വനംമന്ത്രിയുടെ തൊലിക്കട്ടിയുടെ കാര്യത്തിൽ സമ്മതിക്കണം. ഈ കണ്ട മൃഗങ്ങൾ ഒക്കെ കാടിറങ്ങി നാട്ടിൽ വന്നു സാധാരണക്കാരനെ കൊല്ലുമ്പോൾ അതിന്റെ യാതൊരു ഉത്തരവാദിത്വബോധവും നമ്മുടെ മന്ത്രിപുങ്കനിൽ കാണാനില്ല. പുള്ളിക്കാരൻ വയനാട്ടിൽ ആന ചവിട്ടി ആളു മരിക്കുമ്പോൾ, കോഴിക്കോട് പാട്ടുപാടി രസിക്കുന്നത് നാം കണ്ടതാണ്. കേരളത്തിൽ ഒറ്റയാഴ്ചക്കിടെ നാല് പേരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ഏറ്റവും അവസാനം അട്ടമലയിലെ ബാലനെ കാട്ടാന ആക്രമിച്ചുകൊന്ന വാർത്ത വന്നതിന് ശേഷവും കാട്ടാന ആക്രമണത്തിൻ്റെ മൂന്ന് വാർത്തകൾ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പുറത്തുവന്നു.
ആനയും പുലിയും കടുവയും കാട്ടുപോത്തുമടക്കം ജനവാസമേഖലകളിലിറങ്ങി മനുഷ്യരെ കൊല്ലുന്ന വാർത്തകൾ കേരളത്തിൽ പുതുമയല്ലാത്ത കാര്യമായി മാറിയിരിക്കുകയാണ്. ഒടുവിലത്തെ കാട്ടാനയാക്രമണം റിപ്പോർട്ട് ചെയ്തത് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ബാധിത മേഖലയോട് ചേർന്ന അട്ടമലയിലാണ്. ഇരുപത്തിയേഴുകാരനായ ബാലനെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. പ്ലാന്റേഷനില്‍ സാധാരണ പോകുന്ന വഴിയില്‍ നിന്ന് മാറി മറ്റൊരു വഴിയില്‍ കൂടി പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നിരന്തരം കാട്ടാനയുടെ ശല്യമുള്ള പ്രദേശമാണിത്.
കഴിഞ്ഞ ദിവസമാണ് ഇടുക്കി പെരുവന്താനം സ്വദേശിയായ നാൽപ്പത്തഞ്ചുകാരി സോഫിയ ഇസ്മായിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊമ്പൻപാറ ടിആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് ആക്രമണം നടന്നത്. ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയിലെല്ലാം ഇതുവരെയില്ലാത്ത തരത്തിലുള്ള കാട്ടാന ഭീതിയിലാണ്. ജനവാസമേഖലയിലേക്ക് കാട്ടാനകൾ കൂട്ടമായി എത്തുന്നത് പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. കാട്ടാന ആക്രമണത്തിൽ പോയ വർഷം ഏറ്റവും കൂടുതൽ മരണം നടന്ന ജില്ല കൂടിയാണ് ഇടുക്കി. ഒരു വർഷം മാത്രം ഏഴുപേരുടെ ജീവനാണ് കാട്ടാനക്കലിയിൽ പൊലിഞ്ഞത്.
2023 ജനുവരി മുതൽ ഡിസംബർ വരെ ഏഴു പേരാണ് കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്. മൂന്നാർ വൈൽഡ് ലൈഫിൻ്റെ കണക്ക് പ്രകാരം 2003 മുതൽ 2023 വരെ 49 പേരെയാണ് കാട്ടാന കൊന്നത്. വയനാട് നൂല്‍പ്പുഴയിൽ നാൽപ്പത്തഞ്ചുകാരനും കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കാപ്പാട് ഉന്നതിയിലെ മാനു ആണ് കൊല്ലപ്പെട്ടത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴായിരുന്നു ആനയുടെ ആക്രമണം. മാനുവിനെ ആന എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. രണ്ട് ദിവസത്തിനിടെ വയനാട്ടിൽ രണ്ടാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്തത്.
തിരുവനന്തപുരം വെന്‍കൊല്ല സ്വദേശി ബാബുവിനെ കാട്ടാന ആക്രമിച്ചു കൊന്നെന്ന വാർത്ത പുറത്തുവന്നിരുന്നു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് പാലോട് അടിപ്പറമ്പ് വനത്തില്‍ അമ്പതുകാരന് കാട്ടാനയാക്രമണത്തിൽ ജീവൻ നഷ്ടമായത്. ഈ വർഷം ഇതുവരെ 7പേരാണ് സംസ്ഥാനത്ത് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
2025 തുടങ്ങി വെറും 42 ദിവസം പിന്നിട്ടപ്പോൾ സംസ്ഥാനത്ത് വിവിധ വന്യജീവി ആക്രമണങ്ങളിലായി ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 12ആയി. ഓരോ മരണത്തിന് ശേഷവും അതത് പ്രദേശവാസികൾ മൃതദേഹവുമായി പ്രതിഷേധിക്കും. അമർഷം പതിയെ കെട്ടടങ്ങും. അപകടഭീതിയും അനിശ്ചിതാവസ്ഥയും തീരാസങ്കടവും ശേഷിക്കുന്ന സമയത്ത് കാടിറങ്ങിവരുന്ന വന്യമൃഗം അടുത്ത ജീവനെടുക്കുന്ന സ്ഥിതി വിശേഷമാണ് സംസ്ഥാനത്ത് ഉള്ളത്.
