പകല്‍ കോണ്‍ഗ്രസും രാത്രിയില്‍ ആര്.എസ്.എസുമായി നടക്കുന്നവരെ പാര്‍ട്ടിയില്‍ വേണ്ടെന്ന് തുറന്നടിച്ചത് മുൻ മുഖ്യമന്ത്രിയും കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ തലതൊട്ടപ്പനുമായ സാക്ഷാൽ എ കെ ആന്റണി ആയിരുന്നു. അത് പാർട്ടിക്കുള്ളിൽ ഉണ്ടാക്കിയ ചർച്ചകൾ ചെറുതൊന്നുമായിരുന്നില്ല. കോണ്‍ഗ്രസിനടിയിലെ മണ്ണ് ചോര്‍ന്ന് അണികള്‍ ബി.ജെ.പിയിലേക്ക് പോവുകയാണെന്നുകൂടി ആന്റണി അന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിനും അതിലെ മുഖ്യ ഘടകമായ കോണ്‍ഗ്രസിനും നേരിട്ട വന്‍ തിരിച്ചടിക്ക് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മൂന്നാം ശക്തിയായി ഉയര്‍ന്നുവന്നതാണെന്ന വസ്തുത നിഷേധിക്കാനോ ചെറുതായിക്കാണാനോ യാഥാര്‍ഥ്യബോധമുള്ള ആര്‍ക്കും കഴിയുന്നതല്ല. കോണ്‍ഗ്രസുകാരോ സഹയാത്രികരോ ആയ സവര്‍ണജാതിക്കാരില്‍ വലിയൊരുവിഭാഗം തീവ്ര ഹിന്ദുത്വ ചേരിയിലേക്ക് ചേക്കേറിയിട്ടുണ്ടെന്നത് വാസ്തവമാണ്.
ദേശീയതലത്തില്‍ 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രകടമായ പ്രതിഭാസത്തിന്റെ പ്രതിഫലനം തന്നെയാണ് പിന്നീട് സംസ്ഥാനത്തും ദൃശ്യമായത്. ഇവിടെ ഇടതുപക്ഷത്തിന്റെ ഒപ്പം നിന്നിരുന്ന പിന്നോക്ക ഹിന്ദുക്കളില്‍ ഒരുവിഭാഗത്തെയും ആകര്‍ഷിക്കാന്‍ തീവ്രവലതുപക്ഷത്തിന് സാധിച്ചിട്ടുണ്ടെന്നുകൂടി ഇതോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനമായി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് രംഗപ്രവേശനം ചെയ്ത മുതല്‍തന്നെ ഹിന്ദുത്വവാദികളും മതേതരത്വ പ്രതിബദ്ധത പുലര്‍ത്തിയവരും അതിന്റെ നേതൃത്വത്തിലുണ്ടായിരുന്നുവെന്നത് ചരിത്രമാണ്. പില്ക്കാലത്ത് ഹിന്ദു മഹാസഭയും ആര്‍എസ്എസും സജീവമായപ്പോള്‍ അവയോട് അനുഭാവമുള്ളവരും ദേശീയ പ്രസ്ഥാനത്തിലില്ലാതിരുന്നില്ല. ദ്വിരാഷ്ട്രവാദം ശക്തിയാര്‍ജിക്കുകയും രാജ്യം രണ്ടായി വിഭജിക്കപ്പെടുകയും ചെയ്തശേഷം സ്വാതന്ത്ര്യാനന്തര ഇന്ത്യ ഹിന്ദുരാഷ്ട്രമാവണമെന്ന് താല്പര്യപ്പെട്ടവര് ഹിന്ദുത്വവാദികള്‍ മാത്രമായിരുന്നില്ലെന്നും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തലപ്പത്തുള്ള ചിലരും അതാഗ്രഹിച്ചിരുന്നുവെന്നതും പച്ചയായ സത്യമാണ്.
ശതകോടികള്‍ ചെലവിട്ട് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ ഭായി പട്ടേലിന്റെ പടുകൂറ്റന്‍ പ്രതിമ സ്ഥാപിച്ചതിൽ ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ശഠിച്ചതിന് പിന്നിലെ ചേതോവികാരവും നിഗൂഢമല്ല. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ വിട്ടുവീഴ്ചയില്ലാത്ത മതേതരത്വ പ്രതിബദ്ധതയും ഇന്ത്യന്‍ ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവവുമാണ് രാജ്യത്തെയും കോണ്‍ഗ്രസിനെയും നാളിതുവരെ മതേതര പാതയില്‍ നിലനിര്‍ത്തിയത്. എന്നാൽ, നെഹ്റുവിന്റെ പിന്‍ഗാമികള്‍ ദേശീയതയുടെ പേരില്‍ ഹിന്ദുത്വത്തോട് സന്ധിചെയ്യാന്‍ മിനക്കെട്ടതിന്റെ സ്വാഭാവിക പരിണതിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന അജണ്ടയുമായി മുന്നിട്ടിറങ്ങാന്‍ തീവ്രഹിന്ദുത്വ ശക്തികളെ പ്രാപ്തരാക്കിയതെന്ന് തിരിച്ചറിയേണ്ട സമയം വൈകിയിരിക്കുന്നു. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ സംസ്കാരങ്ങളുടെ സംഗമഭൂമിയായ ഇന്ത്യൻ മഹാരാജ്യത്തെ ബഹുസ്വരതയുടെ അടയാളവും മാതൃകയുമായി കാണാന്‍ ജവഹര്‍ലാലിനും സമാനമനസ്കര്‍ക്കും സാധിച്ചിരുന്നു.
