ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സമസ്ത വേണ്ടി മുതിർന്ന അഭിഭാഷകനും രാജ്യസഭാ അംഗവുമായ അഭിഷേക് മനു സിങ്വി ഹാജരാക്കും. അഭിഭാഷകനായ പി.എസ് സുൽഫിക്കർ അലി മുഖേനയാണ് സമസ്ത ഹർജി നൽകിയത്. അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രത്യേക അപേക്ഷയും സമസ്ത സമർപ്പിച്ചിട്ടുണ്ട്.രാഷ്ട്രീയ വൃത്തങ്ങളിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയ ബില്ലിനെ ഇതിനോടകം തന്നെ നിരവധി പ്രതിപക്ഷ പാർട്ടികൾ എതിർത്തിട്ടുണ്ട്.
പാർലമെന്റിന്റെ ഇരുസഭകളിലും രണ്ട് ദിവസം നീണ്ടുനിന്ന ചൂടേറിയ ചർച്ചകൾക്ക് ശേഷമാണ് വഖഫ് ഭേദഗതി ബിൽ 2025 പാസാക്കിയത്. 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലായിരുന്നു രാജ്യസഭയിൽ ബിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിച്ചും, 95 പേർ എതിർത്തും വോട്ട് ചെയ്തു. രാജ്യസഭയിൽ വഖഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു.