ചെന്നൈ: തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറിന് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ച വാര്‍ത്ത കോളിവുഡ് വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. തനിക്ക് അവാര്‍ഡ് ലഭിച്ചതില്‍ നന്ദി അറിയിച്ച് അജിത്ത് കുമാര്‍ വൈകാരികമായ ഒരു കുറിപ്പും പങ്കുവെച്ചിരുന്നു. പിന്നാലെ സിനിമ താരങ്ങളും ആരാധകരും തമിഴ്നാട്ടിലെ ഭരണകക്ഷി ഡിഎംകെയും, പ്രതിപക്ഷ കക്ഷി എഡിഎംകെയും, ബി.ജെ.പിയും അജിത്തിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ നടനും തമിഴ് വെട്രി കഴകം നേതാവുമായ വിജയ് അജിത്തിന് അഭിനന്ദനം അറിയിച്ച് രംഗത്ത് വരാത്തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. വിജയ് അജിത്തിന്റെ അടുത്തിടെ ഉണ്ടായ ദുബായ് കാര്‍ റേസ് വിജയത്തെയും ആശംസിച്ചില്ലെന്നാണ് ഫാന്‍സ് പറയുന്നത്. എന്നാൽ സര്‍ക്കാര്‍ നല്കുന്ന ബഹുമതികളുടെ പേരില്‍ ആരെയും അഭിനന്ദിക്കുന്നത് വിജയ്യുടെ രീതിയല്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.