വിവിധ സിഎസ്ആർ ഫണ്ടുകൾ ഉപയോഗപ്പെടുത്തി പകുതി വിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പും നൽകാമെന്ന വ്യാജേനെ തട്ടിപ്പ് നടത്തിയ കേസിൽ അനന്തുകൃഷ്ണൻ എന്നൊരാൾ പൊലീസിന്റെ പിടിയിലായിരുന്നു. 300 കോടി രൂപയിലേറെ തുകയാണ് തട്ടിപ്പിലൂടെ ഇയാൾ കൈലാക്കിയത്. ഇപ്പോഴിതാ അനന്തുകൃഷ്ണനും അപ്പുറത്തേക്ക് പല പ്രമുഖരിലേക്കും അന്വേഷണം വന്നെത്തുകയാണ്. സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവരിൽ പ്രധാനിയാണ് ബിജെപിയുടെ സംസ്ഥാന നേതാവായ എ എൻ രാധാകൃഷ്ണൻ. അനന്തുവിന്റെ കൊച്ചി ഹൈക്കോടതി ജങ്ഷനിലെ അശോക ഫ്ളാറ്റില്‍ ബി.ജെ.പി നേതാവ് എ എന്‍ രാധാകൃഷ്ണന് ഇടയ്ക്കിടെ ഇവിടെ വരാറുണ്ടായിരുന്നെന്ന് ജീവനക്കാര്‍ വെളിപ്പെടുത്തിയത് കൂടുതൽ കുരുക്കായി മാറിയിരിക്കുകയാണ്. സ്ത്രീകള്‍ക്ക് സ്കൂട്ടര്‍ വിതരണമെന്ന പേരില്‍ നടത്തിയ പരിപാടിയിലും രാധാകൃഷ്ണന്റെ സാന്നിധ്യമുണ്ടായിരുന്നു. ആ പരിപാടിക്ക് ഐക്കണായി തന്നെ നിലകൊണ്ടതും രാധാകൃഷ്ണൻ തന്നെയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങള്‍ അനന്തുകൃഷ്ണൻ തന്റെ തട്ടിപ്പിന്റെ പരസ്യത്തിനായി ഉപയോഗിച്ചു. അനന്തുകൃഷ്ണന് കോ-ഓര്‍ഡിനേറ്ററായ നാഷണല്‍ എന്‍ജിയോസ് കോണ്‍ഫെഡറേഷനും എ എന്‍ രാധാകൃഷ്ണന് ചെയര്‍മാനായ സൊസൈറ്റി ഫോര്‍ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷന്‍ (സൈന്‍) സംഘടനയും ചേര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇടക്കാലത്ത് എ എൻ രാധാകൃഷ്ണൻ ബിജെപിയുടെ വേദികളിൽ പ്രത്യക്ഷപ്പെടുന്നത് തന്നെ കുറവായിരുന്നു. ചുരുങ്ങിയത് 500 ഫ്ലക്സ് എങ്കിലും സ്കൂട്ടർ വിതരണത്തിന്റെ പേരിൽ രാധാകൃഷ്ണന്റെ ഫുൾ ഫിഗറോടെ നാടെങ്ങും സ്ഥാപിക്കുമായിരുന്നു. സ്കൂട്ടർ വിതരണം 50ലേറെ ഘട്ടങ്ങളായിരുന്നു രാധാകൃഷ്ണനും സംഘവും പൂർത്തീകരിച്ചത്. പ്രധാനമായും എറണാകുളം ജില്ലയുടെ പല പ്രദേശങ്ങളിലും ആണ് സ്കൂട്ടർ വിതരണവും സോളാർ പാനൽ സ്ഥാപിക്കലും വളം വിതരണവും ലാപ്ടോപ് വിതരണവും എല്ലാം നടത്തിയിരുന്നത്. സ്ത്രീകളാണ് തട്ടിപ്പില്‍ കുടുങ്ങിയവരിലേറേയും. 1,20,000 രൂപ വിലയുള്ള സ്കൂട്ടര്‍ 60,000 രൂപയ്ക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം. പ്രാദേശികതലത്തില്‍ വാര്‍ഡംഗത്തെയും മറ്റും സ്വാധീനിച്ച് സീഡ് സൊസൈറ്റി എന്നപേരില്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി പരമാവധി വിശ്വാസ്യത നേടിയെടുത്തായിരുന്നു തട്ടിപ്പ്. ആദ്യഘട്ടത്തില്‍ പണമടച്ച കുറച്ചുപേര്‍ക്ക് വാഹനം നല്കി. ഇത് വിശ്വാസ്യത നല്കി.
