ഗുണ്ടാ തലവന്‍ ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിനെയും നടന് ശ്രീനാഥ് ഭാസിയേയും ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് പ്രയാഗയോടും 11 മണിക്ക് ശ്രീനാഥിനോടും മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് പൊലീസ് നിര്‍ദേശം.
അതേസമയം ഓം പ്രകാശിനെ കാണാനായി മുറിയിലെത്തിയവരില്‍ വ്യവസായികളും ഉണ്ടെന്നാണ് സൂചന. ഓം പ്രകാശിനായി കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ മുറി ബുക്ക് ചെയ്തത് തൃപ്പൂണിത്തുറ സ്വദേശി ഛലപതി എന്നയാളാണെന്ന് പൊലീസ് പറയുന്നു.
ഓം പ്രകാശിനെ മുമ്പ് കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും പ്രയാഗ പറഞ്ഞിരുന്നു. താന്‍ ലഹരി ഉപയോഗിക്കാറില്ലെന്നും പ്രയാഗ വ്യക്തമാക്കിയിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ ഓം പ്രകാശിന്റെ മുറിയില്‍ നിന്ന് രാസലഹരിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാനാണ് പൊലീസിന്റെ നീക്കം.