ന്യൂഡല്‍ഹി: തബല മാന്ത്രികന് ഉസ്താദ് സാകിര്‍ ഹുസൈന് വിട. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്കോ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. സാക്കിര്‍ ഹുസൈന് അന്തരിച്ചതായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉള്‍പ്പെടെ രാത്രി ട്വീറ്റ് ചെയ്തതോടെ രാജ്യമെങ്ങുമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ കുടുംബം ഈ വാര്‍ത്ത നിഷേധിച്ച് രംഗത്ത് വന്നു. പിന്നീട് രാവിലെയോടെ കുടുംബാംഗങ്ങള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സാക്കിര്‍ ഹുസൈന്റെ മരണം കുടുംബം സ്ഥിരീകരിച്ചത്. തബലയെ ലോകപ്രശസ്തയിലേക്ക് ഉയര്‍ത്തിയവരില്‍ ഒരാളാണ് ഉസ്താദ് സാക്കിര്‍ ഹുസൈന്. മലയാളത്തില്‍ ‘വാനപ്രസ്ഥം’ അടക്കം ഏതാനും സിനിമകള്‍ക്ക് സംഗീതം നല്കി.
1991ലും 2009ലും ഗ്രാമി പുരസ്കാരം ലഭിച്ചു. രാജ്യം അദ്ദേഹത്തെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്കി ആദരിച്ചു. പ്രശസ്ത കഥക് നര്‍ത്തകിയുമായ അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷിയും ഇസബെല്ല ഖുറേഷിയുമാണ് മക്കള്‍.