സ്കൂള്‍ കലോത്സവത്തിന്റെ മാതൃകയില്‍ സ്കൂള്‍ ഒളിമ്പിക്സ് എന്നപേരില്‍ സംസ്ഥാന കായികമേള നടത്താനൊരുങ്ങി വിദ്യാഭ്യാസവകുപ്പ്. നവംബര്‍ നാലുമുതല്‍ 11 വരെയാണ് സ്കൂള്‍ ഒളിമ്പിക്സ് കൊച്ചിയില്‍ നടക്കുന്നത്. കലൂര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനച്ചടങ്ങുകള്‍ ഒളിമ്പിക്സ് മാതൃകയില്‍ വിപുലമായ കലാപരിപാടികള്‍ സംഘടിപ്പിച്ച് ആഘോഷമാക്കും. കൊച്ചിയിലെ 19 വേദികളിലായാണ് സ്കൂള്‍ ഒളിമ്പിക്സ് സംഘടിപ്പിക്കുന്നത്.
രാജ്യത്ത് തന്നെ ആദ്യമായാണ് സ്കൂള്‍ ഒളിമ്പിക്സ് എന്ന ആശയം നടപ്പാക്കുന്നത്.ഇത്രയും നാള് അത്ലറ്റിക്സ് മാത്രമാണ് സ്കൂള്‍ കായികമേള എന്നറിയപ്പെട്ടിരുന്നത്. ഇനി ഗെയിംസ് ഉള്‍പ്പെടെ 39 ഇനങ്ങളുടെ ചാമ്പ്യന്‍ഷിപ്പ് ഒരുമിച്ച് നടത്തും. ഭിന്നശേഷിക്കാര്‍ക്കുള്ള ഗെയിംസും (ഇന്‍ക്ലൂസീവ് സ്പോര്‍ട്സ്) ഗള്‍ഫ് രാജ്യങ്ങളിലെ കേരള സ്കൂളുകളിലെ കുട്ടികള്‍ക്കുള്ള ഗെയിംസും ചരിത്രത്തിലാദ്യമായി ഇതോടൊപ്പം നടത്തും.
വിളംബരഘോഷയാത്ര, മാര്‍ച്ച് പാസ്റ്റ്, രാജ്യാന്തര കായിക താരങ്ങളും കായികപ്രതിഭകളും സംഗമിക്കുന്ന ദീപശിഖാ പ്രയാണം, ഗുഡ് വില്‍ അംബാസഡര്‍, സ്പോര്‍ട്സ് കള്‍ച്ചറല്‍ ഫെസ്റ്റ് തീംസോങ്ങ്, ബ്രാന്‍ഡ് അംബാസഡര്‍ എന്നിവയുള്‍പ്പെടെയാണ് പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂള്‍ ഒളിമ്പിക്സ് വിഭാവനം ചെയ്തിട്ടുള്ളത്.