പി സി ചാക്കോ, കേരള രാഷ്ട്രീയം കണ്ട ഏറ്റവും സമര്‍ത്ഥനായ സര്‍ക്കസ് കളിക്കാരന്. ഒരു ട്രപ്പീസ് കളിക്കാരന്റെ മെയ് വഴക്കത്തോടെ മറുകണ്ടം ചാടുകയും അധികാര രാഷ്ട്രീയത്തിന്റെ അപ്പോസ്ഥലനാവുകയും ചെയ്യുകയെന്നത് ചാക്കോയ്ക്ക് വളരെ ഈസീ… കോണ്‍ഗ്രസുകാരനായാണ് തുടക്കം. കേരളത്തില്‍ നിന്നും വളര്‍ന്ന് പന്തലിച്ച പി സി ചാക്കോ കോണ്‍ഗ്രസില്‍ നിന്നും ആദ്യം വെളിയിലേക്ക് ചാടുന്നത് ശരത്പവാറിനൊപ്പമായിരുന്നു. അന്നും ഇന്നും ശരത് പവാറിനോട് അടുത്തു നിന്നതാണ് പി സി ചാക്കോയുടെ രാഷ്ട്രീയം. കേരളത്തില്‍ മന്ത്രിയായും, കേന്ദ്രത്തില്‍ എം പിയായും കിട്ടിയ അവസരങ്ങളെല്ലാം വളരെ കൗശലത്തോടെ ഉപയോഗിച്ച നേതാവാണ് ചാക്കോ.
നാലു തവണ ലോക്സഭാംഗമായ പി സി ചാക്കോ 2021 മാര്‍ച്ച് 10 നാണ് കോണ്‍ഗ്രസിനോട് ഏറ്റവും ഒടുവിലായി വിടപറഞ്ഞത്. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ജോണ്‍ ചാക്കോയുടെയും ഏലിയാമ്മയുടെ മകനായി 1946 ലാണ് ജനനം. മാര്‍ ഇവാനിയോസ് കോളജില്‍ ബിരുദ പഠനകാലത്താണ് വിദ്യാര്‍ത്ഥി യൂണിയനില്‍ അംഗമാവുന്നത്. യൂണിവേഴ്സിറ്റി കോളജില്‍ ബിരുദാനന്തര ബിരുദ പഠനകാലത്താണ് കെ എസ് യു ഭാരവാഹിയാവുന്നത്. തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി, ഏറെ വൈകാതെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.

1970 ല്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി. 1973 മുതല്‍ 79 വരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി. ഇതോടെ പി സി ചാക്കോ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 1978 ല്‍ ഉണ്ടായ പിളര്‍പ്പില്‍ എ കെ ആന്റണിക്കൊപ്പമാണ് പി സി ചാക്കോ നിലകൊണ്ടത്. എ കെ ആന്റണിയുടെ നേതൃത്വത്തിനൊപ്പം നിലയുറപ്പിച്ചു. 1980 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി. പിറവത്തുനിന്നും ഇടതു പിന്തുണയില്‍ വിജയിച്ചു. ഇ കെ നായനാര്‍ മന്ത്രിസഭയില്‍ ആന്റണി വിഭാഗം കോണ്‍ഗ്രസിന് ലഭിച്ച നാല് മന്ത്രി സ്ഥാനങ്ങളില്‍ ഒരാള്‍ പി സി ചാക്കോ ആയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിമത വിഭാഗത്തില്‍ ഇടതുമുന്നില് തുടരാന്‍ കഴിഞ്ഞില്ല.
1981 ഒക്ടോബറില്‍ കോണ്‍ഗ്രസ് യു ഇടത് മുന്നണി വിടാന്‍ തീരുമാനിച്ചപ്പോള്‍ മന്ത്രിസ്ഥാനം രാജിവെക്കുന്നതിന് എതിരഭിപ്രായം പ്രകടിപ്പിച്ച ഏക മന്ത്രി പി സി ചാക്കോയായിരുന്നു. ശരത് പവാര്‍ കോണ്‍ഗ്രസ് എസ് എന്നൊരു പാര്‍ട്ടിയുണ്ടാക്കിയതോടെ പി സി ചാക്കോയും കെ പി ഉണ്ണികൃഷ്ണനും എ സി ഷണ്മുഖദാസും അടങ്ങുന്ന നേതാക്കള്‍ ഇടതുമുന്നണിയില്‍ തുടര്‍ന്നു. 1982 ല്‍ ആന്റണി കോണ്‍ഗ്രസ് കോണ്‍ഗ്രസ് ഐയില്‍ ലയിച്ചപ്പോഴും പി സി ചാക്കോ കോണ്‍ഗ്രസിനോട് അകലം പാലിച്ചു. കോണ്‍ഗ്രസ് എസ് നേതാവായി തുടര്‍ന്നു.

