഫറും അഭിനേതാവുമായ ഷാനി ഷാകിയാണ് ഇൻസ്റ്റഗ്രാമിൽ മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ചത്.നീല ബാഗി ജീൻസും വൈറ്റ് റൗണ്ട് നെക്ക് ടീഷർട്ടുമണിഞ്ഞാണ് ചിത്രത്തിൽ സൂപ്പർ കൂൾ ആയി മമ്മൂട്ടി എത്തുന്നത്. കത്തട്ടെ എന്ന അടിക്കുറിപ്പോടെയാണ് ഷാനി ചിത്രം പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പ്രായത്തെ വരെ തോൽപ്പിക്കുന്ന നടന്റെ ലൂക്കിനെയും കോസ്റ്റ്യൂം സെൻസിനെയും അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് .