ബോയിങ് സ്റ്റാര്‍ലൈനര്‍ എന്ന ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചിറക്കാനുള്ള തീയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് നാസ. മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ വിക്ഷേപണത്തില്‍ ബഹിരാകാശ നിലയത്തിലെത്തിയ പേടകത്തില്‍ വിവിധ സാങ്കേതിക പ്രശ്നങ്ങള്‍ കണ്ടെത്തിയിരുന്നു. ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബച്ച് വില്‍മറുമാണ് പേടകത്തില്‍ ആദ്യമായി സഞ്ചരിച്ച് ബഹിരാകാശ നിലയത്തിലെത്തിയത്.
എന്നാല്‍ ഇരുവരുമില്ലാതെിയാണ് സ്റ്റാര്‍ലൈനര്‍ പേടകം തിരികെ ഇറക്കുന്നത്.തകരാറിലായ പേടകത്തിലുള്ള തിരിച്ചുവരവ് സഞ്ചാരികളുടെ ജീവന് ഭീഷണിയാകുമെന്ന കാരണത്താലാണ് ഈ തീരുമാനം. നാസയുടെ ബഹിരാകാശ യാത്രാ ദൗത്യങ്ങളില്‍ മുമ്പുണ്ടായ ചലഞ്ചര്‍, കൊളബിയ സ്പേസ് ഷട്ടില്‍ ദുരന്തങ്ങളും നാസയുടെ ആ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.
2003 ഫെബ്രുവരി ഒന്നിനാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് കൊളംബിയ സ്പേസ് ഷട്ടില്‍ അപകടത്തില്‍ പെട്ടത്. ഇന്ത്യന്‍ വംശജയായ കല്പനാ ചൗള അടങ്ങുന്ന ഏഴംഗ സംഘമാണ് അന്ന് അന്തരീക്ഷത്തില്‍ കത്തിയമര്‍ന്ന ബഹിരാകാശ പേടകത്തില്‍ ഉണ്ടായിരുന്നത്.കൊളംബിയ അപകടത്തിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1986 ജനുവരിയില്‍ ചലഞ്ചര്‍ എന്ന സ്പേസ് ഷട്ടില്‍ അപകടത്തില്‍ പെട്ട് 14 ബഹിരാകാശ സഞ്ചാരികള്‍ക്ക് ജീവന് നഷ്ടപ്പെട്ടിരുന്നു.
സ്റ്റാര്‍ലൈനര്‍ പേടകത്തെ ബഹിരാകാശ സഞ്ചാരികളില്ലാതെ തിരികെ എത്തിക്കാനുള്ള തീരുമാനത്തെ ഈ രണ്ട് അപകടങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് നാസ മേധാവി ബില്‍ നെല്‍സണ്‍ പറയുന്നു. ബഹിരാകാശ സഞ്ചാരിയായ നെല്‍സണ്‍ ആ രണ്ട് അപകടങ്ങളുടെയും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. നാസയ്ക്ക് അന്ന് തെറ്റുകള്‍ സംഭവിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു.