ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ ഗ്രാമ, നഗര മേഖലകളില്‍ ദാരിദ്ര്യ നിരക്കില്‍ ഗണ്യമായ കുറവുണ്ടായതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നു. ഗ്രാമീണ ദാരിദ്ര്യ നിരക്ക് 7.2% നിന്ന് 4.86% ആയി കുറഞ്ഞപ്പോള്‍, നഗര ദാരിദ്ര്യ നിരക്ക് 4.09% ആയി. 2023 ല്‍ ഇത് 4.6% ആയിരുന്നു. മൊത്തത്തില്‍, ഇന്ത്യയിലെ ദാരിദ്ര്യ നിരക്ക് 4% മുതല്‍ 4.5% വരെ ആയി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടിന്റെ സൂചന.
ഗ്രാമ, നഗര ഉപഭോഗ വ്യത്യാസവും (എംപിസിഇ) കുറഞ്ഞിട്ടുണ്ട്. 2009-10 ലെ 88.2% എന്ന ഉപഭോഗ വ്യത്യാസം ഇപ്പോള്‍ 69.7% ആയി കുറഞ്ഞു. സര്‍ക്കാര്‍ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫറുകള്‍, മെച്ചപ്പെട്ട ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ തുടങ്ങിയവയാണ് ഈ പുരോഗതിക്ക് കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ബീഹാര്‍, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഗ്രാമീണ-നഗര ഉപഭോഗ വ്യത്യാസം കുറക്കുന്നതില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിരിക്കുന്നു.