ആലപ്പുഴ: കഴിഞ്ഞദിവസം കുട്ടനാട് തകഴിയിൽ സിപിഎം വനിതാ നേതാവും എംഎൽഎയുമായ യു പ്രതിഭയുടെ മകൻ കനിവിനെ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു. എംഎൽഎയുടെ മകനെ എക്സൈസ് പിടികൂടിയ കാര്യം മാധ്യമങ്ങളെ അറിയിക്കുന്നത് എക്സൈസ് സംവിധാനങ്ങൾ തന്നെയാണ്. ഒരു ഭരണപക്ഷ എംഎൽഎയുടെ മകൻ ഇത്തരമൊരു ഗുരുതരമായ അറസ്റ്റിൽ ആകുമ്പോൾ അതിവേഗത്തിൽ വാർത്ത എങ്ങനെ മാധ്യമങ്ങൾക്ക് ലഭിച്ചുവെന്നത് സിപിഎമ്മിനുള്ളിൽ വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. പിടിച്ചത് മകനെയാണെങ്കിലും ലക്ഷ്യം വെച്ചത് മാതാവായ എംഎൽഎയെ തന്നെയാണ്. സംഭവം നടന്ന അന്നുതന്നെ എംഎൽഎ സാമൂഹ്യ മാധ്യമങ്ങളിൽ ലൈവിൽ പ്രത്യക്ഷപ്പെട്ട് മകന്റെ ഭാഗം ന്യായീകരിച്ചിരുന്നു.
സംഭവവുമായി ഒരു ബന്ധവും ഇല്ലെന്നും സുഹൃത്തുക്കൾക്കും അവിടെ സമയം ചെലവഴിക്കുക മാത്രമാണ് മകൻ ചെയ്തതെന്നും അവർ പറഞ്ഞു. എന്നാൽ തൊട്ടടുത്ത ദിവസം ഇതേ എക്സൈസ് തന്നെ കേസുമായി ബന്ധപ്പെട്ട എഫ് ഐ ആർ പുറത്തുവിട്ടു എംഎൽഎയെ വീണ്ടും പ്രതിരോധത്തിലാക്കി. കേസിൽ മകൻ ഒമ്പതാം പ്രതിയാണ്. കാലങ്ങളായി സിപിഎം പ്രാദേശിക നേതൃത്വവുമായി എംഎൽഎ അത്ര രസത്തിലല്ല. ഇതിന്റെ തുടർച്ചയാണ് മകനെതിരായ എക്സൈസ് നടപടികൾ പുറംലോകത്തേക്ക് എത്തുവാനുള്ള കാരണമെന്ന് പറയപ്പെടുന്നു. തുടർച്ചയായി രണ്ടാം തവണയും വിജയിച്ച പ്രതിഭയെ അടുത്ത തവണ പരിഗണിക്കാൻ സാധ്യതകൾ കുറവാണ്. ഈ കഞ്ചാവ് കേസ് എംഎൽഎയെ അടുത്ത തവണ മാറ്റി നിർത്തുവാൻ പ്രാദേശിക നേതൃത്വത്തിന് ഉയർത്തിക്കാട്ടുവാൻ കഴിയുന്ന മറ്റൊരു വിഷയം കൂടിയാണ്. സിപിഎമ്മുമായി മാനസികമായി അകലുന്ന എംഎൽഎ മറ്റു വഴികളും തേടുന്നതായാണ് ലഭിക്കുന്ന വിവരം.
സിപിഎം വിട്ട് കോൺഗ്രസിലേക്ക് എത്തി വീണ്ടും മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുന്നതിനെപ്പറ്റിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഒരു ഘട്ടത്തിൽ പ്രാദേശിക നേതൃത്വം പ്രതിഭയ്ക്കെതിരെ 2018ൽ അച്ചടക്ക നടപടി പോലും സ്വീകരിച്ചിരുന്നു. തകഴി ഏരിയാ കമ്മിറ്റിയാണ് ഘടകത്തില്‍ നിന്നും പ്രതിഭ ഹരിയെ നീക്കണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. തുടര്‍ച്ചയായി ഏരിയാ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാത്തതും പാര്‍ട്ടി പരിപാടികളില്‍ നിന്ന് പ്രതിഭ വിട്ടുനില്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി. സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെ പിന്തുണച്ച് പ്രതിഭ രംഗത്തുവന്നതും പാർട്ടിക്കുള്ളിൽ വലിയ വിമർശനത്തിന് ഇടവരുത്തി. അന്‍വറിന്റെ നിരീക്ഷണങ്ങള്‍ കൃത്യമാണ്. ഒരു വ്യക്തി സര്‍വീസില്‍ ഇരിക്കുന്ന കാലത്ത് ചെയ്യാന്‍ പാടില്ലാത്തത് ചെയ്യുന്നെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നായിരുന്നു എംഎൽഎ പറഞ്ഞത്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയതിന് പിന്നാലെയും പിവി അന്‍വറിനുള്ള പിന്തുണ ആവര്‍ത്തിച്ച് പ്രതിഭ ഇക്കാര്യം പറഞ്ഞത്. സിപിഎം അന്‍വറിനെ തള്ളിയിട്ടില്ലെന്നും പിന്തുണ മാറ്റേണ്ട ആവശ്യമില്ലെന്നും പ്രതിഭ അന്ന് ആവർത്തിച്ചിരുന്നു. ആജീവനാന്ത പിന്തുണയാണ് അന്‍വറിന് നല്‍കിയതെന്നും അദ്ദേഹം ഉയർത്തിയ വിഷയത്തില്‍ ആദ്യം മുതല്‍ പിന്തുണക്കുന്നുണ്ടെന്നും പിന്തുണ ഒരു നിമിഷത്തേക്ക് മാത്രമല്ല പ്രഖ്യാപിക്കുന്നതെന്നും പ്രതിഭ തുറന്നടിച്ചിരുന്നു. ശരിയായ കാര്യത്തിന് നല്കുന്ന പിന്തുണ ആജീവനാന്തമാണെന്നും അവരുടെ വാദം അൻവറിന്റെ വഴിയെ നടക്കുന്നതിനുള്ള തുടക്കം ആണെന്ന തരത്തിലുള്ള ചർച്ചകളാണ് സിപിഎമ്മിൽ ഉണ്ടായത്. ഇനിയുള്ളവരും സത്യം വിളിച്ചു പറയാന്‍ ധൈര്യത്തോടെ മുന്നോട്ടുവരണമെന്നും അൻവറിനെ പിന്തുണച്ചുകൊണ്ട് പ്രതിഭ അന്ന് പറഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ സിപിഎമ്മിനെതിരെ സത്യം വിളിച്ചുപറഞ്ഞു പുതുവഴി തേടുകയാണ് പ്രതിഭയെന്ന കിംവദത്തി കായംകുളത്തെ ചൂടൻ ചർച്ചയായിരുന്നു. അത്തരം ചർച്ചകൾക്ക് കൂടുതൽ സാധ്യത നൽകുകയാണ് ഇപ്പോൾ മകനെതിരായി ഉയർന്നുവന്ന കഞ്ചാവ് ആരോപണം.