എന്നാല്‍ സംസ്ഥാന, കേന്ദ്രഭരണം കോണ്ഗ്രസിനായിരുന്നതിനാല് ചാക്കോ ഏറെ വൈകാതെ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 1991 ല്‍ തൃശൂരില്‍ നിന്നും ആദ്യമായി ലോക് സഭാംഗമായി. 1996 ല്‍ മുകുന്ദപുരത്തുനിന്നും 1998 ല്‍ ഇടുക്കിയില്‍ നിന്നും 2009 ല്‍ തൃശ്ശൂരില്‍ നിന്നും വീണ്ടും ലോക്സഭയില്‍ എത്തി. കോട്ടയത്തുനിന്നും സി പി എം നേതാവ് സുരേഷ് കുറുപ്പിനോടും ചാലക്കുടിയില്‍ 2014 ല്‍ ഇന്നസെന്റിനോടും പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ ദേശീയ നേതാവായി മാറിയിരുന്ന പി സി ചാക്കോയ്ക്ക് സംഘടന ഡല്‍ഹി സംസ്ഥാനത്തിന്റെ ചുമതലയായിരുന്നു നല്‍കിയിരുന്നത്. ടു ജി സ്പെക്ട്രം ക്രമക്കേടുകളെക്കുറിച്ചുള്ള ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരുന്നു പി സി ചാക്കോ.
കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യതകള്‍ മങ്ങിയതോടെയാണ് പി സി ചാക്കോ എ ഐ സി സി നേതൃത്വവുമായി പിണങ്ങുന്നതും വീണ്ടും ശരത് പവാറിന്റെ പാളയത്തിലേക്ക് എത്തുകയും ചെയ്യുന്നത്. എന്‍ സി പി കേരള ഘടകത്തില്‍ നേതൃത്വ കലാപം ശക്തമായിരിക്കെയാണ് പി സി ചാക്കോ ഡല്‍ഹി വഴി എന്‍ സി പിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നത്.

കാലുമാറ്റവും മുന്നണി മാറ്റവും കൊണ്ട് കുപ്രസിദ്ധി നേടിയ പി സി ചാക്കോയുടെ വരവ് പരമ്പരാഗത എന്‍ സി പി നേതാക്കള്‍ തുടക്കം മുതല്‍ ആശങ്കയോടെയാണ് നിരീക്ഷിച്ചിരുന്നത്. കേരളത്തില്‍ ഒരു മന്ത്രിയുള്ള എന്‍ സി പിയുടെ അധ്യക്ഷനായതോടെ ചാക്കോ വീണ്ടും അധികാര രാഷ്ട്രീയത്തിന്റെ കേന്ദ്രമായി. മന്ത്രി സഭയിലേക്ക് എ കെ ശശീന്ദ്രനെ കൊണ്ടുവരുന്നതില്‍ എന്‍ സി പിയില്‍ ആദ്യം തൊട്ട് അഭിപ്രായഭിന്നതകള്‍ ഉടലെടുത്തിരുന്നു.

