പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തുമ്പോള്‍ വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണം ഇന്ന് വൈകീട്ട് ആറോടെയാണ് അവസാനിക്കുക. മൂന്ന് മുന്നണികളുടേയും റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കും. റോഡ്ഷോകള്‍ പാലക്കാട് സ്റ്റേഡിയം പരിസരത്ത് സമാപിക്കും.
ഒലവക്കോട് നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ആരംഭിക്കുന്നത്. മേലാമുറി ജംഗ്ഷനില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെ റോഡ് ഷോ ആരംഭിക്കും. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് പി സരിന്റെ റോഡ് ഷോ ആരംഭിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് ഏറ്റവും വലിയ ശ്രദ്ധ കേന്ദ്രമായ മണ്ഡലമാണ് പാലക്കാട്. അത്രയധികം നാടകീയ സംഭവങ്ങള്‍ക്കാണ് പാലക്കാട് സാക്ഷിയായത്. ഇരട്ട വോട്ട്, കള്ളപ്പണ ആരോപണം തുടങ്ങി നിരവധി വിഷയങ്ങളാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇക്കുറി ഉയര്‍ന്നത്.
പാലക്കാടിന് പുറമെ കൊട്ടക്കലാശത്തിന്റെ ചൂടിലാണ് മഹാരാഷ്ട്രയും ജാര്‍ഖണ്ഡും. ഒറ്റഘട്ടത്തിലായി നവംബര്‍ 20ന് 288 സീറ്റുകളിലേക്കാണ് മഹാരാഷ്ട്ര വിധി തേടുന്നത്. 81 സീറ്റുകളിലേക്കാണ് ജാര്‍ഖണ്ഡ് വിധി തേടുന്നത്. രണ്ട് ഘട്ടങ്ങളായാണ് ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ്.