കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയോളം തലപ്പൊക്കമുള്ള ഒരു നേതാവും സമീപകാലത്ത് ഉണ്ടായിട്ടില്ല. ജനകീയനായ കേരളത്തിന്റെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് വിടപറഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോഴും ഇന്നും കോൺഗ്രസ് രാഷ്ട്രീയത്തെ അദ്ദേഹത്തിന്റെ ഓർമകൾ മുന്നോട്ടു നയിക്കുന്നുണ്ട്. തനിക്കുമേൽ പെട്ട എല്ലാ കപട ആരോപണങ്ങൾക്ക് മുൻപിലും രാഷ്ട്രീയ പ്രതിസന്ധികൾക്ക് മുമ്പിലും നിറഞ്ഞ പുഞ്ചിരിയോടെ, തെളിഞ്ഞ മനസ്സോടെ നിന്നിട്ടുള്ള ഉമ്മൻചാണ്ടി കേരള രാഷ്ട്രീയത്തിലെ തന്നെ അതികായനായിരുന്നു.
ഇന്നിന്റെ രാഷ്ട്രീയ മണ്ഡലത്തിൽ ഉമ്മൻചാണ്ടിയുടെ വഴിയെ നടക്കുന്ന ഒരാളാണ് ഷാഫി പറമ്പിൽ. നടപ്പിലും പ്രവർത്തനത്തിലും നിലപാടുകളിലും ഉമ്മൻചാണ്ടി തന്നെയാണ് ഷാഫി പറമ്പിൽ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് ഉമ്മൻചാണ്ടിയെ പോലെ ഷാഫി പറമ്പിലും കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. തന്റെ വിദ്യാർത്ഥി കാലഘട്ടത്തിൽ ഹൃദയത്തോട് ചേർന്ന പ്രസ്ഥാനത്തെ ജീവനായി കണ്ടുള്ള പ്രവർത്തനം അയാളെ എത്തിച്ചത് മികവാർന്ന പടവുകളിലേക്ക് ആയിരുന്നു.
പട്ടാമ്പി ഗവൺമെന്റ് കോളേജിൽ പഠിക്കുമ്പോൾ കെ.എസ്.യുവിൻ്റെ യൂണിറ്റ് കമ്മറ്റി അംഗമായതോടെയാണ് ഷാഫിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 2005ൽ കെഎസ്യു പാലക്കാട് ജില്ലാ സെക്രട്ടറിയായതോടെ രാഷ്ട്രീയത്തിൽ സജീവമായി. 2006ൽ പാലക്കാട് ജില്ലാ പ്രസിഡന്റും തുടർന്ന് 2009ൽ കെഎസ്യുവിന്റെ സംസ്ഥാന പ്രസിഡന്റും ആയി. കെഎസ്യു സംസ്ഥാന പ്രസിഡന്റ് ആയിരിക്കുമ്പോഴാണ് 2011 പാലക്കാട് മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുവാനുള്ള നിയോഗം ഷാഫിയെ തേടിയെത്തുന്നത്.
സിപിഎമ്മിന്റെ കോട്ടയിൽ വിദ്യാർത്ഥി നേതാവായ ഷാഫി മത്സരിക്കുമ്പോൾ എല്ലാവരും പരാജയം പ്രവചിച്ചിരുന്നു. പക്ഷേ അന്തിമവിജയം ഷാഫിക്ക് തന്നെയായിരുന്നു. 2011ൽ കന്നിയങ്കത്തിന് ഇറങ്ങുമ്പോൾ ഷാഫിക്ക് പ്രായം 28 ആയിരുന്നു. ആദ്യ പോരാട്ടത്തിൽ തന്നെ സിപിഎമ്മിന്റെ കെകെ ദിവാകരനെ തോല്പ്പിച്ചായിരുന്നു ഷാഫി നിയമസഭയിലെത്തിയത്. 2016ലും 2021ലും വിജയം ആവർത്തിച്ചു. ഈ രണ്ടുതവണയും മണ്ഡലത്തിൽ ഷാഫി രണ്ടാം സ്ഥാനത്തേക്ക് തള്ളിയത് ബിജെപിയുടെ ശോഭാ സുരേന്ദ്രനെയും ഇ ശ്രീധരനെയുമാണെന്ന പ്രത്യേകതയും ഉണ്ട്.
