ഡല്‍ഹി:കൊല്‍ക്കത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ ദൗത്യസംഘത്തിന് രൂപം നല്കി സുപ്രീംകോടതി.നാവിക സേന മെഡിക്കല്‍ വിഭാഗം മേധാവി സര്‍ജന്റ് വൈസ് അഡ്മിറല്‍ ഡോക്ടര്‍ ആര് സരിന്റെ നേതൃത്വത്തിലാണ് സംഘം രൂപികരിച്ചത്. രാജ്യമൊട്ടാകെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സുരക്ഷയില്‍ വലിയ വെല്ലുവിളി നേരിടുന്നുവെന്ന് നിരീക്ഷിച്ചാണ് ദേശീയ തലത്തില്‍ പത്തംഗം ദൗത്യ സംഘത്തിന് കോടതി രൂപം നല്‍കിയത്. നാവികാ സേനാ മെഡിക്കല്‍ വിഭാഗം മേധാവി നേതൃത്വം നല്‍കും. എയിംസ് ഡയറക്ടറും അംഗമാകും.ക്യാബിനറ്റ് സെക്രട്ടറി ഉള്‍പ്പടെയുള്ള സെക്രട്ടറിമാര്‍ അനൗദ്യോഗിക അംഗങ്ങളുമാകും.

കടുത്ത ആശങ്കയും ഞെട്ടലുമുണ്ടാക്കുന്ന സംഭവമെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്‍ക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗ കൊലയില്‍ സ്വമേധയായ എടുത്ത കേസ് കോടതി പരിഗണിച്ചത്.ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം തടയാന്‍ കേരളത്തിലടക്കം നിയമമുണ്ടെങ്കിലും മെഡിക്കല്‍ രംഗത്തെ സുരക്ഷ വീഴ്ച തടയാനാവുന്നിലെന്നും കോടതി നിരീക്ഷിച്ചു.കൊല്‍ക്കത്ത സംഭവത്തില്‍ വ്യാഴ്ചാഴ്ച തല്‍സ്ഥിതി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സിബിഐയോട് കോടതി നിര്‍ദ്ദേശിച്ചു.