വൈത്തിരി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്ത്ഥന് ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ 19 വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്ത് കേരള വെറ്ററിനറി സര്‍വകലാശാല. പത്തൊന്‍പത് വിദ്യാര്‍ത്ഥികളെയും സര്‍വകലാശാല കോളേജില്‍ നിന്ന് പുറത്താക്കി. കേസില്‍ പത്തൊന്‍പത് വിദ്യാര്‍ത്ഥികളും കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും സര്‍വകലാശാല അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടി വെറ്ററിനറി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു. സിദ്ധാര്‍ത്ഥന്റെ അമ്മ എം ആര് ഷീബ നല്കിയ ഹര്‍ജിയിലാണ് സര്‍വകലാശാലയുടെ മറുപടി. 19 പേര്‍ക്ക് മറ്റ് ക്യാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിക്കും തീര്‍പ്പായി.
2024 ഫെബ്രുവരി 18നാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിവിഎസ്സി വിദ്യാര്‍ത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ജെ എസ് സിദ്ധാര്‍ത്ഥനെ താമസ സ്ഥലത്തെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് സിദ്ധാര്ത്ഥന് സഹപാഠികളുടെ അതിക്രൂര റാഗിങിന് ഇരയായിരുന്നു.
ഫെബ്രുവരി 14ന് ക്യാംപസില്‍ സംഘടിപ്പിച്ച വാലന്റൈന്‍സ് ഡേ പരിപാടിക്കിടെ സിദ്ധാര്ത്ഥന് ഒരു പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ് ഹോസ്റ്റലില്‍വെച്ച് സിദ്ധാര്ത്ഥന് ആള്‍ക്കൂട്ട വിചാരണയ്ക്കും ക്രൂര മര്‍ദനത്തിനും ഇരായായിരുന്നു്. ഇതിന് പിന്നാലെയായിരുന്നു ഹോസ്റ്റലിലെ ശുചിമുറിയില്‍ സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥന്റേത് തൂങ്ങിമരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മകനെ കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതികളായവരെ പിടികൂടാന്‍ വൈകുന്നുവെന്നതടക്കം നിരവധി ആരോപണങ്ങളാണ് പൊലീസിനെതിരെ ഉയര്‍ന്നത്. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തിരുന്നു.