വ്യക്തി ആരാധനകൾക്കും പൂജകൾക്കും ഒരുകാലത്ത് എതിരായിരുന്ന സിപിഎമ്മിൽ ഇന്ന് അതെല്ലാം ഏറെ സജീവം തന്നെയാണ്. ഒരു ഇടവേളക്ക് ശേഷം പി ജയരാജനെ അനുകൂലിച്ച് കണ്ണൂരില്‍ ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വീണ്ടും അത്തരത്തിലുള്ള ചർച്ചകൾ സജീവമാകുന്നത്. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നതുപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും സഖാവ് നിറഞ്ഞു നില്‍ക്കുമെന്നാണ് ബോര്‍ഡുകളില്‍ പറയുന്നത്. സിപിഎം ശക്തി കേന്ദ്രങ്ങളിലാണ് ഫ്ലക്സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. റെഡ് യങ്സ് കക്കോത്ത് എന്ന പേരിലാണ് ബോർഡ്. ഈ ബോർഡ് ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
വ്യക്തി ആരാധന പാടില്ലെന്നും പാര്‍ട്ടിയാണ് എല്ലാത്തിനും മുകളിലെന്നുമാണ് സിപിഎം ഭരണഘടന. സിപിഎം നേതാവ് പി ജയരാജനെ പുകഴ്ത്തിയുള്ള ‘കണ്ണൂരിന്റെ ചെന്താരകം’ എന്ന് തുടങ്ങുന്ന ഗാനം മുമ്പ് പുറത്തിറങ്ങിയിരുന്നു. പി.ജെ ആര്‍മ്മിയെന്നറിയപ്പെട്ട കണ്ണൂരിലെ പ്രാദേശിക നേതാക്കളായിരുന്നു ഇതിനു പിന്നില്‍, അന്ന് ഇതിനെ ശക്തമായി എതിര്‍ത്ത് പിണറായി വിജയൻ രംഗത്തെത്തുകയും വ്യക്തി ആരാധന പാടില്ലെന്ന് അണികള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തിരുന്നു. അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ വ്യക്തി സ്തുതി ഗാനത്തെ എതിർത്തുവെങ്കിലും പിന്നീട് മുഖ്യമന്ത്രി ആയപ്പോൾ അദ്ദേഹവും അതൊക്കെ ആസ്വദിക്കുകയായിരുന്നു. പിണറായി വിജയനെ സിംഹം പോലെ ഗർജിക്കുന്ന നായകനായും ഒറ്റയ്ക്ക് വളർന്ന മരമായും വാഴ്ത്തി ചിത്രീകരിച്ച ഗാനം ‘കേരള സിഎം’ എന്ന തലക്കെട്ടോടെ ഒരു ഗാനം പോലും യൂട്യൂബിൽ റിലീസ് ചെയ്യപ്പെടുകയുണ്ടായി.
നാടിന്റെ അജയ്യനായും മലയാള നാടിന്റെ മന്നനായും പിണറായിയെ സ്തുതിക്കുന്ന പാട്ടിന്റെ വരികൾ കൗതുകവും ചിരിയുമുണര്‍ത്തുന്നതുമാണ്. ഇടതുപക്ഷ പക്ഷികളിലെ ഫീനിക്സ് എന്നാണ് ഗാനത്തിൽ പിണറായിക്കുണ്ടായിരുന്ന മറ്റൊരു വിശേഷണം. വെള്ളപ്പൊക്കവും കോവിഡുമുള്‍പ്പടെയുള്ള പ്രതിസന്ധികള്‍ പിണറായിയുടെ മുന്നേറ്റത്തിന് തുണയായതായും വീഡിയോയില്‍ പറയുന്നു. എട്ട് മിനുറ്റോളം ദൈർഘ്യമുള്ള വീഡിയോയില്‍ പിണറായിയുടെ ചെറുപ്പകാലം മുതല്‍ കൗമാരകാലം വരെ ആവിഷ്കരിക്കുന്നതാണ്. യൂട്യൂബിൽ വീഡിയോയ്ക്ക് വലിയ വിമർശനവും പരിഹാസവുമാണ് അന്ന് ഉയർന്നത്. ഇതിന് മുന്‍പ് 2022-ല്‍ തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള മെഗാതിരുവാതിര വലിയ വിമർശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയായിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെയായിരുന്നു 500 പേർ പങ്കെടുത്ത തിരുവാതിര.
