ദില്ലി: നരേന്ദ്ര മോദിയും ബിജെപിയും ഈ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിട്ട ‘മോദിയുടെ ഗ്യാരണ്ടി’ക്ക് പകരം ഗ്യാരണ്ടിയുമായി അരവിന്ദ് കെജ്രിവാള്. മോദി ഇതുവരെ ചെയ്യുമെന്ന് പറഞ്ഞ ഒന്നും ചെയ്തില്ലെന്നും ഏത് ഗ്യാരണ്ടി വിശ്വാസത്തിലെടുക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കെജ്രിവാള്.
15 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കുമെന്ന് പറഞ്ഞത് നടന്നില്ല, മോദിയുടെ ഒരു ഗ്യാരണ്ടിയും നടന്നിട്ടില്ല, അടുത്ത വർഷം മോദി വിരമിക്കും എന്നും ആവർത്തിച്ച് കെജ്രിവാൾ. മോദി റിട്ടയർ ചെയ്താൽ ആര് ഗ്യാരണ്ടി നടപ്പാക്കുമെന്നും ചോദ്യം.
കെജ്രിവാളിന്റെ 10 ഗ്യാരണ്ടികള്‍:-
- വിലക്കയറ്റം പിടിച്ചുനിര്‍ത്തും
- രാജ്യത്ത് എല്ലാവര്ക്കും വൈദ്യുതിയെത്തിക്കും
- എല്ലാവര്ക്കും മികച്ച ചികിത്സ ഉറപ്പാക്കും
- രാഷ്ട്ര സുരക്ഷ ഉറപ്പാക്കും, ചൈന കടന്നു കയറിയ ഭൂമി തിരിച്ചുപിടിക്കും, സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നല്‍കും
- അഗ്നിവീർ പദ്ധതി നിർത്തലാക്കും, നിലവിൽ പദ്ധതിയിൽ ചേർന്നവരെ സ്ഥിരപ്പെടുത്തും
- കർഷകർക്ക് താങ്ങ് വിലയ്ക്ക് നിയമസാധുത നൽകും
- ഒരുവർഷത്തിനകം 2 കോടി ജോലി അവസരങ്ങള്‍
- ബിജെപിയുടെ വാഷിങ് മെഷീൻ ഇല്ലാതാക്കും
- അഴിമതി കേസിൽ കൃത്യമായ അന്വേഷണം നടത്തി നടപടികളെടുക്കും
- വ്യാപാരികൾക്ക് അനുകൂല വ്യവസ്ഥ നിർമ്മിക്കും, ചുവപ്പ് നാട ഒഴിവാക്കും
മോദി നിയമം കൊണ്ടുവന്നാണ് മുതിർന്ന നേതാക്കളെ വിരമിപ്പിച്ചത്, തനിക്ക് ഈ നിയമം ബാധകം അല്ലെങ്കിൽ മോദി പറയട്ടെ , അദ്വാനിക്ക് വേണ്ടി ആണ് നിയമം എങ്കിൽ അത് വ്യക്തമാക്കട്ടെയെന്നും കെജ്രിവാള്.