രാജേഷ് തില്ലങ്കേരി
കേരളാ കോണ്‍ഗ്രസ് എം എല്‍ ഡി എഫ് വിടുമോ ? വിടില്ലെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. കേരളാ കോണ്‍ഗ്രസ് എം മുന്നണി വിട്ടേക്കുമെന്ന വാര്‍ത്തകള്‍ സജീവമായിരിക്കെയാണ് വിശദീകരണവുമായി പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണി രംഗത്തെത്തിയത്. പാര്‍ട്ടി മുന്നണി വിടുന്നതിനുള്ള ഒരു രാഷ്ട്രീയ സാഹചര്യവും നിലനില്‍ക്കുന്നില്ലെന്നും, കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ തുടരുമെന്നുമാണ് വ്യക്തമാക്കുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കേരളാ കോണ്‍ഗ്രസ് എം മുന്നണി വിടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. മുന്നണി വിടണമെന്നത് പാര്‍ട്ടി അണികളുടെ പൊതുവികാരമാണെന്നതരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവന്നിരുന്നത്. കേരളാ കോണ്‍ഗ്രസ് എമ്മിന് അടുത്ത തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്നും, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാലാ നഗരസഭപോലും നഷ്ടപ്പെട്ടേക്കാമെന്നുമാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ല; പ്രിയങ്ക ഗാന്ധി
എല്‍ ഡി എഫിനൊപ്പമുള്ള യാത്രയില്‍ ജോസ് കെ മാണിക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.
പാര്‍ട്ടിക്ക് ഒരു മന്ത്രിയും ചീഫ് വിപ്പുപദവിയും ലഭിച്ചുവെങ്കിലും ഇതൊന്നും പാര്‍ട്ടിക്ക് ഗുണം ചെയ്തില്ലെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷവും.
കേരളാ കോണ്‍ഗ്രസ് എം കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കാലത്താണ് കേരളാ കോണ്‍ഗ്രസ് ഇടതു മുന്നണിയുടെ ഭാഗമാവുന്നത്.
പാലായില്‍ വിജയിച്ചുകയറുക, കെ എം മാണി കൈകാര്യം ചെയ്തിരുന്ന റവന്യൂവകുപ്പില്‍ മന്ത്രിയാവുക, തുടങ്ങിയ പലവിധ ആഗ്രഹങ്ങളാണ് ജോസ് കെ മാണിക്കുണ്ടായിരുന്നത്. എന്നാല്‍ പാലായില്‍ മാണി സി കാപ്പനോട് തോറ്റതോടെ ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവിതന്നെ അനിശ്ചിതത്വത്തിലായി.
രാജ്യസഭാംഗമായിരുന്ന ജോസ് കെ മാണിക്ക് സി പി എമ്മിന്റെ കാരുണ്യത്തില്‍ വീണ്ടും രാജ്യസഭയില്‍ എത്താന്‍ കഴിഞ്ഞെങ്കിലും കോട്ടയത്തെ തോമസ് ചാഴികാടന്റെ തോല്‍വി വലിയ തിരിച്ചയായി. ഇതോടെയാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം യു ഡി എഫിലേക്ക് തിരിച്ചുപോവുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കി.
എന്നാല്‍ ചീഫ് വിപ്പ് മന്ത്രി സ്ഥാനം കൈവിട്ടുള്ള ഒരു കളിക്കും റോഷി തയ്യാറല്ല, വകുപ്പൊന്നുമില്ലെങ്കിലും കിട്ടിയ സൗഭാഗ്യം ഒഴിവാക്കിയുള്ള ഒരു പരിപാടിക്കും ചീഫ് വിപ്പ് ജയരാജും തയ്യാറാല്ല. ഇതോടെ കേരളാ കോണ്‍ഗ്രസ് എം മുന്നണി വിട്ടാലും പാര്‍ട്ടി പിളരുന്ന അവസ്ഥയിലാണ്.
യു ഡി എഫ് നേതൃത്വവുമായി കേരളാ കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്നും പാലാ, കടുത്തുരുത്തി സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമുണ്ടായാല്‍ മുന്നണി വിടുമെന്ന രീതിയിലാണ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ വൈകുന്നേരത്തോടെ വാര്‍ത്തകള്‍ നിഷേധിച്ച് പാര്‍ട്ടി ചെയര്മാന് തന്നെ രംഗത്തെത്തുകയായിരുന്നു.