തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാ വർഷ ഹയർസെക്കൻ്ററി പരീക്ഷകൾക്ക് ഇന്ന് മുതൽ തുടക്കമാകും. വിവിധ കേന്ദ്രങ്ങളിലായി 4,27,021 കുട്ടികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്. രാവിലെ എസ്എസ്എൽസി പരീക്ഷയും ഉച്ചയ്ക്ക് ശേഷം ഹയർസെക്കൻ്ററി പരീക്ഷയുമാണ് നടക്കുന്നത്. സംസ്ഥാനത്ത് ആകെ 2980 കേന്ദ്രങ്ങളാണ് എസ്എസ്എൽസി പരീക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്.
അതേസമയം എസ്എസ്എൽസി പരീക്ഷയ്ക്ക് കേരളത്തിന് പുറത്ത് ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും ഗൾഫിൽ ഏഴ് കേന്ദ്രങ്ങളുമാണ് സജ്ജമാക്കിയിരിക്കുന്നത്. ലക്ഷദ്വീപിൽ ആകെ 447 കുട്ടികളും ഗൾഫ് മേഖലയിൽ നിന്ന് 682 കുട്ടികളുമാണ് പരീക്ഷയെഴുതാൻ ഒരുങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്. ആകെ 28,358 കുട്ടികളാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്നത് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് (1,893).