വളരുംന്തോറും പിളരുന്ന ഒട്ടേറെ രാഷ്ട്രീയ പാർട്ടികളെ കേരളത്തിൽ നമ്മൾ കണ്ടിട്ടുണ്ട്. വലിയ പാർട്ടികളിൽ ഉള്ളതിനേക്കാൾ പ്രശ്നങ്ങൾ ചെറിയ പല പാർട്ടികളിലും ഉണ്ട്. അത്തരത്തിൽ എപ്പോഴും പ്രശ്നങ്ങളാൽ സങ്കീർണ്ണമായ രാഷ്ട്രീയപാർട്ടിയാണ് എൻ സി പി എസ്. സമീപകാലത്ത് അവർക്കുള്ളിൽ ഉടലെടുത്ത പ്രശ്നങ്ങളും സംഭവവികാസങ്ങളും പാർട്ടി യോഗങ്ങളിൽ കയ്യാങ്കളികളിൽ വരെ എത്തിയത് നമ്മൾ കണ്ടതാണ്. പ്രധാനമായും പി.സി ചാക്കോ സംസ്ഥാന പ്രസിഡണ്ടായി കടന്നുവന്നതോടെയാണ് പ്രശ്നങ്ങൾ കൂടുതൽ ശക്തമാകുന്നത്. ഒരുപക്ഷേ എൻസിപിയുടെ ശാന്തമായ അന്തരീക്ഷത്തെ കലുഷിതമാക്കിയത് ചാക്കോ തന്നെയാണെന്ന് പറയാം.
കോൺഗ്രസിൽ നിന്ന് നേരെ എൻസിപിയിലേക്ക് വന്ന ചാക്കോയ്ക്ക് സംസ്ഥാന പ്രസിഡണ്ട് സ്ഥാനം നൽകിയത് പാർട്ടിയിലെ പലർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. തുടക്കത്തിൽ അടയും ചക്കരയുമായിരുന്നെങ്കിലും ചാക്കോയും, മന്ത്രി എ കെ ശശീന്ദ്രനും പിന്നീട് മാനസീകമായി അകൽച്ചയിലായി.
എ കെ ശശീന്ദ്രനെ മന്ത്രിക്കസേരയില്‍ നിന്നിറക്കി, അവിടെ മറ്റൊരാളെ ഇരുത്താനുളള നെട്ടോട്ടമായിരുന്നു ചാക്കോയെ ഈ ഗതിയിലേക്ക് എത്തിച്ചത്. മന്ത്രിമാറ്റത്തിന് അരയും തലയും മുറുക്കി ഇറങ്ങിയ സംസ്ഥാന പ്രസിഡന്റിന് കസേരയും നഷ്ടമായി നാണംകെടുകയും ചെയ്തു. അതേസമയം മന്ത്രിക്കസേരക്കായി പിടിവലി കൂടിയവര്‍ ഒന്നായി. ഒരാള്‍ മന്ത്രിയായി തുടരുമ്പോള്‍ മറ്റേയാള്‍ക്ക് പാര്‍ട്ടി അധ്യക്ഷന്‍ പദവിയും ഉറപ്പിച്ചു. അതും ഗതികെട്ട് ചാക്കോ പടിയിറങ്ങിയപ്പോൾ ഒഴിവുവന്ന അതേ കസേര തന്നെ.
വനംമന്ത്രി എ കെ ശശീന്ദ്രനെ മന്ത്രി കസേരയില്‍ നിന്നും ഇറക്കി അവിടെ ഇരിക്കാന്‍ നടന്നത് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസായിരുന്നു. അതിന് എല്ലാ സഹായവും ചെയ്തത് സംസ്ഥാന പ്രസിഡന്റായിരുന്ന പിസി ചാക്കോ ആയിരുന്നു, ശശീന്ദ്രനേയും കൂട്ടി മുംബൈയില്‍ എത്തി ശരത് പവാറിനെ കണ്ട് മന്ത്രിമാറ്റത്തിന് അനുകൂല തീരുമാനം എടുപ്പിച്ചു. അതുംകൊണ്ട് മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയപ്പോള്‍ പക്ഷെ, ഓടിച്ചു വിടുകയാണ് ചെയ്തത്. മന്ത്രിയെ മാറ്റണമെന്ന ആവശ്യം പലവട്ടം ചാക്കോ മുഖ്യമന്ത്രിക്ക് വച്ചെങ്കിലും അതൊന്നും അംഗീകരിക്കപ്പെട്ടില്ല.
