ആലപ്പുഴ: കലവൂര്‍ സുഭദ്ര വധക്കേസില്‍ പ്രതികളുമായി തെളിവെടുപ്പ്. പ്രതികളായ മാത്യൂസ്, ശര്‍മിള എന്നിവരെ വാടക വീട്ടില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. കോടതിയില്‍ ഹാജരാക്കുന്നതിനിടെ താന്‍ തെറ്റുചെയ്തിട്ടില്ലെന്ന് ശര്‍മിള പൊട്ടികരഞ്ഞുകൊണ്ട് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് താന്‍ തെറ്റുചെയ്തിട്ടില്ലെന്ന് ശര്‍മിള പറഞ്ഞത്. തെളിവെടുക്കുന്നതിനിടെ ശര്‍മിള നിര്‍വികാരയായാണ് പെരുമാറിയത്.
എന്നാല്‍ തെളിവെടുപ്പിനോട് യാതൊരു കൂസലുമില്ലാതെയാണ് മാത്യൂസ് പ്രതികരിച്ചത്. ശര്‍മിളയെ എങ്ങനെ കൊലപ്പെടുത്തിയതെന്നടക്കമുള്ള വിവരം മാത്യൂസ് പൊലീസിനോട് വിശദീകരിച്ചു. സുഭദ്രയുടെ സ്വര്‍ണം പണയംവെച്ച ഉടുപ്പിയിലെ കടയില്‍ വൈകീട്ട് തെളിവെടുപ്പ് നടക്കും. ഓഗസ്റ്റ് നാലിനാണ് കൊച്ചി കടവന്ത്രയില്‍ നിന്ന് 73കാരിയായ സുഭദ്രയെ കാണാതാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാത്യൂസും ശര്‍മിളയും ചേര്‍ന്ന് സുഭദ്രയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.