ഇന്ന് വൃശ്ചികം ഒന്ന്, മണ്ഡലമാസ പൂജകൾക്കായി നട തുറന്നു. ഇനി വൃതശുദ്ധിയുടെയും ശരണംവിളിയുടേയും നാളുകള്‍. പുതിയ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നടതുറന്നത്. ഇന്നുമുതല്‍ ഡിസംബര്‍ 26 വരെ എല്ലാ ദിവസവും പൂജകളുണ്ടാകും.
മണ്ഡലപൂജ ഡിസംബര്‍ 26-നാണ്. അന്ന് രാത്രി 11ന് നട അടയ്ക്കും. മകരവിളക്കിനായി ഡിസംബര്‍ 30-ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14-നാണ് മകരവിളക്ക്. തീര്‍ഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20-ന് നട അടയ്ക്കും.
ഇന്നലെ മുപ്പതിനായിരം പേരാണ് വെര്‍ച്വല്‍ ക്യൂ മുഖേന ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ആദ്യ ആഴ്ചയിലെ ഓണ്‍ലൈന്‍ ബുക്കിംഗ് പൂര്‍ണ്ണമായും നിറഞ്ഞ് കഴിഞ്ഞു. അയ്യപ്പ ദര്‍ശനത്തിനായി എത്തുന്ന എല്ലാവര്ക്കും ദര്‍ശന സൗകര്യമുണ്ടാകും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. പതിനെട്ടാം പടിയില്‍ പരമാവധി ഭക്തരെ വേഗത്തില്‍ കടത്തി വിടാനുള്ള സൗകര്യം പൊലീസ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 16 മണിക്കൂര്‍ ദര്‍ശനമായിരുന്നുവെങ്കില്‍ ഇക്കുറി 18 മണിക്കൂര്‍ ദര്‍ശന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.