ഈ പാട്ടിലെ കാരണഭൂതൻ എന്ന പരാമർശം പിന്നീട് രാഷ്ട്രീയ പ്രയോഗമായി തന്നെ രാഷ്ട്രീയ പ്രതിയോഗികൾ ഏറ്റെടുത്തിരുന്നു. അന്നത്തെ വരികൾ വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയതിനൊപ്പം പാർട്ടിക്കുള്ളില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു. എന്നാൽ പാട്ടിനും നൃത്താവിഷ്കാരണത്തിനും പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയിലേക്ക് സിപിഎം കടന്നില്ല. അന്ന് പി ജയരാജൻ അനുകൂലികൾ ഉൾപ്പെടെ മുഖ്യമന്ത്രിക്കെതിരെ വിമത സ്വരം ഉയർത്തിയെങ്കിലും അതൊന്നും ഗുണം കണ്ടില്ല. സിപിഎം നേതൃത്വത്തിൽ ആരുംതന്നെ മുഖ്യനെതിരെ രംഗത്ത് വരുവാൻ ധൈര്യം കാട്ടിയില്ലെന്ന് വേണം പറയുവാൻ. എന്നാൽ മുൻപ് വി എസ് അച്യുതാനന്ദന് ലഭിച്ചിരുന്ന ആരാധന, വ്യക്തിപൂജയെന്ന തരത്തിൽ പിണറായി വിഭാഗം പാർട്ടിക്കുള്ളിൽ ആയുധമാക്കിയിരുന്നു. കഴിഞ്ഞമാസം സിപിഎമ്മിന്റെ സർവീസ് സംഘടനയുടെ പരിപാടിയിലും പിണറായിയെ സ്തുതിച്ചുകൊണ്ട് ഗാനാലാപനം നടന്നിരുന്നു. സിപിഎം അനുകൂല കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന് സുവര്‍ണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു മുഖ്യമന്ത്രിക്ക് സ്തുതി പാടുന്ന സംഘഗാനം തയ്യാറാക്കിയത്.
സുവര്‍ണ ജൂബിലിക്ക് മുമ്പേ പുറത്തായ ഗാനത്തെ കുറിച്ച് വലിയ ചര്‍ച്ചകളും നടന്നു. ഒടുവിൽ സംഭവം വിവാദമായി മാറിയപ്പോൾ മുഖ്യൻ വേദിയിൽ എത്തുന്നതിനു മുമ്പ് തന്നെ ഗാനം ആലപിച്ച് സംഘാടകർ വിട വാങ്ങുകയായിരുന്നു. ഇതെല്ലാം നടക്കുന്നത് വ്യക്തി ആരാധനയെ നാഴികയ്ക്ക് നാല്പതുവട്ടം എതിർത്തിട്ടുള്ള സിപിഎമ്മിൽ ആണെന്നത് ആരും വിസ്മരിക്കരുത്. സിപിഎമ്മിന് വന്ന മാറ്റം ഒന്ന് ആലോചിച്ചു നോക്കണേ കൂട്ടരേ. കണ്ണൂർ രാഷ്ട്രീയത്തിൽ പി ജയരാജൻ എന്ന നേതാവ് ഇവിടെയൊന്നും എത്തേണ്ട ആളല്ലെന്ന ബോധ്യം കേരള രാഷ്ട്രീയത്തെ ആഴത്തിൽ അറിയുന്ന ആർക്കും അറിയാവുന്ന യാഥാർത്ഥ്യമാണ്. പിന്നെ എന്തുകൊണ്ട് ഒതുക്കപ്പെട്ടു എന്ന് ചോദിച്ചാൽ അദ്ദേഹത്തിന് പാർട്ടി പ്രവർത്തകർക്കിടയിൽ ഉള്ള സ്വീകാര്യത തന്നെയാണ് കാരണമെന്ന് പറയാം. ജയരാജനെ പുകഴ്ത്തി കൊണ്ടുള്ള സാമൂഹ്യ മാധ്യമപ്രചാരണങ്ങൾ ആരംഭിച്ചത് ഏതെങ്കിലും കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ കൊണ്ട് ആയിരുന്നില്ല. മറിച്ച് അദ്ദേഹം എല്ലാവർക്കും സ്വീകാര്യനായിരുന്നു.
കണ്ണൂർ രാഷ്ട്രീയത്തിൽ അതിക്രമങ്ങളെ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ള അനവധി ചെറുപ്പക്കാർക്ക് പ്രതീക്ഷയും പ്രത്യാശയുമായ നേതാവായിരുന്നു പി ജയരാജൻ. അതുകൊണ്ടുതന്നെയാണ് ആകാശ് തില്ലങ്കേരിയും അർജുൻ ആയങ്കിയും എല്ലാം ആവോളം ജയരാജൻ ഭക്തി കാട്ടിയിട്ടുള്ളത്. എന്നാൽ കാലങ്ങൾ കടന്നു പോയപ്പോൾ ജയരാജനെ ഹൈജാക്ക് ചെയ്തു പിണറായി വിജയനും കൂട്ടരും മുന്നോട്ടു വന്നപ്പോൾ ചുറ്റും ഉയർന്നുവരുന്ന ജയരാജൻ സ്തുതികൾ അദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. ജയരാജനെ പുകഴ്ത്തിയുള്ള സാമൂഹ്യ മാധ്യമ ഇടപെടലുകൾ പിണറായിയിൽ വലിയ അസ്വസ്ഥതകൾ ഉണ്ടാക്കിയിരുന്നു. ഇതോടെയായിരുന്നു ജയരാജന്റെ ചിറകുകൾ വെട്ടി നിലംപരിശാക്കാനുള്ള നീക്കങ്ങൾ പിണറായിയും കൂട്ടരും ആരംഭിക്കുന്നത്. അത് ഏറെക്കുറെ ഫലം കണ്ടെന്നു വേണം പറയുവാൻ. അതേസമയം, ഇപ്പോൾ വീണ്ടും കണ്ണൂർ രാഷ്ട്രീയത്തിൽ കൂണ് പോലെ മുളച്ചു വരുന്ന ജയരാജൻ ആരാധനയിൽ അസ്വസ്ഥതകളും അതിലേറെ ഭയവും പിണറായിക്ക് ഉണ്ട് എന്നതാണ് യാഥാർത്ഥ്യം.