സിനിമയിലെ നിത്യ യൗവന താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. തന്റേതായ തനത് ശൈലിയിലുള്ള അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനം കവരുന്ന അതുല്യപ്രതിഭയാണ് കുഞ്ചാക്കോ ബോബൻ. എണ്ണമറ്റ സിനിമകളിലൂടെ എല്ലാത്തരം പ്രേക്ഷകരിലേക്കും എത്തുവാൻ കഴിഞ്ഞിട്ടുള്ള ചുരുക്കം ചില അഭിനേതാക്കളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവിലൂടെ വന്ന് ചോക്ലേറ്റ് ഹീറോയായി മാറി മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനായ വ്യക്തിയാണ് അദ്ദേഹം.
റൊമാന്റിക്ക് വേഷങ്ങൾ കൈകാര്യം ചെയ്യാൻ മലയാളത്തിൽ കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ കഴിഞ്ഞിട്ടേ ആളുള്ളൂ. എന്നാൽ കുറച്ച് വർഷക്കാലയമായി തന്റെ ചോക്ലേറ്റ് ഹീറോ ഇമേജ് പൊളിക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. മികച്ച അഭിനയ മുഹൂർത്തങ്ങളുള്ള വേഷങ്ങൾ കൈകാര്യം ചെയ്യുകയാണ് ഇപ്പോൾ അദ്ദേഹം. അഞ്ചാം പാതിരാ, നായാട്ട്, പട തുടങ്ങിയ ചിത്രങ്ങളിലൊക്കെ അദ്ദേഹം ഇപ്പോൾ അഭിനയമുഹൂർത്തം നിറഞ്ഞ കഥാപാത്രത്തിലൂടെ തിളങ്ങി നിൽക്കുകയാണ്. ഇപ്പോഴിത വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുമെന്ന തരത്തിലുള്ള ചർച്ചകളാണ് പുറത്തുവരുന്നത്.
ചില സാമൂഹ്യ മാധ്യമ പ്രൊഫൈലുകളിലാണ് അത്തരത്തിലുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. മുൻപ് കുഞ്ചാക്കോ ബോബൻ കോൺഗ്രസ് നേതാക്കളുമായും മറ്റും അടുത്ത് ഇടപഴകുന്ന ചിത്രങ്ങളും മറ്റും പങ്കുവെച്ചുകൊണ്ടാണ് ഇത്തരത്തിൽ ഒരു പ്രചാരണം കൊഴുക്കുന്നത്. കോൺഗ്രസ് രാഷ്ട്രീയത്തെ പ്രത്യക്ഷത്തിൽ അല്ലെങ്കിലും പരോക്ഷമായി പിന്തുടരുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. പൊതുവേ മലയാള സിനിമയിൽ കോൺഗ്രസ് രാഷ്ട്രീയത്തെ പിന്തുടരുന്നവർ നന്നേ കുറവാണ്. ഒരുപക്ഷേ സിപിഎമ്മിനും ഇടതു പാർട്ടികൾക്കും അനുകൂലകമായി പലതാരങ്ങളും പരസ്യമായി രംഗത്ത് വരുമ്പോഴും കോൺഗ്രസ് രാഷ്ട്രീയം ഉറക്കെ പറയുവാൻ ധൈര്യം കാട്ടിയവർ വളരെ കുറവായിരുന്നു.
മലയാള സിനിമ എടുത്തു പരിശോധിച്ചാൽ തന്നെ സിദ്ദീഖും സലിംകുമാർ ജഗദീഷും മാത്രമാണ് തങ്ങളുടെ രാഷ്ട്രീയം കോൺഗ്രസ് രാഷ്ട്രീയമാണെന്ന് ഉറക്കെ പറയുവാനുള്ള ആർജ്ജവം കാട്ടിയിട്ടുള്ളത്. ഇതിൽ ജഗദീഷ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വരെ ഒരു കൈ നോക്കുകയും ചെയ്തു. സമീപകാലത്ത് എന്നാൽ കോൺഗ്രസ് രാഷ്ട്രീയമാണ് താങ്കളുടേത് എന്ന് ആർജ്ജവത്തോടെ പറഞ്ഞ ഒട്ടേറെ പേർ ഉണ്ടായിട്ടുണ്ട്. ധർമ്മജൻ ബോൾഗാട്ടി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലത്തിലെ സ്ഥാനാർത്ഥിയായിരുന്നു. കടുത്ത മത്സരം കാഴ്ചവെച്ചെങ്കിലും സച്ചിൻ ദേവിനോട് ധർമ്മജൻ പരാജയപ്പെടുകയായിരുന്നു. ഇന്നിപ്പോൾ കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി ഒരുകാലത്ത് കോൺഗ്രസ് രാഷ്ട്രീയത്തെ പരസ്യമായി പിന്തുണച്ച ആളായിരുന്നു.
