പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ വഴിപാട് തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന നെയ്യ്യുടെ ഗുണനിലവാരം പരിശോധിക്കാനൊരുങ്ങി ഒഡീഷ സര്‍ക്കാര്‍. ആന്ധ്രപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ ലഡ്ഡു നിര്‍മിക്കാനുപയോഗിക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയത് സംബന്ധിച്ച് വിവാദം ശക്തമാകുന്നതിനിടെയാണ് ഗുണനിലവാരം പരിശോധിക്കാനുള്ള തീരുമാനം. ഇതുവരെ ക്ഷേത്രത്തിലെ പ്രസാദത്തെ കുറിച്ച് പരാതികള്‍ ലഭിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒഡീഷ മില്‍ക് ഫെഡറേഷന് മാത്രമാണ് ക്ഷേത്രത്തിലേക്ക് നെയ്യ് വിതരണം ചെയ്യുന്നതെന്നും പുരി ജില്ലാ കളക്ടര്‍ സിദ്ധാര്‍ത്ഥ് ശങ്കര്‍ സ്വെയിന്‍ പറഞ്ഞു. ഭാവിയില്‍ പ്രസാദം സംബന്ധിച്ച വിവാദങ്ങള്‍ ഒഴിവാക്കാനാണ് നിലവില്‍ ഗുണനിലവാര പരിശോധന നടത്തുന്നതെന്നും കളക്ടര്‍ അറിയിച്ചു.