തിരുവനന്തപുരം: പിവി അന്‍വറിന്റെ ആരോപണങ്ങളില്‍ വെട്ടിലായി ആഭ്യന്തരവകുപ്പും പാര്‍ട്ടിയും. സിപിഎം മുന്നറിയിപ്പുകള്‍ പരസ്യമായി തള്ളിക്കൊണ്ടുള്ള പിവി അന്‍വറിന്റെ ഗുരുതര ആരോപണങ്ങളിലാണ് സിപിഎം വെട്ടിലായിരിക്കുന്നത്. ആഭ്യന്തരവകുപ്പ് പൂര്‍ണ്ണ പരാജയമാണെന്നാണ് അജിത് കുമാറിനും പി ശശിക്കുമെതിരായ ആരോപണങ്ങളിലൂടെ ഭരണകക്ഷി എംഎല്‍എ വിമര്‍ശിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകള്‍ വരെ ചോര്‍ത്തി എന്ന അന്‍വറിന്റെ തുറന്ന് പറച്ചില് ഇടത് കേന്ദ്രങ്ങളില്‍ ഉണ്ടാക്കുന്നത് വലിയ അമ്പരപ്പാണ്.
ആരോപണ ശരങ്ങള്‍ മുഴുവന്‍ ക്രമസമാധാന ചുമതലയുള്ള എഡിപജിപി എംആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിയാണ്. എസ് പി ഓഫീസിന് മുന്നിലെ സമരത്തിലും പുറത്തുവന്ന വിവാദ ഓഡിയോയിലും അന്‍വറിനോട് കടുത്ത അതൃപ്തിയിലാണ് സിപിഎം. എന്നാല്‍ ഒതുങ്ങാന്‍ ഇല്ലെന്ന് പറഞ്ഞുള്ള അന്‍വറിന് വെല്ലുവിളി സിപിഎമ്മിനും സര്‍ക്കാറിനും ഉണ്ടാക്കുന്നത് അത്യസാധാരണ പ്രതിസന്ധിയാണ്.
അജിത് കുമാറിനെതിരെ അന്‍വറിന്റെ പ്രധാന ആരോപണം ഫോണ്‍ ചോര്‍ത്തലാണ്. പക്ഷേ ആരോപണം ഉന്നയിക്കാന്‍ അന്‍വറും സമ്മതിക്കുന്നത് താനും ഫോണുകള്‍ ചോര്‍ത്തി എന്ന്. ഉന്നത ഉദ്യോഗസ്ഥരുടേത് അടക്കമുള്ള ഫോണുകള്‍ എങ്ങിനെ ഒരു എംഎല്‍എക്ക് ചോര്‍ത്താനാകുമെന്നതാണ് പ്രധാന ചോദ്യം. ഇത്രയേറെ ആരോപണം ഉന്നയിക്കാന്‍ അന്‍വറിന് പിന്നില്‍ പാര്‍ട്ടിയിലെ തന്നെ മറ്റാരെങ്കിലുമുണ്ടോ എന്ന സംശയങ്ങളും ബാക്കിയാണ്.