കുട്ടനാട് എം എല്‍ എയായ തോമത് കെ തോമസിനെ രണ്ടരവര്‍ഷത്തേക്ക് മന്ത്രിയാക്കണമെന്ന ആവശ്യം ആദ്യം തള്ളിയത് പി സി ചാക്കോയായിരുന്നു. അക്കാലത്ത് വനം വകുപ്പിനെ നിയന്ത്രിച്ചിരുന്നത് സംസ്ഥാന അധ്യക്ഷനായ പി സി ചാക്കോയാണെന്നായിരുന്നു ഉയര്‍ന്ന ആരോപണം. എന്‍ സി പിക്ക് ലഭിച്ച പി എസ് സി അംഗത്വം വന്‍ തുകയ്ക്ക് വില്‍പ്പന നടത്തിയെന്ന ആരോപണം പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവച്ചു.
പി സി ചാക്കോയെ വിമര്ശിപ്പവര് പിന്നീട് പാര്‍ട്ടി വിട്ടു. അപ്പോഴും മന്ത്രി ശശീന്ദ്രനും പി സി ചാക്കോയും ചക്കരയും അടയും പോലെ ഒന്നായി നിന്നു. എന്നാല്‍ ചാക്കോയുടെ വഴിവിട്ട നീക്കത്തിനെതിരെ മന്ത്രി എ കെ ശശീന്ദ്രന് പ്രതികരിക്കാന്‍ തുടങ്ങിയതോടെ മന്ത്രിസ്ഥാനത്ത് തോമസ് കെ തോമസിനെ കുടിയിരുത്താനായി പി സി ചാക്കോയുടെ തന്ത്രങ്ങള്‍. ഇതിനിടയില്‍ ദേശീയ തലത്തില്‍ എന്‍ സി പിയില്‍ പിളര്‍പ്പുണ്ടായി. പിളര്‍പ്പും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം നഷ്ടപ്പെട്ടതും എന്‍ സി പിയുടെ ചില പരുങ്ങലിലാക്കി. ഔദ്യോഗിക ചിഹ്നവും പേരും നഷ്ടപ്പെട്ട എന്‍ സി പി ശരത് പാവാര്‍ വിഭാഗം കടുത്ത പ്രതിസന്ധിയില്‍ അകപ്പെട്ടതോടെ ഇടതുമുന്നണിയിലും എന്‍ സി പി പ്രതിരോധത്തിലായി.
നിയമപരമായി മുന്നണിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ കാരുണ്യത്തിലാണ് എന്‍ സി പി മന്ത്രി പിണറായി മന്ത്രി സഭയില്‍ തുടരുന്നത്. മന്ത്രി സ്ഥാനത്തു നിന്നും എ കെ ശശീന്ദ്രനെ മാറ്റാനായി സംസ്ഥാനത്തും ശരത് പവാറിന്റെ വീട്ടിലും പലതവണ ചര്‍ച്ചകള്‍ നടത്തി. പി സി ചാക്കോയുടെ അടവുകള്‍ പലതും എ കെ ശശീന്ദ്രന് തകര്‍ത്തു. ഒടുവില്‍ സി പി എമ്മിന്റെ ദേശീയ നേതൃത്വത്തെവരെ ഇടപെടുവിച്ചു. എന്നിട്ടും എ കെ ശശീന്ദ്രനെ മാറ്റാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഇത് ചാക്കോയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള ആദ്യത്തെ തിരിച്ചടിയായിരുന്നു. എന്നും അധികാരം കൈയ്യില്‍ അടക്കിവാണ പി സി ചാക്കോയ്ക്ക് ആരാണ് മണികെട്ടിയത്.
എന്‍ സി പിയെ യഥാര്‍ത്ഥത്തില്‍ ആരാണ് തകര്‍ത്തത്. തമ്മില്‍ തല്ലും കുതികാല്‍വെട്ടും ഒക്കെ പതിവായ എന്‍ സി പി ഇപ്പോള്‍ ഇടതുമുന്നണിയുടെ ഭാഗമാണോ. പി സി ചാക്കോയ്ക്ക് ഇനി എത്രദിവസം ഈ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി തുടരാന്‍ കഴിയും. കോണ്‍ഗ്രസില്‍ നിന്നും പുത്തേക്കും പിന്നീട് അകത്തേക്കും ചാടുമ്പോള്‍ വീഴാതിരിക്കാനും അടുത്ത കമ്പില്‍ മുറുകെ പിടിക്കാനും ചാക്കോയ്ക്ക് ഒരിക്കലും പിഴച്ചിരുന്നില്ല. എന്നാല്‍ മന്ത്രി മാറ്റത്തില്‍ ചാക്കോയ്ക്ക് പിഴച്ചു. ചാക്കോ പോരാടിയത് ഒടുവില്‍ പിണറായി വിജയനോടായിരുന്നു.

പണ്ട് വീക്ഷണം പത്രം പുനരുദ്ധരിക്കാനായി ഡല്‍ഹിയില്‍ പോയ പി സി ചാക്കോ കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായപ്പോള്‍ കിട്ടിയ പെട്ടിയുമായി നേരെ കോണ്‍ഗ്രസ് എസ്സില്‍ ചേര്‍ന്നതുപോലുള്ള ഒരു അഭ്യാസമൊന്നും ഇനി നടക്കില്ലല്ലോ. ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ച് നേരെ ശരത് പവാറിന്റെ മാളികയിലേക്ക് ഓടിക്കയറിയ ചാക്കോ ഇതാ ആര്‍ക്കും രക്ഷപ്പെടുത്താന്‍ പറ്റാത്ത നിലയില്‍ തകരുകയാണ്. ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായിട്ടും സംസ്ഥാന അധ്യക്ഷ പദവിയില്‍ കടിച്ചുതൂങ്ങിയ ചാക്കോയ്ക്കിപ്പോള് പഴയ ചാക്കിന്റെ വില മാത്രമാണുള്ളത്. ഇടത് മുന്നണിയില്‍ എന്‍ സി പി ക്ക് നില്ക്കണമെങ്കില് പി സി ചാക്കോയെ ചവിട്ടിപ്പുറത്താക്കണം.
ഈ പഴയ ചാക്കിനെ ആരാണ് സ്വീകരിക്കുക. ഇനി എങ്ങോട്ടേക്ക് പോവും. എന്തായാലും കോണ്‍ഗ്രസിന്റെ വാതില്‍ ചാക്കോയ്ക്ക് മുന്നില്‍ അടച്ചിരിക്കയാണ്. നോ രക്ഷ… പിന്നെ ഒരു പാർട്ടിയുണ്ട്. അത് ബി ജെ പിയാണ്… അല്ലെങ്കില്‍ എന്‍ സി പി അജിത് പവാറിനൊപ്പം ചേരണം. എന്നിട്ട് ശിഷ്ടകാലം ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവര്‍ണറായി നിയമിക്കാന്‍ മോദിയോട് കേണപേക്ഷിക്കണം. ഓ.. കണ്ടാ മൃഗത്തിന്റെതിനേക്കാള് തൊലിക്കട്ടിയുള്ള ചാക്കോയുടെ രാഷ്ട്രീയ ജീവിതം ഏതൊരു പൊളിറ്റിക്കല്‍ വിദ്യാര്‍ത്ഥിയേയും അത്ഭുതപ്പെടുത്തും….