തീവ്രഹിന്ദുത്വ ശക്തികളുടെ മിഥ്യാ പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കാനോ, ചരിത്രത്തിലും വിദ്യാഭ്യാസത്തിലും സാംസ്കാരിക സ്ഥാപനങ്ങളിലും അവര്‍ ചെലുത്തുന്ന തെറ്റായ സ്വാധീനങ്ങളെ പ്രതിരോധിക്കാനോ കോണ്‍ഗ്രസിന്റെ പില്ക്കാല നേതാക്കള്‍ക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല അവരില്‍ പലരും ‘രാത്രി ആര്‍എസ്എസുകാരായി’ നടക്കുന്നവരും ആയിരുന്നുവെന്നത് യാഥാർത്ഥ്യമാണ്. മാറിയ സാഹചര്യത്തില്‍ രാത്രിയും പകലും സംഘപരിവാറിന്റെ കൂടെ ശയിക്കുകയും നടക്കുകയുമാവാമെന്ന് അത്തരക്കാര്‍ കരുതുന്നുവെങ്കില്‍ അത് സ്വാഭാവികമാണ്. കോൺഗ്രസ് മാത്രമല്ല സംഘപരിവാർ രാഷ്ട്രീയത്തിന് പിന്നാലെ പോയിട്ടുള്ളത്. സംസ്ഥാനത്തെ സിപിഎം നേതൃത്വവും ആർഎസ്എസ് താൽപര്യങ്ങളെ പല ഘട്ടങ്ങളിലും സംരക്ഷിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഭാഗമായ ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉയർന്ന ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് നമ്മുടെ സ്വന്തം കേരളത്തിലാണെന്നുള്ള കാര്യം വിസ്മരിക്കരുത്.
ശബരിമല വിഷയം ആളിക്കത്തുന്ന സമയത്ത് പോലീസിന്റെ കോളാമ്പിയിൽ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് ഏതെങ്കിലും സിപിഎം നേതാവ് ആയിരുന്നില്ല, മറിച്ച് സംഘപരിവാർ നേതാവായിരുന്ന വത്സൻ തില്ലങ്കേരി ആയിരുന്നു. പോലീസ് സേനയ്ക്കുള്ളിൽ ആർഎസ്എസുകാരുണ്ടെന്നു തുറന്നടിച്ചത് സർക്കാരിന്റെ കൂടി ഭാഗമായ സിപിഐയുടെ മുതിർന്ന നേതാവായിരുന്ന ശ്രീമതി ആനിരാജയായിരുന്നു. പിന്നെയും എത്രയോ തവണ ആർഎസ്എസിനോടുള്ള സമീപനത്തിന്റെ പേരിൽ സിപിഎമ്മും സർക്കാരും പഴികേട്ടു. കേന്ദ്രസർക്കാരിനോടും കേന്ദ്രത്തിലെ ബിജെപിയോടും പലപ്പോഴും വല്ലാത്ത വിധേയത്വം സിപിഎം കാട്ടിയിട്ടുണ്ട്. ഒരുപക്ഷേ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ കണ്ടിട്ടാകും ഇവിടെ ഇത്തരമൊരു അടവുനയം സിപിഎം സ്വീകരിക്കുന്നത്. ആശയവും പ്രത്യയശാസ്ത്രവും ഒക്കെ അവിടെ ഇരിക്കട്ടെ തൽക്കാലം അധികാരം മാത്രം മതി എന്ന ലൈനാണ് സിപിഎമ്മിന്. എത്രയൊക്കെ പറഞ്ഞാലും സിപിഎം ദേശീയ രാഷ്ട്രീയത്തിൽ അത്രകണ്ട് പ്രസക്തിയുള്ള പാർട്ടി ഒന്നുമല്ല ഇന്ന്. എന്നാൽ കോൺഗ്രസിനെ സംബന്ധിച്ച് അങ്ങനെയല്ല. രാജ്യത്ത് തിരിച്ചുവരുവാൻ കഴിയുന്ന കരുത്ത് കോൺഗ്രസിന് ഇനിയും കൈമോശം വന്നിട്ടില്ല. ഫാസിസത്തിനും ഉന്മാദ ദേശീയതക്കുമെതിരെ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിയേണ്ടതുണ്ട്. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വംകൊണ്ട് നേരിടുകയെന്ന ചഞ്ചലവും ഭീരുത്വപരവുമായ സമീപനം പാര്‍ട്ടി കൈയൊഴിയണം. എങ്കില്‍, എങ്കില്‍മാത്രം പാര്‍ട്ടിയില്‍നിന്നകന്ന മതേതരവാദികളും മത ന്യൂനപക്ഷങ്ങളും കോണ്‍ഗ്രസില്‍ ഒരിക്കല്‍കൂടി പ്രതീക്ഷകളര്പ്പിച്ചേക്കാം.