ആദ്യ വിജയത്തിനുശേഷം പാലക്കാട്ടുകാരുടെ പ്രിയപ്പെട്ട എംഎൽഎയായി മാറുവാൻ ഷാഫിക്ക് കഴിഞ്ഞിരുന്നു. പാലക്കാട്ടെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രിയപ്പെട്ട ജനപ്രതിനിധിയായി അദ്ദേഹം നിലകൊണ്ടപ്പോൾ തുടർ വിജയങ്ങൾ ആയിരുന്നു ജനങ്ങൾ സമ്മാനമായി നൽകിയത്. 2021ലെ തെരഞ്ഞെടുപ്പിൽ ഇ ശ്രീധരനോടുള്ള വിജയം കേവലം കോൺഗ്രസുകാർ മാത്രമായിരുന്നില്ല ആഗ്രഹിച്ചിരുന്നത്. സിപിഎമ്മുകാർ പോലും ആ വിജയത്തിൽ അന്ന് ആനന്ദം കണ്ടെത്തിയിരുന്നു. എല്ലാ രാഷ്ട്രീയം പേറുന്നവർക്കും ഷാഫി സ്വീകാര്യനാണ് എന്നതാണ് പ്രത്യേകത. ഒരേസമയം മികച്ച ജനപ്രതിനിധിയും അതിലേറെ മികച്ച സംഘാടകനും ആകുവാൻ ഷാഫിക്ക് കഴിഞ്ഞിട്ടുണ്ട്.
2020ലാണ് ഷാഫി യൂത്ത് കോൺഗ്രസ് പ്രസിഡന്റാകുന്നത്. പ്രതിസന്ധികൾ നിറഞ്ഞ കാലത്തായിരുന്നു അദ്ദേഹം സംഘടനയുടെ തലപ്പത്തേക്ക് എത്തുന്നത്. യൂത്ത് കോൺഗ്രസ് നേതാവെന്ന നിലയിൽ സംസ്ഥാനത്തെമ്പാടും ഷാഫി പറമ്പിൽ കോൺഗ്രസ്സിന്റെ യുവത്വത്തിനിടയിൽ സൃഷ്ടിച്ചെടുത്തിട്ടുള്ള ഓളം ചെറുതായിരുന്നില്ല. മതേതര പ്രതിച്ഛായയുള്ള ആളാണ് ഷാഫി പറമ്പിൽ. എല്ലാ മതവിഭാഗങ്ങൾക്കും ഷാഫിയോട് വല്ലാത്തൊരു ഇഷ്ടമുണ്ട്. വർഗീയതയോടും വിഘടന വാദത്തോടും സന്ധി ചെയ്യാത്ത രാഷ്ട്രീയ വ്യക്തിത്വമാണ് അദ്ദേഹം.
ഹിന്ദു ഭൂരിപക്ഷമുള്ള പാലക്കാട് മണ്ഡലത്തിലും ന്യൂനപക്ഷ വോട്ടുകൾക്ക് കൃത്യമായ സ്വാധീനമുള്ള വടകരയിലും ഒരേപോലെ ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെല്ലുവാനും അവർക്ക് വേണ്ടി നിലകൊള്ളുവാനും ഷാഫിക്ക് സാധിച്ചിട്ടുണ്ട്. 2011ൽ പാലക്കാട് സീറ്റ് ഷാഫി ഏറ്റെടുക്കുമ്പോൾ അത് സേഫ് ആയ മണ്ഡലം ഒന്നും ആയിരുന്നില്ല. അതുപോലെതന്നെയായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര ഏറ്റെടുക്കുമ്പോഴും.
