അനീഷ എം എ-സബ് എഡിറ്റർ
കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും യുഡിഎഫും തമ്മില്‍ മുന്നണിമാറ്റ ചര്‍ച്ചകള്‍ നടന്നെന്ന വാര്‍ത്തകള്‍ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്. അത്തരം വാര്‍ത്തകള്‍ തെറ്റാണെന്ന് സതീശന് പറഞ്ഞു. ഇക്കാര്യത്തില്‍ ജോസ് കെ മാണി പറഞ്ഞതാണ് ശരി. ഒരു തരത്തിലുള്ള ചര്‍ച്ചയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താനറിയാതെ ചര്‍ച്ച നടക്കില്ല. ഇപ്പോള്‍ എല്‍ഡിഎഫില്‍ നില്ക്കുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എം. അവിടെ നില്ക്കുന്ന ജോസ് കെ മാണിയുടെ വിശ്വാസ്യത ചോദ്യം ചെയ്യാന്‍ യുഡിഎഫില്ല. നിലവില്‍ അവരുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യമില്ല, അത്തരമൊരു രാഷ്ട്രീയ സാഹചര്യം വരുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും സതീശന് പറഞ്ഞു.
സിപിഐഎമ്മിലെ നിലവിലെ പ്രശ്നങ്ങള്‍ തങ്ങള്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ സത്യമെന്ന് തെളിയിക്കുകയാണെന്ന് സതീശന് അഭിപ്രായപ്പെട്ടു. സിപിഐഎമ്മിനെ പൂര്‍ണമായി ജീര്‍ണത ബാധിച്ചിരിക്കുന്നെന്നും അവര്‍ തകര്‍ച്ചയിലേക്ക് പോകുന്നു എന്നും ആദ്യം പറഞ്ഞത് പ്രതിപക്ഷമാണ്. സിപിഐഎം അണികള്‍ സംതൃപ്തരല്ല. അവര്‍ സ്വാഭാവികമായും പ്രതിഷേധിക്കുമെന്നും സതീശന് കൂട്ടിച്ചേർത്തു.