മുബൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ വിജയികള്‍ക്ക് നല്കുന്ന ട്രോഫിയായ പട്ടൗഡി ട്രോഫി പിന്‍വലിക്കാന്‍ ബിസിസിഐയും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡും (ECB) ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകൾ. സംഭവത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഇംഗ്ലണ്ടും തമ്മില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന്റെ 75ആം വാര്‍ഷികത്തോട് അനുബന്ധിച്ച് 2007ലാണ് പട്ടൗഡി ട്രോഫി ആദ്യമായി അവതരിപ്പിച്ചത്. ഇതിഹാസ ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന് പട്ടൗഡിയുടെയും പിതാവ് ഇഫ്തിഖര്‍ അലി ഖാന് പട്ടൗഡിയുടെയും സ്മരണാര്‍ത്ഥമാണ് ട്രോഫിക്ക് ഈ പേര് നല്‍കിയത്. ജോസെലിന് ബര്‍ട്ടണ്‍ രൂപകല്‍പ്പന ചെയ്ത ട്രോഫി ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കുടുംബങ്ങളിലൊന്നായ പട്ടൗഡി കുടുംബത്തോടുള്ള ആദരമാണ്.
ബോളിവുഡ് താരവും പട്ടൗഡി കുടുംബാംഗവുമായ സെയ്ഫ് അലി ഖാന് ഇസിബി ഔദ്യോഗികമായി കത്ത് അയച്ചതായാണ് വിവരം.
എന്നാൽ ബിസിസിഐയില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
ഈ വര്‍ഷം ജൂണില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ജേതാക്കള്‍ക്ക് പട്ടൗഡി ട്രോഫി നല്‍കില്ലെന്നും പകരം ഈയിടെ ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇതിഹാസങ്ങളുടെ പേരിലായിരിക്കും പുതിയ ട്രോഫിയെന്നും ക്രിക്ബസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു