സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ‘ഇത് സുവര്‍ണകാലഘട്ടമാണെന്നും ലോകം ഇന്ത്യയുടെ വളര്‍ച്ച ഉറ്റുനോക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.’രാജ്യം ഒന്നാമത്’ അതാണ് കേന്ദ്ര സര്‍ക്കാരിന്റെ മുദ്രാവാക്യം. സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്ക്കാരങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയുടെ ബ്ലൂ പ്രിന്റാണ്. അത് പബ്ലിസിറ്റിക്കായല്ല. കഴിഞ്ഞ പത്ത് വര്‍ഷത്തെ വളര്‍ച്ച യുവാക്കളില്‍ വലിയ പ്രതീക്ഷ നല്‍കിയിരിക്കുന്നതാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തെ മൂന്നാമത്തെ സമ്പദ് ശക്തിയാക്കണം. നിയമ രംഗത്ത് കൂടുതല്‍ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവരണം. ആ ലക്ഷ്യത്തിലേക്ക് വൈകാതെയെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.പ്രസംഗത്തില്‍ ഒളിംപിക്സ് താരങ്ങളെയും മോദി അഭിന്ദിച്ചു.പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കായിക താരങ്ങള്‍ക്കാവട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു.2036 ല്‍ ഒളിംപിക്സിന് വേദിയാകാന്‍ ഭാരതം തയ്യാറെടുക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
രണ്ടര കോടി വീടുകളിലേക്ക് കൂടി വൈദ്യുതിയെത്തിക്കാന്‍ സര്‍ക്കാരിനായി. ജലജീവന്‍ മിഷനില്‍ 15 കോടി ഉപഭോക്കാക്കളെ കൊണ്ടുവന്നു. സ്വച്ഛ് ഭാരത് പദ്ധതിയും വിജയം കൈവരിച്ചു. കാലാവസ്ഥ വ്യതിയാനത്തിനെതിരെ സുശക്തമായ ഇടപെടലുകള്‍ ഉണ്ടായി. സൈന്യത്തിന്റെ പോരാട്ടം യുവാക്കള്‍ക്ക് പ്രചോദനമായി. ഉല്പാദന മേഖലയുടെ ഹബ്ബായി ഇന്ത്യ മാറി. ദ്രുതവളര്‍ച്ചയാണ് യുവാക്കള്‍ ആഗ്രഹിക്കുന്നത്. സ്വയം സഹായ സംഘങ്ങളിലൂടെ ഒരു കോടി സ്ത്രീകള്‍ ലക്ഷാധിപതികളായി. പത്ത് കോടിയിലധികം വനിതകള്‍ ഇന്ന് സ്വയം പര്യാപ്തരാണ്. ആവശ്യമുള്ളവന്റെ വാതില്ക്കല് ഇന്ന് സര്‍ക്കാരുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രസംഗത്തില്‍ പ്രതിപക്ഷത്തിനെ വിമര്‍ശിക്കുകയും ചെയ്തു.ചിലര്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ച ദഹിക്കുന്നില്ല. അത്തരക്കാര്‍ നിരാശരായി കഴിയേണ്ടി വരും. വികൃത മനസുകളില്‍ വളര്‍ച്ചയുണ്ടാകില്ല. ഇത്തരം പിന്തിരിപ്പന്മാരില് നിന്ന് രാജ്യത്തെ സംരക്ഷിക്കുകയെന്ന ദൗത്യം കൂടിയാണ് സര്‍ക്കാര്‍ നിറവേറ്റുന്നത്. രാജ്യത്തെ ഉപദ്രവിക്കുന്ന ഇക്കൂട്ടരെ ജനം തിരിച്ചറിയണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.