ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടം നിരവധി ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കുമാണ് വഴിയൊരുക്കിയത്. ഹെലികോപ്റ്റർ എങ്ങനെ തകർന്നു, തകർക്കപ്പെട്ടതാണോ തുടങ്ങി നിരവധി സംശയങ്ങളാണ് ഉയരുന്നത്. ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ് ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒൻപതു യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം വന്നത്.
ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. അപകടം നടന്നത് ഇന്നലെയാണെങ്കിലും 14 മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്ത് എത്താനായാത്. പ്രതികൂല കാലാവസ്ഥയായിരുന്നു പ്രധാന വെല്ലുവിളി. ജീവന്റെ ഒരു തുടിപ്പ് പോലും അവശേഷിക്കുന്നില്ലെന്ന് രക്ഷാപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. തുർക്കിയുടെ ഡ്രോൺ സംഘമാണ് ഹെലികോപ്റ്റർ കണ്ടെത്തിയത്. മലയിടുക്കുകളിൽ തട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
ആകാശദുരന്തങ്ങളെത്തുടര്ന്നുള്ള ഗൂഢാലോചന സിദ്ധാന്തങ്ങള് സംബന്ധിച്ച ചർച്ചകൾക്ക് ഇന്ത്യയും പലതവണ വേദിയായിട്ടുണ്ട്. സഞ്ജയ് ഗാന്ധി മുതൽ വൈഎസ്.രാജശേഖര റെഡ്ഡി വരെയുള്ളവരുടെ വിമാനാപകട മരണങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തെ ഉലച്ചിരുന്നു. ഏറ്റവുമൊടുവിൽ, 2021 ഡിസംബർ 8 ന് ഇന്ത്യയുടെ ആദ്യ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും മരണപ്പെട്ടപ്പോഴടക്കം ഇത്തരം ചർച്ചകൾ സജീവമായിരുന്നു.
റെയ്സിയുടെ മരണത്തിനു സമാനമായിരുന്നു ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മരണം. 2009 സെപ്റ്റംബർ 3 നാണ് വൈഎസ്ആർ സഞ്ചരിച്ച ബെൽ 430 എന്ന ഹെലികോപ്റ്റർ ചിറ്റൂരിനടുത്തുള്ള വനമേഖലയിൽ കാണാതായത്. 72 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. എഴുപതോളം പേരാണ് റെഡ്ഡിയുടെ മരണവാർത്തയിൽ മനംനൊന്ത് അന്ന് ആന്ധ്രയിൽ ആത്മഹത്യ ചെയ്യുകയോ ഹൃദയസ്തംഭനം വന്ന് മരിക്കുകയോ ചെയ്തത്.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യ മരിച്ചതും വിമാനാപകടത്തിലാണ്. 2001 സെപ്റ്റംബർ 30ന് ഉത്തർപ്രദേശിലെ കാൻപുരിൽ റാലിയിൽ പങ്കെടുക്കാൻ പോകുമ്പാഴായിരുന്നു സിന്ധ്യ അപകടത്തിൽപെട്ടത്. അദ്ദേഹം സഞ്ചരിച്ച 10 സീറ്റുള്ള സി-90 വിമാനം കാൻപുരിൽനിന്ന് 172 കിലോമീറ്റർ അകലെ മണിപ്പുരിലെ ഒരു പ്രദേശത്തു കണ്ടെത്തുകയായിരുന്നു. മോശം കാലാവസ്ഥയും മേഘസ്ഫോടനവുമായിരുന്നു അപകടകാരണം. അരുണാചൽ മുൻ മുഖ്യമന്ത്രി ദോർജി ഖണ്ഡു കൊല്ലപ്പെട്ട പവൻ ഹാൻസ് ഹെലികോപ്റ്റർ അപകടത്തിനും കാരണമായി പറയുന്നത് മോശം കാലാവസ്ഥയാണ്. കാണാതായ ഹെലികോപ്റ്റർ നാലു ദിവസത്തിനു ശേഷമാണ് ചൈന അതിർത്തിയിലെ ലുഗുതാങ്ങിൽ കണ്ടെത്തിയത്.
വിമാനാപകട മരണങ്ങളിൽ എപ്പോഴും ഓർക്കപ്പെടുന്ന പേരാണ് സഞ്ജയ് ഗാന്ധിയുടേത്. 1980 ജൂൺ 23 നു രാവിലെ 8 മണിയോടെയാണ് ഡൽഹിയിലെ സഫ്ദർജങ് വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ഗ്ലൈഡർ തകർന്നുവീഴുന്നത്. എയ്റോബാറ്റിക്സിൽ തൽപരനായിരുന്ന സഞ്ജയ് തന്നെയായിരുന്നു ഡൽഹി ഫ്ളൈയിങ് ക്ലബിന്റെ പുതിയ വിമാനം പറത്തിയത്. എയറോബാറ്റിക്സ് പ്രകടനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു വിമാനം തകർന്ന് വീണ് ക്യാപ്റ്റൻ സുഭാഷ് സക്സേനയടക്കം മരിച്ചു. സഞ്ജയ് ഗാന്ധിയുടെ മരണം ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളെത്തന്നെ മാറ്റിമറിച്ചു. ഇന്ദിരാ ഗാന്ധി തന്റെ മൂത്തപുത്രൻ രാജീവ് ഗാന്ധിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതും ഇതിനു ശേഷമാണ്.
ഇവർക്ക് പുറമെ, ഹരിയാന മന്ത്രി ഒ.പി.ജിൻഡാൽ, മുൻ ലോക്സഭാ സ്പീക്കർ ജി.എം.സി.ബാലയോഗി തുടങ്ങിയവരും വിമാനാപകടത്തിൽ കൊല്ലപ്പെട്ട നേതാക്കളാണ്. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായി, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ, മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് തുടങ്ങിയവർ വിമാനാപകടങ്ങളെ അതിജീവിച്ച പ്രമുഖരാണ്.