സി. പ്രേംകുമാര്‍ സംവിധാനം ചെയ്യുന്ന ‘മെയ്യഴകന്’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. കാര്‍ത്തി, അരവിന്ദ് സ്വാമി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം സെപ്റ്റംബര്‍ 27ന് തിയറ്ററിലെത്തും. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.
വളരെ ഇമോഷണല്‍ ആയ ബന്ധത്തേയും സ്നേഹത്തേയും വരച്ചുകാട്ടുന്ന ചിത്രമാകും ‘മെയ്യഴകന്’ എന്ന സൂചനയാണ് ട്രെയ്ലര് നല്‍കുന്നത്. ജ്യോതികയുടെയും സൂര്യയുടെയും നിര്‍മ്മാണ കമ്പനിയായ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്സാണ് ചിത്രം നിര്‍മിക്കുന്നത്.
ചിത്രത്തിന്റെ പ്രിവ്യു കണ്ട ശേഷം സൂര്യ തന്നെ കെട്ടിപിടിച്ചെന്നും ആ നിമിഷം ഏറെ പ്രിയപ്പെട്ടതാണെന്നും കാര്‍ത്തിയും മനസ്സുതുറന്നിരുന്നു. ഇതിന് മുന്നേ അങ്ങനെ ചെയ്തത് പരുത്തിവീരന്റെ സമയത്താണെന്നും കാര്‍ത്തി പറഞ്ഞു.
അപൂര്‍വമായി മാത്രം നമുക്ക് ലഭിക്കുന്ന സിനിമയാണ് ‘മെയ്യഴകന്’ എന്നും, ചിത്രം എല്ലാവരും തിയേറ്ററില്‍ കണ്ട് ആസ്വദിക്കണമെന്നും നടന് സൂര്യ ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ പറഞ്ഞിരുന്നു. കാര്‍ത്തി, അരവിന്ദ് സാമി എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ തമ്മിലുള്ള ’96’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം പ്രേംകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
ശ്രീദിവ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. രാജ് കിരണ്‍, ദേവദര്‍ശിനി, ശ്രീരഞ്ജിനി, ജയപ്രകാശ്, ഇളവരസു, കരുണാകരന്, ശരണ്‍ ശക്തി, രാജ്കുമാര്, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.’96’ന് ശേഷം, സംവിധായകന് പ്രേം കുമാറും സംഗീത സംവിധായകന് ഗോവിന്ദ് വസന്തയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ‘മെയ്യഴക’നുണ്ട്.