മന്ത്രിക്കും സർക്കാരിനും ജനങ്ങളുടെ അവസ്ഥയിൽ അത്രകണ്ട് ആകുലതകൾ ഒന്നുമില്ലെങ്കിലും ഭീതിയുടേയും സങ്കടത്തിൻ്റേയും ചുരുളിയിലാണിപ്പോൾ മലയോര ജനത ഓരോ ദിവസവും തള്ളിനീക്കുന്നത്. വനത്തിനുള്ളിലും പുറത്തും നടന്ന വന്യജീവി ആക്രമണങ്ങളുണ്ടെന്ന് വനം മന്ത്രി എ. കെ. ശശീന്ദ്രൻ പറയുന്നു. ആദിവാസികൾ അല്ലാത്തവർ വനത്തിൽ എത്തുന്നത് എന്തിനെന്ന് പരിശോധിക്കണം. അത് നിയമവിരുദ്ധമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മരിച്ചവരുടെ കുടുംബത്തിന് സഹായ വിതരണവും ആശ്വാസവാക്കുകളും വിലയിരുത്തലുകളും യോഗങ്ങളും നടക്കുന്നതല്ലാതെ ഈ അപകടം നീക്കാൻ ഫലപ്രദമായ നീക്കം ഉണ്ടാകുന്നില്ല.
വനം വന്യജീവി നിയമങ്ങൾ കേന്ദ്രത്തിൻ്റ പരിധിയിലാണ്. ചെയ്യാവുന്നതിന് പരിധിയുണ്ടെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വാദം. കേരളത്തിലെ പ്രശ്നത്തിന് സംസ്ഥാന സർക്കാരാണ് പരിഹാരം കാണേണ്ടതെന്ന് പറഞ്ഞ് കേന്ദ്രത്തിന് ഒഴിയാം. പരസ്പരമുള്ള പഴിചാരലല്ല ഇവിടെ വേണ്ടത്. കാടിനുള്ളിൽ തന്നെ വന്യമൃഗങ്ങൾക്ക് ആവാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് പല സംസ്ഥാനങ്ങളും രാജ്യങ്ങളും ചെയ്യാറുള്ളത്. അത്തരം പഠനങ്ങൾ ഇവിടെയും നടന്നിട്ടുണ്ടെങ്കിലും അതിനു വേണ്ട തയ്യാറെടുപ്പുകൾ ഒന്നും തന്നെ ഈ സർക്കാർ സ്വീകരിക്കുന്നില്ല. ആരെയെങ്കിലും എവിടെയെങ്കിലും ആന കുത്തിയാൽ അവർക്കുള്ള നഷ്ടപരിഹാരം കൊടുക്കുന്നതിൽ മാത്രമാണ് സർക്കാരിന് ശ്രദ്ധ. അതിനപ്പുറത്തേക്ക് ഇത്തരത്തിലുള്ള അതിക്രമങ്ങൾ ആവർത്തിക്കാതെ ഇരിക്കുവാൻ യാതൊരു ശാശ്വത പരിഹാരങ്ങളും ഉണ്ടാകുന്നില്ല.
സ്വന്തം മുന്നണിയിൽ നിന്ന് പോലും വനമന്ത്രിക്കെതിരെ ഒട്ടേറെ വിമർശനങ്ങൾ ഉണ്ടാകുന്നു. മുഖ്യമന്ത്രിയുടെ ഒറ്റ സംരക്ഷണയിലാണ് ശശീന്ദ്രൻ മന്ത്രിസഭയിൽ തുടരുന്നത് പോലും. സിപിഐ ഉൾപ്പെടെയുള്ള മുന്നണിയിലെ മറ്റു ഘടകകക്ഷികൾക്ക് ശശീന്ദ്രനോട് ഒട്ടും യോജിപ്പില്ല. സൂചികൊണ്ട് എടുക്കേണ്ടതിനെ തൂമ്പ കൊണ്ട് എടുക്കുന്ന സമീപനമാണ് സ്വീകരിക്കാറുള്ളത്. ജനങ്ങൾക്കിടയിൽ ശശീന്ദ്രനും വനംവകുപ്പിനും എതിരെ വലിയതോതിലുള്ള പ്രതിഷേധം നിലനിൽക്കുന്നുണ്ട്.
വന്യമൃഗങ്ങൾ ഏതെങ്കിലും പ്രദേശത്തേക്ക് എത്തുമ്പോൾ, തുടർച്ചയായി അതിക്രമങ്ങൾ നടത്തുമ്പോൾ അവിടുത്തെ ജനതയ്ക്ക് സംരക്ഷണം നൽകേണ്ട സർക്കാരിന് അത് നിർവഹിക്കുവാൻ കഴിയുന്നില്ല. എല്ലായിടത്തുനിന്നും പഴികൾ കേൾക്കേണ്ടി വരുമ്പോഴും ശശീന്ദ്രന്റെ മുഖത്ത് അതൊന്നും പ്രകടമാകുന്നതേയില്ല. ശശീന്ദ്രന്റെ തൊലിക്കട്ടി സമ്മതിക്കണം. കാണ്ടാമൃഗത്തെ അനുസ്മരിക്കുംവിധം പോലെ തന്നെയാണ് ശശീന്ദ്രന്റെ കാര്യവും.