കൊച്ചി: വീട് തല്ലിത്തകർക്കുന്ന തരത്തിലുള്ള ആക്രമണം നടത്തിയാൽ പ്രതികൾക്ക് ജാമ്യത്തിനായി നഷ്ടപരിഹാരം കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥ ഏർപ്പെടുത്താമെന്ന ഹൈക്കോടതി. വീട് കയറി ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ക്ക് നഷ്ടപരിഹാരവും കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തി മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോരുത്തരും വളരെ കഷ്ടപ്പെട്ടാണ് അവരുടെ സ്വപ്ന ഭവനം നിർമിക്കുന്നത്. മറ്റൊരാൾക്ക് അത് തകർക്കാൻ എളുപ്പമാണ്. അതിനു വേണ്ടി കഷ്ടപ്പെട്ടവരുടെ കഷ്ടപ്പാടുകൾ പരിഗണിക്കണം. ശരീരത്തിനേല്‍ക്കുന്ന പരിക്ക് ചികിത്സിച്ച് ഭേദമാക്കാം. സ്വത്തുവകകള്‍ നിശിപ്പിച്ചാല്‍ പണം മാത്രമാണ് പരിഹാരമെന്നും കോടതി പറഞ്ഞു.
അന്വേഷണത്തിൽ സ്വത്തുവകകള്‍ നശിപ്പിച്ചതായി ബോധ്യപ്പെട്ടാല്‍ കെട്ടിവെച്ച തുക ഇരകള്‍ക്ക് അനുവദിക്കാം. അതല്ലെങ്കില്‍ തിരികെ നല്‍കണം. ഇതിനായി ബന്ധപ്പെട്ട കോടതിയില്‍ അപേക്ഷ നല്കിയാല് മതിയെന്നും കോടതി വ്യക്തമാക്കി. വീടുകയറി ആക്രമണം നടത്തി നാശം വിതയ്ക്കുന്നതുപോള്ള കുറ്റകൃത്യം തടയാനുള്ള ‘നിയമത്തിന്റെ കിഴുക്ക്’ എന്ന് ഇത്തരമൊരു വ്യവസ്ഥയെ വിളിക്കാമെന്നും കോടതി പറഞ്ഞു.
വീട് കയറി ആക്രമണം നടത്തിയ കേസില്‍ തൃശ്ശൂര്‍ മാള പോലീസും പത്തനംതിട്ട റാന്നി പോലീസും രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മാള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ 1.35 ലക്ഷം രൂപയും റാന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ ഒരു ലക്ഷം രൂപയുമാണ് കെട്ടിവെയ്ക്കേണ്ടത്. അറസ്റ്റ് ചെയ്താല്‍ 50,000 രൂപയുടെ ബോണ്ടും തുല്യതുകയുടെ ആള്‍ജാമ്യവും വ്യവസ്ഥ ചെയ്ത് ജാമ്യത്തില്‍ വിടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.