ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പാകിസ്താനുമായി ഉഭയകക്ഷി ചര്‍ച്ച നടത്തില്ലെന്ന ഉറച്ച തീരുമാനവുമായി ഇന്ത്യ. ഇസ്ലാമാബാദ് യോഗത്തില്‍ പങ്കെടുക്കുന്നത് പാകിസ്ഥാനെതിരെയുള്ള നിലപാടിലെ മാറ്റമല്ലെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.
ഭീകരവാദത്തിന് എതിരായ നിലപാട് ഉച്ചകോടിയിലും ആവര്‍ത്തിക്കാനാണ് തീരുമാനം. അംഗ രാജ്യം എന്ന നിലയിലുള്ള ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ ഭാഗമായാണ് പാകിസ്താനിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബര്‍ 15, 16 തീയതികളിലാണ് ഷാങ്ഹായ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി യോഗത്തിന് വേണ്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് പാകിസ്താന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറും വ്യക്തമാക്കി.
ആതിഥേയത്വത്തിന്റെ പേരില്‍ എല്ലാവിധ പ്രോട്ടോക്കോളും പാലിച്ച് പാകിസ്താന് സര്‍ക്കാര്‍ ജയശങ്കറെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഏതൊക്കെ രാജ്യങ്ങളുടെ പ്രതിനിധികളുമായി എസ് ജയശങ്കര്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന വിവരവും വിദേശ കാര്യ മന്ത്രാലയം അറിയിച്ചിട്ടില്ല.