കെ കരുണാകരനുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു ആൾ. പക്ഷേ അദ്ദേഹത്തെ വേണ്ടപോലെ ഉപയോഗപ്പെടുത്തുവാൻ കോൺഗ്രസിന് കഴിഞ്ഞില്ല. അതിന്റെ നിരാശ ഇന്നത്തെ ചില നേതാക്കൾക്കെങ്കിലും ഉണ്ടാവുകയും ചെയ്യും. പ്രമുഖ നിർമ്മാതാവ് ആന്റോ ജോസഫ് കോൺഗ്രസിന്റെ സജീവ പ്രവർത്തനത്തിലേക്ക് കടന്നു വന്ന ശേഷമാണ് സമീപകാലത്ത് ഒരുപിടി നടന്മാരും പാർട്ടിയുടെ വേദികളിലേക്ക് എത്തുവാൻ തുടങ്ങിയത്.
നടൻ പിഷാരടി കോൺഗ്രസിൽ സജീവമായത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു. പിഷാരടിക്ക് ഒപ്പം ഇടവേള ബാബുവും കോൺഗ്രസിന്റെ ഭാഗമായി. പിഷാരടി കോൺഗ്രസിൽ ചേർന്നത് പാർട്ടിക്ക് ആ സമയത്ത് വലിയ ആശ്വാസവും ആവേശവും ആയിരുന്നു. പിന്നീട് അങ്ങോട്ട് കോൺഗ്രസ് വേദികളിലെ നിറസാന്നിധ്യമായി പിഷാരടി മാറി. പ്രവർത്തകരെ ആവേശം കൊള്ളിക്കുവാനും എതിരാളികളുടെ ചങ്കിന് കൊള്ളുന്ന തരത്തിൽ പ്രസംഗിക്കുവാനും പിഷാരടി തുടങ്ങിയതോടെ പ്രസംഗങ്ങൾ വൈറലായി. ഇടയ്ക്ക് പല ആവർത്തി പിഷാരടി സിപിഎം സൈബർ സഖാക്കളുടെ വ്യാപക സൈബർ ആക്രമണങ്ങൾക്കും ഇരയാകേണ്ടി വന്നിട്ടുണ്ട്.
നടൻ സലിംകുമാറും ഈയടുത്ത് കോഴിക്കോട് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്തുകൊണ്ട് കോൺഗ്രസ് ആയി എന്ന് എപ്പോഴും ആർജ്ജവത്തോടെ പ്രസംഗിക്കുന്ന അദ്ദേഹത്തെ കോൺഗ്രസ് വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്തിയില്ല എന്ന് വേണം പറയുവാൻ. ഇനി കുഞ്ചാക്കോ ബോബനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലേക്ക് വന്നാൽ ഏറെക്കുറെ അതൊരു പ്രവർത്തകരിൽ നിന്നും ഉണ്ടായ പ്രവചനം മാത്രമാണെന്നാണ് സൂചന.
പക്ഷേ ഇത് സംബന്ധിച്ച് ഉയർന്നുവരുന്ന ചോദ്യങ്ങളെ കോൺഗ്രസ് നേതാക്കൾ തള്ളുന്നതുമില്ല. വിദ്യാർഥി കാലഘട്ടത്തിൽ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെഎസ്യുവിന്റെ ഭാഗമായിരുന്നു കുഞ്ചാക്കോ ബോബൻ. ചങ്ങനാശ്ശേരി എസ് ബി കോളേജിലും ആലപ്പുഴ എസ് ഡി കോളേജിലും ആയിരുന്നു കുഞ്ചാക്കോ ബോബന്റെ വിദ്യാഭ്യാസം. ഈ ക്യാമ്പസുകൾ ആ കാലഘട്ടത്തിൽ നയിച്ചിരുന്നത് കെഎസ്യു ആയിരുന്നു. അതുകൊണ്ടുതന്നെ കലാപ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം കെഎസ്യുവിന്റെ കൂടി മുഖമായിരുന്നു.
പിന്നീടും പല തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് അഭ്യർത്ഥനയുമായും അദ്ദേഹം മുന്നോട്ട് വന്നിട്ടുണ്ട്. ഇതെല്ലാം അടിസ്ഥാനപ്പെടുത്തിയാകും ഇപ്പോൾ ഇത്തരമൊരു സ്ഥാനാർത്ഥിത്വ പ്രചരണം നടക്കുന്നത്. അദ്ദേഹവുമായി ഏറെ ബന്ധമുള്ള ആലപ്പുഴ മണ്ഡലത്തിൽ തന്നെ കുഞ്ചാക്കോ ബോബൻ സ്ഥാനാർത്ഥിയാകും എന്ന പ്രചാരണമാണ് സൈബർ ഇടത്തിൽ തകർത്തു തിമിർത്തു നടക്കുന്നത്. ഏതായാലും നടൻ ഇതുവരെയും യാതൊരു പ്രതികരണവും നടത്തിയിട്ടും ഇല്ല.