ചാവക്കാട്: ക്രിസ്മസ് കരോള്‍ പോലീസ് തടഞ്ഞ സംഭവത്തില്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി കേന്ദ്ര ന്യൂനപക്ഷ കമ്മിഷന്. തൃശ്ശൂര്‍ പാലയൂര്‍ പള്ളിയിൽ ഡിസംബർ 23-ന് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥ കേന്ദ്രത്തിൽ ക്രിസ്മസ് കരോൾ പാടുന്നത് പോലീസ് വിലക്കിയിരുന്നു.ഇതെ തുടർന്ന് ജനുവരി 15-നകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ജസ്റ്റിന് ജേക്കബിന്റെ പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്നു പറഞ്ഞായിരുന്നു അന്നത്തെ പോലീസ് നടപടി. പള്ളിമുറ്റത്ത് കൊടിമരത്തിന് സമീപം ചെറിയ വേദിയൊരുക്കിയാണ് അതിന് മുകളിൽ കരോൾ പാടാൻ സജ്ജമാക്കിയിരുന്നത്. എന്നാൽ കരോൾ നടത്തിയാൽ വേദിയിലൊരുക്കിയ നക്ഷത്രങ്ങളും മറ്റും വലിച്ചെറിയുമെന്ന് എസ്.ഐ. വിജിത്ത് ഭിഷണിപ്പെടുത്തിയതായാണ് തീർഥകേന്ദ്രം ട്രസ്റ്റി അംഗങ്ങളുടെ മൊഴി.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഇടവക അംഗങ്ങളിൽ ചിലർ ഫോണിൽ വിളിച്ചതിനെ തുടർന്ന് എസ്.ഐ.യ്ക്ക് ഫോൺ നൽകാൻ മന്ത്രി ആവശ്യപ്പെട്ടെങ്കിലും സംസാരിക്കാൻ എസ്.ഐ. തയ്യാറായില്ല. തുടർന്ന് ഉന്നത പോലീസ് അധികാരികളെ സുരേഷ് ഗോപി വിളിച്ചെങ്കിലും കരോൾ ഗാനത്തിന് പോലീസ് അനുമതി കൊടുത്തില്ല. പള്ളിയങ്കണത്തിലായതിനാലാണ് മൈക്ക് അനുമതി തേടാതിരുന്നതെന്നാണ് ട്രസ്റ്റി അംഗങ്ങൾ പറഞ്ഞത്. ചാവക്കാട് എസ്.ഐ. വിജിത്തിനെ സംഭവത്തിന് പിന്നാലെ സ്ഥലം മാറ്റിയിരുന്നു. പേരാമംഗലം സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്.