കണ്ണൂര്‍: എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും. എന്നാല്‍ ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേര്‍ന്നേക്കും. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കപ്പെട്ടാല്‍ പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടിയേക്കും.
പി.പി ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേരുക. പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും ലഭ്യമായ ശേഷമാണ് ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കുക.
മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതി തള്ളിയതിന്റെ പിന്നാലെ ദിവ്യ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ദിവ്യയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യ കോടതിയില്‍ ഉന്നയിച്ച പ്രധാന വാദം. സ്ത്രീയെന്ന പരിഗണന നല്കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ഇതിനായി ഏതു ഉപാധികളും അംഗീകരിക്കാം എന്നും ദിവ്യ കോടതിയില്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ കോടതി ഈ വാദം തളളുകയായിരുന്നു.