ഇന്ത്യൻ മഹാരാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സമാനതകളില്ലാത്ത പരീക്ഷണങ്ങളിലേക്ക് നയിച്ച ദീർഘവീക്ഷണം ഉള്ള നേതാവായിരുന്നു അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. സാമ്പത്തിക വിദഗ്ധൻ കൂടിയായ അദ്ദേഹത്തിന്റെ വൈജ്ഞാനിക ബുദ്ധിയിൽ രാഷ്ട്രം നേടിയെടുത്ത നേട്ടങ്ങൾ അനവധിയാണ്. 1932ലാണ് മന്മോഹന് സിങ്ങിന്റെ ജനനം. ഇന്ന് പാകിസ്താനിന്റെ ഭാഗമായിടത്താണ് സിങ് ജനിച്ചുവീഴുന്നത്. സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും 1952ല്‍ ആര്‍ട്സില്‍ ബിരുദവും 1954ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹം നേടി. ശേഷം കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്ന് 1957ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഓണേഴ്സ് ബിരുദവും ഡി ഫില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹം സ്വന്തമാക്കുകയുണ്ടായി. ഓക്സ്ഫോര്‍ഡിലെ നഫ്ഫീല്‍ഡ് കോളേജ്, യുഎസ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്പ്മെന്റ് എന്നിവിടങ്ങളില്‍ അധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1971ല്‍ വാണിജ്യ മന്ത്രാലയത്തില്‍ സാമ്പത്തിക ഉപദേഷ്ടാവായാണ് അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് അധികം വൈകാതെ തന്നെ ധനകാര്യ മന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായും ശേഷം സെക്രട്ടറിയായും അദ്ദേഹം ഉയർന്നു. ഇന്ത്യയുടെ വിദേശനാണ്യശേഖരം വളരെയധികം ശോഷിച്ചിരുന്ന സമയത്താണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന സിങ്ങിനെ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു 1991ല്‍ ധനമന്ത്രിയാക്കുന്നത്. അങ്ങനെ 1991 മുതല്‍ 1996 വരെ ധനമന്ത്രിയായിരിക്കുന്ന വേളയിലാണ് സിങിന്റെ ധനനയങ്ങള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ മാറ്റിമറിക്കുന്നത്. സമ്പദ് വ്യവസ്ഥയെ ഉദാരവത്കരിച്ചും രൂപയെ വിലകുറച്ചും നികുതി ഭാരം കുറച്ചും ഇന്ത്യയിലേക്ക് വിദേശനിക്ഷേപം വര്‍ധിപ്പിച്ചുമെല്ലാം അദ്ദേഹം പല മാറ്റങ്ങള്‍ കൊണ്ടുവന്നു. ആഗോള എണ്ണവില കുതിച്ചുയരുകയും അന്താരാഷ്ട്ര നാണയനിധിയില്‍ നിന്നുള്ള കരുതല്‍ സ്വര്‍ണം പോലും പണയം വെക്കാന്‍ പോലും രാജ്യം നിര്‍ബന്ധിതരാകുകയും ചെയ്ത സമയത്തായിരുന്നു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മന്മോഹന് സിങ് സുപ്രധാന തീരുമാനങ്ങള്‍ കൈകൊണ്ടത്.
അദ്ദേഹം കയറ്റുമതി സബ്സിഡി നിര്‍ത്തലാക്കുകയും, രൂപയുടെ മൂല്യം താഴ്ത്തുകയും ലൈസന്‍സില്ലാതെ തന്നെ ഉത്പാദനം നടത്താന്‍ കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്തു. ഈ തീരുമാനം പരസ്പരം മത്സരിക്കുന്നതിലേക്ക് വ്യവസായ മേഖലയെ എത്തിച്ചു. ശേഷം 2004ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേക്കെത്തിയപ്പോള്‍ സോണിയ ഗാന്ധി മന്മോഹന് സിങ്ങിനെ പ്രധാനമന്ത്രിയായി നിയമിച്ചു. സോണിയ ഗാന്ധിയുടെ വിദേശപൗരത്വവം ആര്‍എസ്എസ് ഉയര്‍ത്തിയതും ഓപ്പറേഷന് ബ്ലൂസ്റ്റാറിലൂടെ നഷ്ടപ്പെട്ട സിഖുക്കാരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനും വേണ്ടിയായിരുന്നു അദ്ദേഹത്തെ പ്രധാനമന്ത്രിപദത്തിലെത്തിച്ചത്. രാജ്യത്തെ ആദ്യ സിഖ് പ്രധാനമന്ത്രി കൂടിയായിരുന്നു മന് മോഹന്‍സിങ്. പിന്നീടുള്ള അഞ്ച് വര്‍ഷകാലയളവില്‍ ശരാശരി 7.7 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യന്‍ സാമ്പത്തികരംഗത്തിന് സാധിച്ചു. സിങ്ങിന്റെ കീഴില്‍ സമഗ്രമായ വളര്‍ച്ചയും അതോടൊപ്പം ദാരിദ്ര്യ നിര്‍മ്മാര്‍ജനവും നടന്നു. ലോകം മുഴുവന്‍ ഈ നയം ഉച്ചത്തിലും വ്യക്തമായും കേള്‍ക്കട്ടെ, ഇന്ത്യ ഇപ്പോള്‍ ഉണര്‍ന്നിരിക്കുന്നു, നമ്മള് വിജയിക്കും, മറികടക്കും, എന്ന് അദ്ദേഹം തന്റെ കന്നി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നത് പോലെ തന്നെയായിരുന്നു പിന്നീട് ഇന്ത്യയുടെ വളര്‍ച്ച.
2009ല്‍ വീണ്ടും അദ്ദേഹം അധികാരത്തിലേക്കെത്തി. എന്നാല്‍ പണപ്പെരുപ്പവും അഴിമതിയും തുടങ്ങി നിരവധി വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ഭരണത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തി. അഴിമതി ആരോപണങ്ങള്‍ ഉള്‍പ്പെടെ ഉയര്‍ന്നിരുന്നുവെങ്കിലും ആരും അദ്ദേഹത്തെ കുറ്റപ്പെടുത്തിയിരുന്നില്ല. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പലർക്കും എതിരെയായിരുന്നു ആരോപണങ്ങളുടെ ശരം. ആരോപണങ്ങള്‍ നേരിട്ടിരുന്ന കാലയളവിലും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, ഭക്ഷസുരക്ഷ പദ്ധതി, വിവരാവകാശ നിയമം തുടങ്ങി ഒട്ടേറെ ക്ഷേമപരിപാടികള്‍ക്ക് മന്മോഹന് സിങ് നേതൃത്വം നല്‍കിയിരുന്നു. തന്റെ 91ാം വയസിലാണ് 33 വര്‍ഷത്തെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് അദ്ദേഹം രാജ്യസഭയില്‍ നിന്നും പടിയിറങ്ങിയത്. രാജ്യസഭയില്‍ നിന്ന് മാത്രമുള്ള പടിയിറക്കമായിരുന്നില്ല അത്, സജീവ രാഷ്ട്രീയത്തില്‍ നിന്നും മന്മോഹന് സിങ് എന്നെന്നേക്കുമായി പടിയിറങ്ങുകയായിരുന്നു. രാഷ്ട്രീയത്തിൽ നിന്നും പടിയിറങ്ങിയെങ്കിലും തന്റെ നിലപാടുകളിൽ വെള്ളം ചേർക്കുവാൻ ഒരിക്കൽ പോലും അദ്ദേഹം തയ്യാറായിട്ടില്ല. പ്രധാനമന്ത്രി മോദി ഒരവസരത്തിൽ അദ്ദേഹത്തെ പുകഴ്ത്തി രംഗത്ത് എത്തിയപ്പോഴും നോട്ടുനിരോധനത്തിനെതിരെയും മറ്റു വിഷയങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകൾ കൃത്യമായി തന്നെ തുറന്നു പറഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും അദ്ദേഹം തന്റെ വോട്ട് വിനിയോഗിക്കുകയും ചെയ്തിരുന്നു. രാഷ്ട്രത്തിന് അഭിമാനിക്കാവുന്ന ഒട്ടേറെ നേട്ടങ്ങളുടെ തിളക്കത്തോടെയാണ് അദ്ദേഹത്തിന്റെ അന്ത്യയാത്ര.