പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ ഒരുമാസത്തോളം നീണ്ട പരസ്യപ്രചരണത്തിന് ആവേശകരമായ പരിസമാപ്തി. സ്ഥാനാര്‍ത്ഥികളുടെ രണ്ട് മണിക്കൂറിലേറെ നീണ്ട വമ്പന്‍ റോഡ് ഷോകള്‍ അഞ്ചരയോടെ സ്റ്റേഡിയം ബസ്റ്റാന്റ് പരിസരത്ത് എത്തിച്ചേര്‍ന്നു. തുടര്‍ന്ന് നൂറ് കണക്കിന് പ്രവര്‍ത്തകരുടെ ആഘോഷത്തിമിര്പ്പിനൊടുവിലായിരുന്നു മൂന്ന് മുന്നണികളുടേയും കൊട്ടിക്കലാശം.
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോയ്ക്ക് മിഴിവേകി നടന് രമേഷ് പിഷാരടി, ഷാഫി പറമ്പില്‍ എംപി, മുനവറലി ശിഹാബ് തങ്ങള്‍, സന്ദീപ് വാര്യര്‍, പിസി വിഷ്ണുനാഥ് എംഎല്‍എ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കൊട്ടിക്കലാശത്തിന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം പങ്കെടുത്തു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്റെ വാഹനത്തില്‍ മന്ത്രി എംബി രാജേഷ്, സിപിഐഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു എന്നിവര്‍ അണിനിരന്നു. കേന്ദ്രകമ്മറ്റിയംഗം എകെ ബാലന്, സംസ്ഥാന സമിതിയംഗം എന്‍എന്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവര്‍ സരിന്റെ കൊട്ടിക്കലാശത്തില്‍ അണിചേര്‍ന്നു. സ്ഥാനാര്‍ത്ഥിയുടെ ചിഹ്നമായ സ്റ്റെതസ്കോപ്പ് ആലേഖനം ചെയ്ത പാര്‍ട്ടി പതാക ക്രെയിനില്‍ മാനംമുട്ടെ ഉയര്‍ത്തി എല്‍ഡിഎഫ് ഒരുപടി മുന്നിലെത്തി.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനൊപ്പം ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രന്, ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ് എന്നിവര്‍ റോഡ് ഷോയില്‍ പങ്കെടുത്തു. കൊട്ടിക്കലാശത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം പ്രവര്‍ത്തകര്‍ക്ക് ആവേശമായി.

മൂന്ന് മുന്നണികളുടേയും പ്രമുഖരായ നേതാക്കള്‍ ഉള്‍പ്പെടെ അണികള്‍ക്കൊപ്പം പാട്ടുപാടിയും നൃത്തം ചെയ്തുമാണ് കൊട്ടിക്കലാശം കളറാക്കിയത്. ചെണ്ടമേളവും നാടന്‍പാട്ടും ചാക്യാര്‍കൂത്തും ആട്ടവും പാട്ടും എല്ലം ചേര്‍ന്ന് കേരളരാഷ്ട്രീയത്തിലെ തന്നെ ഏറ്റവും വീര്യമേറിയ ഒരു കൊട്ടിക്കലാശത്തിനാണ് ഇന്ന് പാലക്കാട് സാക്ഷ്യം വഹിച്ചത്.
ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദപ്രചരണമാണ്. 20 ന് മണ്ഡലം വിധിയെഴുതും. 23 നാണ് വോട്ടെണ്ണല്‍.