തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് എയിംസ് ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അനുവദിക്കാത്തത് പ്രതിഷേധാർഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖല തികച്ചും അവഗണിക്കപ്പെട്ടുവെന്ന ആരോപണമാണ് ഈ ബജറ്റിലൂടെ ഉണ്ടായിരിക്കുന്നത്.
എയിംസ് അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം മുൻകൂട്ടി പരിഗണിച്ചിരുന്നില്ല. കേന്ദ്ര സർക്കാർ നിർദ്ദേശിച്ച നിബന്ധനകൾ പാലിച്ച് കോഴിക്കോട് കിനാലൂരിൽ ഭൂമി ഏറ്റെടുത്ത് എല്ലാ നടപടികളും പൂർത്തിയാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രിമാരുമായി നിരവധി തവണ ചർച്ച നടത്തിയിരുന്നുവെന്നും, അതിനൊടുവിലും കേരളത്തിന് എയിംസ് ലഭിക്കാത്തത് അത്യന്തം ദൗർഭാഗ്യകരമാണെന്നും വീണാ ജോർജ് ചൂണ്ടിക്കാട്ടി.
കേരളത്തിന് അർഹതപ്പെട്ട എയിംസ് അനുവദിക്കാനുള്ള നടപടി കേന്ദ്രം ഉടൻ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ശക്തമായ ആവശ്യം മുന്നോട്ടുവയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.