ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ന്യൂയോർക്ക് നഗരത്തിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ന്യൂയോർക്കിൽ ദീപാവലിക്ക് അവധി പ്രഖ്യാപിക്കുന്നത്. വ്യത്യസ്ത സംസ്കാരങ്ങളെയും മതപരമായ ആഘോഷങ്ങളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ഈ വർഷത്തെ ദീപാവലി സവിശേഷമുള്ളതിനാലാണ് അവധി നൽകുന്നതെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഓഫ് മേയറുടെ ഓഫീസ് അറിയിച്ചു. വിവിധ മതപരമായ ആഘോഷങ്ങൾക്ക് പ്രാധാന്യം നൽകുകയും എല്ലാ കുട്ടികൾക്കും അവയുടെ ഭാഗമാകാനുള്ള സൗകര്യം ഉറപ്പാക്കുകയുമാണ് ഈ പ്രഖ്യാപനത്തിന്റെ ലക്ഷ്യം.
ന്യൂ യോർക്ക് നഗരത്തിലെ സ്കൂളുകളിൽ 1.1 ദശലക്ഷം വിദ്യാർഥികളുള്ളതിനാൽ വലിയൊരു മുന്നേറ്റമാണ് ഇതെന്ന് ട്രേഡ് ഡെപ്യൂട്ടി കമ്മീഷണർ ദിലീപ് ചൗഹാൻ പറഞ്ഞു. നവംബർ ഒന്ന് വെള്ളിയാഴ്ചയാണ് അവധി. ജൂൺ മാസത്തിൽ തന്നെ ദീപാവലിക്ക് സ്കൂൾ അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു .ദീപാവലി പൊതു അവധിയായി പ്രഖ്യാപിച്ചതിന് മേയർ എറിക് ആഡംസിനോട് ചൗഹാൻ നന്ദി അറിയിച്ചു.
ദീപാവലിയുടെ പശ്ചാത്തലത്തിൽ വേൾഡ് ട്രേഡ് സെന്റർ വിവിധ വർണങ്ങൾ കൊണ്ട് നിറഞ്ഞു. യു എസ് പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ചു. ധാരാളം ഇന്ത്യൻ-അമേരിക്കക്കാരും പങ്കെടുത്തു. ദീപാവലി ആശംസകൾ നേർന്ന് കൊണ്ട് വൈറ്റ് ഹൗസ് എക്സിൽ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചു.