ന്യൂഡല്‍ഹി: വഖഫ് ബില്ലിലൂടെ മുസ്ലീങ്ങളെ ലക്ഷ്യമിട്ടവർ ക്രിസ്ത്യന്‍ വിഭാഗത്തെ ലക്ഷ്യമിടുന്നുവെന്ന് രാഹുൽ ഗാന്ധി. വഖഫിന് പിന്നാലെ ആര്‍എസ്എസിന്റെ അടുത്ത ലക്ഷ്യം കത്തോലിക്ക സഭാ ഭൂമിയിലേക്കാനെന്ന ദി ടെലഗ്രാഫ് ലേഖനം പങ്കുവെച്ചുകൊണ്ട് എക്സിലാണ് രാഹുല്‍ ഗാന്ധി ആര്‍എസ്എസിനെ വിമർശിച്ചത്.
വഖഫ് ബില്‍ ഇപ്പോള്‍ മുസ്ലീങ്ങളെയാണ് ആക്രമിക്കുന്നതെന്നും,എന്നാൽ ഭാവിയില്‍ അത് മറ്റ് സമുദായങ്ങളെയും ലക്ഷ്യം വയ്ക്കുമെന്നും താൻ പറഞ്ഞിരുന്നെന്നും എന്നാല്‍ ആര്‍എസ്എസ് ക്രിസ്ത്യാനികളിലേക്ക് പെട്ടന്നുതന്നെ ശ്രദ്ധ തിരിച്ചുവെന്നും അത്തരം ആക്രമണങ്ങളില്‍ നിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണ്. അതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കൂട്ടായ കടമയാണെന്നും രാഹുല്‍ തന്റെ പോസ്റ്റില്‍ പറഞ്ഞു.
‘ഇന്ത്യയില്‍ ആര്‍ക്കാണ് കൂടുതല്‍ ഭൂമിയുള്ളത്? കത്തോലിക്ക സഭ vs വഖഫ് ബോര്‍ഡ് സംവാദം’ എന്ന തലക്കെട്ടില്‍ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ വെബ് പോര്‍ട്ടലില്‍ വന്ന ലേഖനത്തെ കുറിച്ചുള്ളതാണ് ടെലഗ്രാഫ് ലേഖനം. നരേന്ദ്ര മോദിയുടെ ശ്രദ്ധ കത്തോലിക്ക സഭയുടെ ഭൂമിയിലേക്ക് തിരിക്കാന്‍ ശ്രമിക്കുന്നതാണ് ലേഖനം. എന്നാൽ വിവാദമായതോടെ ഈ ലേഖനം ഓര്‍ഗനൈസര്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തു.