തിരുവനന്തപുരം: ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന മേധാവിയായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ പി വിജയനെ നിയമിച്ച് ഉത്തരവിറക്കി സര്‍ക്കാര്‍. 1999 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ വിജയന് തീവ്രവാദ വിരുദ്ധ സേനയുടെ തലവനായിരുന്നു. നിലവില്‍ കേരള പൊലീസ് അക്കാദമി ഡയറക്ടറുടെ ചുമതല നിര്‍വഹിച്ചു വരികയായിരുന്നു.
ക്രമസമാധാനചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം നിയമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പി വിജയന് ഇന്റലിജന്‍സ് വിഭാഗം മേധാവിയാകുന്നത്. എ അക്ബറിനെ അക്കാദമി ഡയറക്ടറായും നിയമിച്ചു.
കോഴിക്കോട്ട് ട്രെയിനില്‍ തീവെച്ച സംഭവത്തില്‍ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന കാരണത്താല്‍ ക്രമസമാധാനചുമതലയുണ്ടായിരുന്ന മുന്‍ എഡിജിപി എം ആര് അജിത് കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പി വിജയനെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു.
പിന്നീട് സര്‍വീസില്‍ തിരിച്ചെത്തിയ അദ്ദേഹം പൊലീസ് അക്കാദമി ഡയറക്ടറായി ചുമതലയേല്‍ക്കുകയായിരുന്നു. ബുക്ക് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ചുമതലയും സ്റ്റുഡന്‍ഡ് കേഡറ്റ് ചുമതലയും വഹിച്ചിരുന്നു.