ഗുവാഹത്തി : എച്ച്.പി.സെഡ് ടോക്കൺ എന്ന മൊബൈൽ ആപ് വഴി നിക്ഷേപകരിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ നടി തമന്ന ഭാട്ടിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സോണൽ ഓഫീസിൽ വെച്ചാണ് 34കാരിയായ തമന്നയെ ചോദ്യം ചെയ്തതെന്നും കള്ളപ്പണം വെളുപ്പിൽ നിയമപ്രകാരമാണ് നടപടിയെന്നും ഇ.ഡി വിശദീകരിച്ചു.
തട്ടിപ്പ് നടത്തിയ കമ്പനിയുടെ പരിപാടിയിൽ പങ്കെടുത്തുവെന്നും അതിന് പണം വാങ്ങിയെന്നുമാണ് തമന്നക്കെതിരായ ആരോപണം. നേരത്തെ തമന്നക്ക് സമൻസ് അയച്ചിരുന്നുവെങ്കിലും അവർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
ബിറ്റ് കോയിനിലും മറ്റ് ക്രിപ്റ്റോ കറൻസികളിലും മൈനിങ് നടത്തി ലാഭമുണ്ടാക്കി ആളുകൾക്ക് പണം നൽകുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. എച്ച്.പി.സെഡ് എന്ന ആപ് വഴിയാണ് തട്ടിപ്പ് നടത്തിയത്. 57000 രൂപ നിക്ഷേപിച്ചാൽ പ്രതിദിനം 4000 രൂപ ലഭിക്കുമെന്നായിരുന്നു നിക്ഷേപകർക്ക് വാഗ്ദാനം നൽകിയിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് 299 സ്ഥാപനങ്ങളാണ് സംശയനിഴലിലുള്ളത്. ഇതിൽ 76 എണ്ണം ചൈനീസ് നിയന്ത്രണ സ്ഥാപനങ്ങളാണ്. ഈ സ്ഥാപനങ്ങളുടെ പത്തോളം ഡയറക്ടർമാർ ചൈനീസ് വംശജരാണ്. നാഗാലാൻഡിലെ കൊഹിമയിലാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്തത്.