പിന്നീട് പണമടച്ച നൂറുകണക്കിന് യുവതികള്‍ക്ക് സ്കൂട്ടര്‍ ലഭിച്ചില്ല. അടച്ച പണവും നഷ്ടമായി. ഇതോടെയാണ് കൂടുതൽ പരാതി ഉയർന്നുവന്നത്. വിവിധ കമ്പനികളുടെ സിഎസ് ആര് ഫണ്ട് ലഭിക്കും എന്ന് വാഗ്ദാനം നല്‍കിയാണ് പ്രതി വലിയ തട്ടിപ്പ് നടത്തിയത്. കേസ് രെജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ പല കമ്പനികൾക്കും ഇക്കാര്യത്തെ പറ്റി അറിവേ ഇല്ലായിരുന്നു. അതേസമയം, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലം ലക്ഷ്യം വെച്ചുള്ള പ്രവർത്തനമായിരുന്നു എ എൻ രാധാകൃഷ്ണൻ നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ സ്കൂട്ടറുകളും ലാപ്ടോപ്പുകളും അധികമായി വിതരണം ചെയ്യുവാൻ ഉദ്ദേശിച്ചതും ഇതേ ഭാഗങ്ങളിൽ തന്നെയായിരുന്നു. ഇതിനായി എല്ലാ മേഖലകളിൽ നിന്നുമുള്ള കുറച്ചുപേരെ തന്നെ സംഘടനയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഫ്ലക്സ് ബോർഡുകളിൽ അടക്കം അവരുടെയും ചിത്രങ്ങൾ വയ്ക്കുവാനും രാധാകൃഷ്ണൻ ശ്രദ്ധിച്ചിരുന്നു. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ പ്രാദേശികമായി താൻ ഉയർത്തിക്കൊണ്ടു വരുന്നവരെ മത്സരിപ്പിക്കുവാനും വിജയിപ്പിക്കുവാനും അതുവഴി നിയമസഭാ തെരഞ്ഞെടുപ്പിൽ മാസ് എൻട്രി നടത്തുവാനുമായിരുന്നു രാധാകൃഷ്ണന്റെ മനസ്സിൽ ഉണ്ടായിരുന്നത്.
അപ്പോഴും അനന്തുകൃഷ്ണന് ഇതെല്ലാം തന്റെ ഭാവി തട്ടിപ്പുകളിലേക്കുള്ള ആളുകളെ വിശ്വസിപ്പിക്കുന്നതിന് വേണ്ടിയുള്ള കാട്ടിക്കൂട്ടലുകൾ മാത്രമായിരുന്നു. സ്വാഭാവികമായും സമൂഹത്തിൽ പത്തു പേർ അറിയുന്ന നേതാക്കൾക്കൊപ്പം വേദികൾ പങ്കിടുന്നതും അവിടെനിന്നും പകർത്തുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ഉപയോഗിച്ച് അയാൾ കേരളമാകെ തട്ടിപ്പ് വ്യാപിപ്പിക്കുകയായിരുന്നു. അനന്തുകൃഷ്ണനെ പൊലീസ് പൊക്കി ദിവസങ്ങൾ പിന്നിട്ടിട്ടും ബിജെപി നേതാവായ എ എൻ രാധാകൃഷ്ണൻ ഇതുവരെയും യാതൊന്നും പ്രതികരിച്ചിട്ടില്ല. ബിജെപിക്കുള്ളിൽ പി കെ കൃഷ്ണദാസ് വിഭാഗത്തിലെ പ്രധാനിയാണ് രാധാകൃഷ്ണൻ. സമീപകാലത്ത് ബിജെപിക്കുള്ളിൽ വിഭാഗീയത ശക്തമായിരുന്നു. ഈ വിഭാഗീയതയുടെ കാലത്ത് നിലവിലെ നേതൃത്വത്തിനെതിരെ എ എൻ രാധാകൃഷ്ണനും ശക്തമായി രംഗത്ത് ഉണ്ടായിരുന്നു. കെ സുരേന്ദ്രനെതിരായ മുന്നണി പുറപ്പാടിൽ രാധാകൃഷ്ണനും ഭാഗവാക്കായിരുന്നു. ബിജെപിയുടെ കോർ കമ്മിറ്റി യോഗത്തിൽ പോലും രാധാകൃഷ്ണൻ പങ്കെടുക്കാതെ വിട്ടു നിന്നിരുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ശേഷവും സുരേന്ദ്രനെതിരെ പലരും വാളെടുത്തപ്പോൾ രാധാകൃഷ്ണനും അവർക്കൊപ്പം നിലകൊണ്ടിരുന്നു. സുരേന്ദ്രൻ നേതൃത്വം നൽകുന്ന ബിജെപി തന്നെ സ്വാഭാവികമായും പരിഗണിക്കില്ലെന്ന ഉറപ്പ് ഏറെക്കുറെ രാധാകൃഷ്ണന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് സ്കൂട്ടർ വിതരണവും ലാപ്ടോപ്പ് വിതരണവുമായൊക്കെ കളം നിറയുവാൻ രാധാകൃഷ്ണൻ പരമാവധി സമയം കണ്ടെത്തിയത്. എന്നാൽ അപ്രതീക്ഷിതമായി അദ്ദേഹത്തിന് വലിയ തിരിച്ചടിയായി മാറുകയും ചെയ്തിരിക്കുകയാണ്. ബിജെപിക്ക് ഉള്ളിലെ രാധാകൃഷ്ണന് എതിരായ വിഭാഗത്തിന് ആകട്ടെ പ്രതീക്ഷിക്കാതെ ലഭിച്ച സുവർണ്ണ അവസരം കൂടിയാണ് ഈ തട്ടിപ്പുകൾ. അതായത് രാധാകൃഷ്ണൻ വെളുക്കാൻ തേച്ചത് ഇപ്പോൾ കൂടുതൽ പാണ്ടായിരിക്കുകയാണെന്ന് സാരം.