തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ അടക്കപ്പെട്ട ഗ്രീഷ്മയ്ക്ക് കൂട്ട് മൂന്ന് കൊലപ്പുള്ളികളും പോക്സോ കേസ് പ്രതിയും. അഞ്ച് പേർ അടങ്ങുന്ന സെല്ലിലാണ് ഗ്രീഷ്മയെ പാർപ്പിച്ചിരിക്കുന്നത്. അട്ടക്കുളങ്ങര വനിതാ ജയിലിലെ ഇക്കൊല്ലത്തെ ആദ്യ തടവുകാരിയാണ് ഗ്രീഷ്മ. ചിത്രം വരയാണ് ജയിലിൽ ഗ്രീഷ്മയുടെ പ്രധാന വിനോദം. ജയിലിലെ 14ാം ബ്ലോക്കിൽ 11-ാം നമ്പർ സെല്ലിൽ 24ാമത്തെ തടവുകാരിയാണ് ഗ്രീഷ്മ. നേരത്തെ 11 മാസം ഗ്രീഷ്മ ജയിലിൽ കഴിഞ്ഞതിനാൽ ജയിലും ചുറ്റുപാടും നന്നായി അറിയാം. 1/2025 എന്ന നമ്പറാണ് ഗ്രീഷ്മയുടേത്. വിചാരണക്കാലത്തും ഇതേ സെല്ലിൽ തന്നെയായിരുന്നു വാസം.
എന്നാൽ, സഹതടവുകാരുടെ പരാതിയെത്തുടർന്ന് കഴിഞ്ഞവർഷം സെപ്റ്റംബറിൽ മാവേലിക്കര വനിതാ സ്പെഷ്യൽ ജയിലിലേക്ക് ഗ്രീഷ്മയെ മാറ്റിയിരുന്നു. ജയിലിൽ എത്തി പിതാവും മാതാവും വിതുമ്പി കരഞ്ഞപ്പോഴും ഗ്രീഷ്മക്ക് ഭാവമാറ്റമില്ലെന്ന് ജയിൽ അധികൃതർ പറയുന്നു. കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെയാണ് അവർ പെരുമാറുന്നത്. ഈ ശിക്ഷാവിധി തന്റെ ജീവിതം അവസാനിപ്പിക്കില്ലെന്ന ബോധ്യത്തിലാണ് ഗ്രീഷ്മ കഴിയുന്നത്. വൈകാതെ ജാമ്യം നേടി പുറത്തിറങ്ങുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.