‘വണങ്കാൻ’ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് താൻ നടി മമിത ബൈജുവിനെ അടിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സംവിധായകൻ ബാല. മമിത തനിക്ക് മകളെപ്പോലെയാണെന്നും, അങ്ങനെയൊരാളെ ആരെങ്കിലും അടിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ചെറിയ കുട്ടിയാണ് മമിതയെന്നും ബാല പറഞ്ഞു.അതെസമയം ആവശ്യമില്ലാതെ മേക്കപ്പ് ചെയ്യുന്നത് തനിക്കിഷ്ടമല്ലന്നും അന്ന് നടന്ന സംഭവം ബാല വ്യക്തമാക്കി. “ബോംബെയിൽ നിന്നു വന്ന മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു അന്ന് ആ സിനിമയ്ക്ക് വേണ്ടി വർക്ക് ചെയ്തത്. മമിതയ്ക്ക് അപ്പോൾ ഷോട്ട് ഉണ്ടായിരുന്നില്ല. അവർ വെറുതെ ഇരിക്കുകയായിരുന്നു.ആ സമയത്ത് മേക്കപ്പ് ആർടിസ്റ്റ് വന്ന് മമിതയ്ക്ക് മേക്കപ്പ് ചെയ്തു. എനിക്ക് മേക്കപ്പ് ഇഷ്ടമല്ലെന്ന് അവർക്കറിയില്ല. മമിതയ്ക്ക് അവരോട് ഇക്കാര്യം പറയാനും അറിയില്ലായിരുന്നു. പിന്നീട് ഷോട്ടിന് റെഡിയായി വിളിച്ചപ്പോൾ മമിത വന്നത് മേക്കപ്പ് ഇട്ടാണ്. ആരാണ് മേക്കപ്പ് ചെയ്തതെന്ന് ചോദിച്ച് അടിക്കുന്നത് പോലെ ഞാൻ കയ്യോങ്ങി. വാർത്ത വന്നപ്പോൾ ഞാൻ അടിച്ചെന്നായി. യഥാർത്ഥത്തിൽ അവിടെ നടന്നത് ഇതാണ്.” ബാല വ്യക്തമാക്കി.സംഭവത്തെക്കുറിച്ച് നേരത്തേ തന്നെ മമിത വ്യക്തത വരുത്തിയിരുന്നു. സംവിധായകൻ ബാല തന്നെ അടിച്ചിട്ടില്ല എന്നും താൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നുമായിരുന്നു മമിത പറഞ്ഞത്. സൂര്യയും മമിതയും ‘വണങ്കാനിൽ’ നിന്ന് പിന്മാറിയതോടെ അരുൺ വിജയും റോഷ്നി പ്രകാശുമാണ് നായികാനായകന്മാരായത്. ചിത്രം ജനുവരി 10-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് ബാല.