കൂത്തുപറമ്പ് പൊലീസ് വെടിവയ്പിലെ സമരനായകൻ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ (53) അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഉച്ചയ്ക്കു ശേഷം മൂന്നരയോടെയായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് ജൂലൈ 31ന് പുഷ്പനെ തലശേരി സഹകരണ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടാകാതിരുന്നതിനാൽ പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെയാണ് അന്ത്യം. മൃതദേഹം നാളെ രാവിലെ 8ന് കണ്ണൂരിലേക്ക് കൊണ്ടുപോകും
എഴുപതാമത് നെഹ്റു ട്രോഫി വളളംകളിയില്‍ ജലരാജാക്കന്മാരായി കാരിച്ചാല്‍ ചുണ്ടന്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഫോട്ടോ ഫിനിഷിലാണ് ഫൈനല്‍ മത്സരം അവസാനിച്ചത്. 19 ചുണ്ടന് വള്ളങ്ങള്‍ അടക്കം 72 കളിവള്ളങ്ങള്‍ മാറ്റുരച്ച മത്സരത്തില്‍ നിരണം ചുണ്ടന്, വീയപുരം ചൂണ്ടന്, നടുഭാഗം ചുണ്ടന്, കാരിച്ചാല്‍ ചുണ്ടന് എന്നിവരാണ് ഫൈനലില്‍ പോരാടിയത്. പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബിന്റെ വിജയമിത് തുടര്‍ച്ചയായ അഞ്ചാം തവണയാണ്.
എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ. ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കും. മൂന്നാം തീയതി എ കെ ശശീന്ദ്രനും തോമസ് കെ തോമസിന് ഒപ്പം മുഖ്യമന്ത്രിയെ കാണുമെന്നും പിസി ചാക്കോ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്തെത്തിയ പിവി അൻവറിൻറെ നീക്കങ്ങൾ നിരീക്ഷിച്ച് സിപിഎം സംസ്ഥാന നേതൃത്വം. കേന്ദ്ര കമ്മിറ്റിയിൽ സംസ്ഥാന നേതൃത്വം വിവാദം വിശദീകരിക്കും. ദില്ലിയിൽ നാളെയും മറ്റന്നാളുമായാണ് കേന്ദ്രകമ്മിറ്റി യോഗം നടക്കുന്നത്. മുസ്ലീം സമുദായത്തെ ഒന്നടങ്കം പാർട്ടിക്കെതിരെ തിരിക്കാൻ അൻവറിന്റെ നീക്കം കാരണമായേക്കുമെന്നാണ് സിപിഎം വിലയിരുത്തൽ. അൻവറിൻറെ ഓരോ നീക്കത്തെയും ഏറെ കരുതലോടെയാണ് അതിനാൽ നേതൃത്വം കാണുന്നത്.
പി വി അൻവർ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും നടത്തിയ ആരോപണങ്ങളിൽ മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അൻവറിൻറെ ആരോപണങ്ങൾ ഗുരുതരമാണെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ഉൾപ്പെടെ ഫോൺ ചോർത്തിയ സംഭവവും ഗൗരമേറിയ വിഷയമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തനിക്ക് പരാതി കിട്ടിയാൽ നിയമപരമായ നടപടികൾ സ്വീകരിക്കും. ഫോൺ ചോർത്തലിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഗവർണർ പറഞ്ഞു.
പ്രിയപ്പെട്ട അർജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിൻറെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേർന്ന് അർജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ 11.45ഓടെ അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കി അർജുൻറെ ചിതയ്ക്ക് തീകൊളുത്തി.കേരളത്തിൻറെ മുഴുവൻ കണ്ണീരോർമയായാണ് അർജുൻ വിടവാങ്ങിയത്. ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മല ഇടിഞ്ഞുവീണ് ലോറിയോടൊപ്പം കാണാതായി എഴുപത്തി രണ്ടാം ദിവസം കണ്ടെടുത്ത അർജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. ജനപ്രതിനിധികളും സാമൂഹിക സാംസ്കാരിക നേതാക്കളും അടക്കം ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.
ബലാത്സംഗക്കേസിൽ മുൻകൂർജാമ്യം തള്ളിയ നടൻ സിദ്ദിഖ് 4 ദിവസം മുമ്പ് വരെ കൊച്ചിയിൽ ഉണ്ടായിരുന്നതായി രേഖകൾ പുറത്ത്. മുൻകൂർ ജാമ്യപേക്ഷ തള്ളിയ ദിവസവും സിദ്ദിഖ് കൊച്ചിയിൽ ഉണ്ടായിരുന്നു. സുപ്രീം കോടതിയിൽ നൽകാനുള്ള രേഖകൾ അറ്റെസ്റ്റ് ചെയ്തത് ഹൈക്കോടതിക്ക് തൊട്ടടുത്തുള്ള നോട്ടറിയിൽ എത്തിയാണ്. ഇവിടെ നേരിട്ട് എത്തിയാണ് സിദ്ദിഖ് രേഖകൾ അറ്റെസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ടുള്ളത്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ സെപ്തംബർ 29, 30 തിയ്യതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ ‘കുത്തക മാതൃക’ രാജ്യത്തെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയെന്ന് രാഹുൽ ഗാന്ധി. ജിഎസ്ടി ലഘൂകരിക്കണമെന്നും അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ചെറുകിട ബിസിനസുകൾക്ക് ബാങ്കിംഗ് സംവിധാനം തുറന്നുകൊടുക്കണമെന്നും രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ ആവശ്യപ്പെട്ടു.
ബെയ്റൂട്ടിലെ ഹിസ്ബുല്ല ആസ്ഥാനത്തേക്ക് നടത്തിയ ആക്രമണത്തിൽ തലവൻ ഷെയിഖ് ഹസൻ നസ്റല്ലയെ വധിച്ചെന്ന് ഇസ്രയേൽ അവകാശവാദം. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം പുറത്ത് വിട്ടത്. 3 പതിറ്റാണ്ടായി ഹിസ്ബുല്ലയുടെ നേതൃത്വത്തിലുളള സെക്രട്ടറി ജനറലാണ് ഹസൻ നസ്റല്ല. ലെബനോനിലും പശ്ചിമേഷ്യയിലും ഏറ്റവും സ്വാധീനമുളള സായുധ സംഘടനയായി ഹിസ്ബുല്ലയെ വളർത്തിയെടുത്തത് ഹസൻ നസ്റല്ലയാണ്.
ഇന്നത്തെ വാര്‍ത്തകള്‍
ജലരാജാക്കന്മാരായി കാരിച്ചാല്‍ ചുണ്ടന്

Leave a comment
Leave a comment