തിരുവനന്തപുരം: ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി തിരുവനന്തപുരത്ത് ഐ.ടി കമ്പനി പ്രതിനിധികളുമായി സംവദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയതിലൂടെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും ഇത് സംസ്ഥാനത്തിൻ്റെ വ്യവസായ വേഗത കൂടിയതായും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ കൂടുതൽ ടെക്നോ പാർക്കുകൾക്ക് സർക്കാർ സന്നദ്ധമാണ്. മൂന്ന് ഐ ടി കോറിഡോറുകൾ സംസ്ഥാനം നിർദേശിച്ചു കഴിഞ്ഞു. നിലവിലെ കേരളത്തിലെ വ്യവസായ, നിക്ഷേപ അന്തരീക്ഷത്തിൽ സംസ്ഥാന സർക്കാർ സാധ്യമാക്കിയ മാറ്റം കൂടുതൽ ജനങ്ങളിലെത്തണം.
രാജ്യത്തെ ആദ്യ ടെക്നോപാർക്കായിട്ടും വേണ്ടത്ര വളർച്ച തിരുവനന്തപുരത്തെ ക്യാമ്പസിന് ഒരു ഘട്ടത്തിൽ നേടാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് ആ സ്ഥിതി മാറുകയും വേഗത കൂടി വികാസം വർധിക്കുകയും ചെയ്തു. സംസ്ഥാനത്തിൻ്റെ മനുഷ്യ വിഭവശേഷി ഇവിടെ തന്നെ ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ പ്രൊഫഷണലുകളെ ആകർഷിക്കുന്നതിന് മെച്ചപ്പെട്ട സ്ഥാപനങ്ങൾ കൂടുതൽ കേരളത്തിലെത്തേണ്ടതായുണ്ട്. കേരളത്തിലുള്ളവരെ ഇവിടെ നിലനിർത്തുകയും പുറത്തുള്ള മികച്ച പ്രൊഫഷണലുകളെ കേരളത്തിലേക്ക് എത്തിക്കുകയും ചെയ്യണം. നിർദിഷ്ട മൂന്ന് ഐ ടി കോറിഡോർ സാധ്യമാക്കാൻ സംസ്ഥാന ഗവൺമെൻ്റ് ശ്രമിക്കുന്നത് ഈ സാഹചര്യത്തിലാണ്.
‘മെട്രോ കണക്ട്’ പ്രവർത്തനം ആരംഭിച്ചു
കണക്ടിവിറ്റിക്ക് വളരെയധികം പ്രാധാന്യമാണ് സംസ്ഥാന സർക്കാർ നൽകുന്നത്. എയർപോർട്ടുകളുടെ വികസനം കേന്ദ്രവുമായി സഹകരിച്ച് വേഗത്തിലാക്കാൻ ശ്രമിക്കുകയാണ്. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയുമായി ഇതിനകം ചർച്ച നടത്തി. ഇതിനായി സിവിൽ ഏവിയേഷൻ സമ്മിറ്റ് നടത്താൻ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. കോഴിക്കോടും കണ്ണൂരും വിമാനത്താവളങ്ങൾ കൂടുതൽ വികസിക്കണ്ടതാണ്. ഇതോടൊപ്പം ശബരിമല വിമാനത്താവളവും യാഥാർഥ്യമാകും. വിവിധ എയർ സ്ട്രിപ്പുകളുടെ നിർമാണം, റോഡുകളുടെ വികസനം എന്നിവയും സർക്കാർ പൂർത്തീകരിക്കുകയാണ്. കൊച്ചി വാട്ടർ മെട്രോയുടെ വികസനം, കോവളം – ബേക്കൽ ദേശീയ ജലപാത എന്നിവയും ഉടൻ പൂർത്തിയാകും. ജലഗതാഗത സംവിധാനങ്ങളുടെ വികസനം കൂടുതൽ വ്യവസായ സാധ്യതകളൊരുക്കും.
കേരളത്തിൻ്റെ നിക്ഷേപ വ്യവസായ അന്തരീക്ഷത്തിൽ സംതൃപ്തി രേഖപ്പെടുത്തിയ യോഗത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾ കേരളത്തിൻ്റെ അംബാസഡർമാരായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബന്ധപ്പെട്ട വകുപ്പും മന്ത്രിമാരും മുഖ്യമന്ത്രിയും വ്യവസായ സൗഹൃദ നടപടികൾക്ക് നിക്ഷേപകർക്കൊപ്പമുണ്ടാകും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഏഴാം ക്ലാസ് പാഠ പുസ്തകത്തിൽ സംസ്ഥാനം ഉൾപ്പെടുത്തി. ഈ മേഖലയിൽ കൂടുതൽ മുന്നേറ്റത്തിനും അനുബന്ധ വ്യവസായ സാധ്യതകൾക്കും സംസ്ഥാനം സന്നദ്ധമാണെന്നും പ്രതിനിധികളുടെ ചോദ്യത്തിനുത്തരമായി മുഖ്യമന്ത്രി പറഞ്ഞു.
എയര്‍ കേരള ജൂണില്‍ ; ആദ്യ സര്‍വീസ് കൊച്ചി ഹബ്ബിൽ നിന്ന്
സ്റ്റാർട്ടപ്പ് മേഖലയിൽ ഇന്ത്യയിൽ മികച്ച നിലവാരം പുലർത്തുന്ന സംസ്ഥാനമാണ് കേരളം. വ്യാവസായിക രംഗത്ത് പുതിയ സ്ഥാപനങ്ങൾ വരുന്നത് പ്രതീക്ഷ നൽകുന്നു. സമൂഹത്തിന് വേണ്ടിയുള്ള സ്ഥാപനമെന്ന നിലയിലാണ് നിക്ഷേപകരെയും വ്യവസായ സ്ഥാപനങ്ങളെയും സംസ്ഥാന സർക്കാർ പരിഗണിക്കുന്നതെന്നും ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ നിക്ഷേപകർക്കൊപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.