ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാർ ഇടപെടലുകൾ നടത്തുന്നതിൽ ഹിന്ദുക്കൾക്കും ഹിന്ദു സംഘടനകൾക്കും കടുത്ത എതിർപ്പെന്ന് സൂചന. തങ്ങളുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും മാത്രമാണ് സർക്കാർ ഇടപെടുന്നതെന്നും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെ ആചാരങ്ങളിൽ യാതൊരു അഭിപ്രായത്തിനും സർക്കാർ മുതിരാറില്ലെന്നുമുള്ള വിമർശനങ്ങളാണ് പലരും ഉയർത്തുന്നത്.
ഭൂരിപക്ഷ വിഭാഗങ്ങളുടെ ആചാരങ്ങളിൽ എന്ത് അഭിപ്രായവും പറയാൻ തങ്ങൾക്ക് അധികാരം ഉണ്ടെന്ന ധാരണയാണ് സർക്കാരിനെയും ചില സാംസ്കാരിക നായകരെയും നയിക്കുന്നതെന്നും അവർ തുറന്നടിക്കുന്നു. ആചാരങ്ങളുമായി ബന്ധപ്പെട്ട് ശിവഗിരി ആശ്രമത്തിലെ പരിപാടിക്കിടയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗം വിവാദമായിരുന്നു. ക്ഷേത്രങ്ങളിൽ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദർശനത്തിൽ സാമൂഹിക ഇടപെടൽ ഉണ്ടാകണമെന്ന് ചൂണ്ടക്കാട്ടിയ മുഖ്യമന്ത്രി കാലാന്തരത്തിൽ ഇതിന് മാറ്റമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ രംഗത്തുവന്നു. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് സുകുമാരൻ നായർ പറഞ്ഞു. സമൂഹത്തിന്റെ എല്ലാ കോണുകളിൽ നിന്നും സമാനമായ അഭിപ്രായങ്ങളാണ് ഉയർന്നുവരുന്നത്.
മുഖ്യമന്ത്രിയുടെ പല പ്രസ്താവനകളും സംഘപരിവാറിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്നുവെന്ന ആരോപണവും വ്യാപകമാണ്. ക്ഷേത്രങ്ങളിൽ ഉടുപ്പ് ധരിച്ച് പ്രവേശനത്തിലേത് ഉൾപ്പെടെ വ്യാഖ്യാനങ്ങളെല്ലാം ഹിന്ദുവിനെ കുറിച്ചേയുള്ളോയെന്ന ചോദ്യമാണ് സാമൂഹ്യ മാധ്യമങ്ങളിലും നിറയുന്നത്. ഓരോ ക്ഷേത്രത്തിനും ഓരോ വിശ്വാസമുണ്ട്. ഹിന്ദുവിന് നേരെ എല്ലാം അടിച്ചേൽപ്പിക്കാമെന്ന പിടിവാശി അംഗീകരിക്കാനാവില്ല. ആർക്കും അടിക്കാവുന്ന ചെണ്ടയല്ല ഹിന്ദു സമൂഹമെന്നും ഹൈന്ദവ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ക്ഷേത്രങ്ങളില്‍ ഉടുപ്പഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്നും ഇത്തരം അന്ധമായ ആചാരങ്ങള്‍ നീക്കാന്‍ ശ്രീനാരായണീയ സമൂഹം ഇടപെടണമെന്നും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. ശിവഗിരി തീര്‍ഥാടന മഹോത്സവ സമ്മേളനത്തിലായിരുന്നു സ്വാമി സച്ചിദാനന്ദയുടെ പരാമര്‍ശം. ശ്രീനാരായണ ക്ഷേത്രങ്ങള്‍ മാത്രമല്ല മറ്റ് ആരാധനാലയങ്ങളും ഭാവിയില്‍ ഈ നിര്‍ദേശം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രി തൊട്ടു പിന്നാലെ നടത്തിയ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
മുമ്പും പല കാര്യങ്ങളിലും പിണറായി സർക്കാർ സ്വീകരിച്ച സമീപനങ്ങൾ ഹിന്ദു സമൂഹത്തിൽ ആഴത്തിലുള്ള മുറിവ് ഏൽപ്പിക്കുന്നതായിരുന്നു. പ്രധാനമായും ശബരിമല വിഷയത്തിൽ സർക്കാർ സ്ത്രീകളെ മല കയറ്റുവാൻ നടത്തിയ ശ്രമങ്ങൾ വിശ്വാസികളുടെ മനസ്സിനെ മുറിവേൽപ്പിക്കുന്നതായിരുന്നു. വിശ്വാസി സമൂഹം അന്ന് സർക്കാരിനെതിരെ പരസ്യമായി തെരുവിലിറങ്ങിയിരുന്നു. എൻഎസ്എസും എസ്എൻഡിപിയും ഹൈന്ദവ സംഘടനകളുമെല്ലാം നാമജപ യാത്രകളുമായി തെരുവിൽ സർക്കാരിനെതിരെ ഏറ്റുമുട്ടി. ഒടുവിൽ ശബരിമല വിവാദത്തിൽ സർക്കാരിന് സ്വന്തം നിലപാട് തിരുത്തേണ്ടി പോലും വരുകയുണ്ടായി.
പല പള്ളി തർക്കങ്ങളും വഖഫ് ബോർഡ് വിഷയത്തിലുമെല്ലാം ജാഗ്രതയോടെ ഇടപെടുന്ന സർക്കാർ ഹിന്ദുക്കളുടെ വിഷയങ്ങളിൽ മാത്രം എടുത്തുചാടുന്നതായി ആക്ഷേപം കാലാകാലങ്ങളായി ഉയരുന്നുണ്ട്. പ്രധാനമായും ഹിന്ദുവിശ്വാസങ്ങളോടും ആചാരങ്ങളോടും പുരാതനകാലം മുതൽക്കെ കടുത്ത വിയോജിപ്പുകൾ കമ്മ്യൂണിസ്റ്റ് പാർട്ടി വച്ചുപുലർത്തുന്നുണ്ട്. ചരിത്രത്തിന്റെ ഏടുകളിൽ എല്ലാ മതവിഭാഗങ്ങളോടും അവരുടെ ആചാരങ്ങളോടും കൃത്യമായ അകലം സിപിഎം പാലിച്ചിട്ടുണ്ടായിരുന്നു. എന്നാൽ കാലക്രമേണ വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ച് ന്യൂനപക്ഷ മത വിഭാഗങ്ങളോട് അടുപ്പവും വിധേയത്വവും സിപിഎം കാട്ടുകയായിരുന്നു. അപ്പോഴും ഇപ്പോഴും എന്തും പറയുവാനുള്ള വിഭാഗമായി ഹിന്ദു സമൂഹത്തെ സിപിഎം കാണുകയും ചെയ്യുന്നുണ്ട്.
ഹിന്ദുസമൂഹം സംഘടിക്കാത്തതാണ് പലപ്പോഴും ഈ പ്രവണതയിൽ തുടരുന്നതിന് സിപിഎമ്മിന് വളമാകുന്നത്. എന്നാൽ ഇന്ന് ഹിന്ദു സമൂഹം ബിജെപിയോട് അയിത്തമൊന്നും കാട്ടുന്നില്ല. അതുകൊണ്ടുതന്നെ സിപിഎമ്മും മുഖ്യമന്ത്രിയും സർക്കാരും ഹിന്ദുക്കളുടെ കാര്യങ്ങളിൽ അധികമായി ഇടപെടുന്നതിന്റെ ഗുണഭോക്താക്കൾ ബിജെപിക്കാർ കൂടി ആകുന്ന കാലമാണിത്.