ഇതിനിടെയാണ് കേരളത്തിലെ മൂന്നു എല്‍എഡിഎഫ് എംഎല്‍എമാരുടെ കുതിരക്കച്ചവടത്തിന് തോമസ് കെ.തോമസ് വഴി കോടികള്‍ കോഴയായി ഇറക്കാൻ എൻസിപിയിലെ അജിത് പവാർ വിഭാഗം ശ്രമിച്ചുവെന്ന ആരോപണം വന്നത്. തോമസ് കെ തോമസ് തനിക്ക് 50 കോടി ഓഫർ നൽകിയെന്ന മുൻ മന്ത്രി ആൻറണി രാജുവിൻ്റെ വെളിപ്പെടുത്തൽ പുറത്തുവരികയും, അത് മുഖ്യമന്ത്രി വിശ്വസത്തിലെടുക്കുകയും ചെയ്തപ്പോൾ തോമസ് കെ തോമസിന് മന്ത്രിപദത്തിലേക്ക് ഉടനെങ്ങും എത്താനാവില്ലെന്ന് ഉറപ്പായി. ഇതോടെ മോഹം മാറ്റിവച്ച തോമസ് പ്രായോഗിക നിലപാടിലേക്ക് നീങ്ങി. അങ്ങനെയാണ് എതിർപാളയത്തിൽ നിന്ന ശശീന്ദ്രനുമായി ചേർന്ന് സംസ്ഥാന അധ്യക്ഷപദവി പിടിക്കാൻ തീരുമാനിച്ചത്. അത് പ്രതീക്ഷിച്ചതിലും എളുപ്പമായി.
ഇരുവരും ഒന്നായെന്ന് ബോധ്യപ്പെട്ടതോടെ സ്വയം ഒഴിയാൻ തയ്യാറായി ചാക്കോ. പാർട്ടിക്ക് അനുവദിച്ചു കിട്ടിയ ഒഴിവിലേക്ക് പിഎസ്സി അംഗത്തെ നിയമിക്കാൻ കോഴ വാങ്ങിയെന്ന ആരോപണം ചാക്കോക്കെതിരേ പാർട്ടി യോഗത്തിൽ തന്നെ ഉന്നയിക്കപ്പെട്ടു. തനിക്ക് വേണ്ടപ്പെട്ട മറ്റൊരാളാണ് പണം വാങ്ങിയതെന്ന് തിരുവനന്തപുരം ജില്ലാ കമ്മറ്റിയിൽ സമ്മതിക്കേണ്ടി വന്ന ചാക്കോ ഒറ്റപ്പെട്ട അവസ്ഥയിലുമായി.
ഇതോടെ തോമസ് കെ തോമസിനെ പ്രസിഡന്റ് സ്ഥാനത്ത് ഇരുത്തി ശേഷിച്ച കാലയളവിൽ തൻ്റെ മന്ത്രിക്കസേര ഉറപ്പിക്കാന്‍ ശശീന്ദ്രനും കരുക്കള്‍ നീക്കി. ആ നീക്കത്തിന്റെ ഫലമാണ് ഇന്ന് പിസി ചാക്കോയെ കൂട്ടി ഇരുവരും ശരത് പവാറിനെ നേരില്‍ കണ്ട് സംസ്ഥാന പ്രസിന്റിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കിയത്. നിലവില്‍ ചാക്കോയുടെ പക്കലുള്ളത് എന്‍സിപി-എസിന്റെ ദേശീയ വർക്കിംഗ് പ്രസിഡന്റ് എന്ന പദവി മാത്രമാണ്. ഭരണമുളള സംസ്ഥാനത്ത് പോലും ലഭിക്കാത്ത എന്ത് വിലയാണ് ദേശീയ രാഷ്ട്രീയത്തില്‍ ഇനി ചാക്കോക്ക് ലഭിക്കുക എന്നതാണ് വലിയ ചോദ്യം.
എന്‍സിപി എസ് സംസ്ഥാന-ജില്ലാ ഭാരവാഹികളുമായി ചര്‍ച്ച നടത്താന്‍ ഈ മാസം 25ന് കേന്ദ്ര നിരീക്ഷകൻ ജിതേന്ദ്ര അവാഡ് കേരളത്തിലെത്തും. പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാര്‍ അടക്കമുള്ളവരുടെ പിന്തുണ കൂടി ഉറപ്പാക്കിയശേഷമാകും സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
അതേ സമയം ചാക്കോ സംസ്ഥാന പ്രസിഡണ്ടായിരുന്നപ്പോൾ ഉയർന്നുവന്ന ചില ആരോപണങ്ങൾ തോമസിനെയും അലട്ടുന്നുണ്ട്. തോമസ് കെ തോമസിന്റെ സഹോദരൻ തോമസ് ചാണ്ടി മരിച്ചപ്പോൾ ഒഴിവ് വന്ന കുട്ടനാട് സീറ്റിൽ മത്സരിച്ചത്തിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പാർട്ടിയിലേക്കുള്ള കടന്നുവരവ്. അതല്ലാതെ യാതൊരു രാഷ്ട്രീയ പശ്ചാത്തലവും തോമസിന് കെ തോമസിന് ഇല്ല. പാർട്ടിക്കുവേണ്ടി ജീവിതകാലം മുഴുവൻ വെള്ളം കോരിയവരെ അവഗണിച്ചുകൊണ്ട് ഇത്തരക്കാരെ നേതാവായി ഉയർത്തിക്കാട്ടുന്നതിൽ പലർക്കും അതൃപ്തിയുണ്ട്.
അതേസമയം ചാക്കോ പുറത്താണെങ്കിലും ശശീന്ദ്രനും തോമസും ഹാപ്പിയാണ്. രണ്ടുപേർക്കും ആഗ്രഹം അധികാരത്തോടായിരുന്നു. അധികാരത്തോട് ഭ്രാന്തമായ ഒരു ഇഷ്ടമുള്ള ചാക്കോയെ പുറത്താക്കിയാണെങ്കിലും ഇരുവരും അധികാരം ഉറപ്പാക്കിയിരിക്കുന്നു.
സഹോദരന്റെ ബാഗ് പിടിച്ചു നടന്നു എന്നല്ലാതെ യാതൊരു രാഷ്ട്രീയ പാരമ്പര്യവും ഉള്ള ആളല്ല തോമസ് കെ തോമസെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. അടുത്ത തിരഞ്ഞെടുപ്പിൽ കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും അദ്ദേഹം തുറന്നടിച്ചു. സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സമ്മേളനത്തിലും തോമസ് കെ തോമസ് എംഎൽഎ ക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ആയിരുന്നു ഉയർന്നിരുന്നത്.
മണ്ഡലത്തിന്റെ തെക്കും വടക്കും പോലും അറിയാത്ത ആളാണ് തോമസ് കെ തോമസെന്ന് പോലും സിപിഎം സമ്മേളനത്തിൽ വിമർശനം ഉണ്ടായി. പക്ഷേ അത്തരം വിമർശനങ്ങളോടും പക്വതയോടെ ആയിരുന്നു തോമസിന്റെ പ്രതികരണം. സിപിഎമ്മിന്റെ തെറ്റിദ്ധാരണ താൻ മാറ്റുമെന്നായിരുന്നു തോമസ് പ്രതികരിച്ചത്.
രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് തോമസ് കെ തോമസിന്റെ സംസ്ഥാന പ്രസിഡണ്ട് സ്ഥാനമെന്ന് പറയുന്നവരുമുണ്ട്. ഏതായാലും ഒരു രാഷ്ട്രീയപാർട്ടിയെ നയിക്കുവാനുള്ള ബോധവും ബോധ്യങ്ങളും തോമസ് കെ തോമസിന് ഇല്ലെന്ന് കേരളത്തിലെ ഏതൊരാൾക്കും അറിയുന്നതാണ്. ആന്റണി രാജു എം എൽ എ ആരോപിച്ചിരുന്നതു പോലെ ഒരുകാലത്ത് നാലാൾ അറിയുന്ന ഒരു പാർട്ടിയുടെ, ഒരു വിഭാഗത്തെ ആണെങ്കിൽ പോലും തോമസ് കെ തോമസ് മൊത്തത്തിൽ കച്ചവടം ആക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.