വടകരയിലെ വിജയം കോൺഗ്രസിലെ ഇന്നിന്റെ ക്രൗഡ് പുള്ളർ ഷാഫി തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെക്കാൾ ജനപ്രീതിയുണ്ടെന്ന് വിവിധ സർവേകൾ കണ്ടെത്തിയ എൽഡിഎഫിലെ കരുത്തയായ കെ കെ ശൈലജ ടീച്ചറെ നേരിടാനായിരുന്നു മുതിർന്ന നേതാക്കളെ മറികടന്ന് ഷാഫി പറമ്പിലിനെ വടകരയിലേക്ക് സ്ഥാനാർത്ഥിയായി എത്തിച്ചത്. പാർട്ടിയുടെ വിശ്വാസം കാത്ത ഷാഫി വൻ ഭൂരിപക്ഷത്തിൽ വടകരയിൽ വിജയിച്ചുകയറുകയും ചെയ്തു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചത് രാഹുൽ മാങ്കൂട്ടത്തിൽ ആയിരുന്നെങ്കിലും വിജയ ശില്പി ഷാഫി തന്നെയായിരുന്നു. ജനപ്രതിനിധിയെന്ന നിലയിൽ പാലക്കാട് നിയോജക മണ്ഡലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കാനും അത് ജനങ്ങളെ ബോധിപ്പിച്ച് തുടർച്ചയായി ജയിച്ചുവരാനും ഷാഫി പറമ്പിലിന് സാധിച്ചിട്ടുണ്ട്. വടകരയിലും തെരഞ്ഞെടുപ്പിനു ശേഷവും ജനങ്ങൾ ഷാഫിയുടെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരാണ്. ഉമ്മൻചാണ്ടിയെയാണ് ഷാഫി തന്റെ മാതൃകയായി മുന്നോട്ട് വെച്ചിട്ടുള്ളത്.
ഉമ്മൻചാണ്ടിയുടെ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് പറഞ്ഞ ഷാഫി എംഎൽഎ ആയിരുന്നപ്പോൾ പാലക്കാട്ടെ ജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ സ്വാധീനം വലുതായിരുന്നു. ഇപ്പോൾ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചർച്ചകൾ നടക്കുമ്പോൾ വലിയൊരു വിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും മനസ്സിലുള്ളത് ഷാഫി പറമ്പിൽ എന്ന പേര് തന്നെയാണ്. അതിനു പിന്നിൽ ഒട്ടേറെ കാരണങ്ങളുമുണ്ട്. പ്രധാനമായും എല്ലാ വിഭാഗം ജനങ്ങളെയും പ്രവർത്തകരെയും ഒന്നിച്ചുനിർത്തി പാർട്ടിയെ അധികാരത്തിലേക്ക് കൊണ്ട് വരുവാൻ കഴിയുന്ന നേതാവ് ഷാഫി ആണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
ഒരേസമയം ന്യൂനപക്ഷ വിഭാഗങ്ങൾക്കും ഭൂരിപക്ഷ വിഭാഗങ്ങൾക്കുമെല്ലാം ഷാഫി സ്വീകാര്യനാണ്. ഷാഫി കെപിസിസിയുടെ അമരത്തേക്ക് വരുന്നതിൽ ലീഗിനും എതിർപ്പ് ഉണ്ടാകുവാൻ വഴിയില്ല. ഒരുപക്ഷേ കൂടുതൽ സന്തോഷം പകരുന്ന തീരുമാനവും ആയിരിക്കാം അത്. ലീഗ് നേതാക്കളും അണികളും അവരിൽ ഒരാളായിട്ടാണ് ഷാഫിയെ കാണുന്നത്. മറ്റ് സാമുദായിക സംഘടനകളുമായും ഷാഫിക്ക് അടുത്ത ബന്ധമുണ്ട്. കോൺഗ്രസ് ദേശീയ നേതൃത്വത്തിനും ഷാഫി പറമ്പിലിന്റെ കഴിവുകളിൽ കൃത്യമായ ആത്മവിശ്വാസം ഉണ്ട്.
രാവിലത്തെ സാഹചര്യത്തിൽ സതീശനും കെ സി വേണുഗോപാലും സുധാകരനും ഉൾപ്പെടെ നേതാക്കളുടെ നീണ്ടനിര തന്നെ ഷാഫിക്കുവേണ്ടി നിലകൊള്ളുവാനും തയ്യാറാകും. സ്വയം ഒരു ആൾക്കൂട്ടമായി മാറുന്ന കോൺഗ്രസ് നേതാവായിരുന്നു ഉമ്മൻചാണ്ടി. ഉമ്മൻചാണ്ടിക്കുശേഷം ഇന്ന് കോൺഗ്രസ് രാഷ്ട്രീയത്തിൽ ആൾക്കൂട്ടങ്ങളെ സൃഷ്ടിക്കുവാൻ കഴിവുള്ള ഷാഫി പറമ്പിലിലേക്കാണ് കോൺഗ്രസിന്റെ അടുത്ത നേതൃത്വത്തെ പലരും നോക്കിക്കാണുന്നത്. പാർട്ടിയുടെ നേതൃത്വം എത്രകണ്ട് ഷാഫിയെ ഉപയോഗപ്പെടുത്തും എന്നത് കാത്തിരുന്നു കാണേണ്ടതാണ്.