വയനാട് മണ്ഡലം പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കുന്നില്ലെന്ന പ്രചാരണം സിപിഎമ്മും ബിജെപിയും സമീപകാലത്ത് ശക്തമാക്കിയിരുന്നു. കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ അത്തരത്തിൽ മുറുമുറുപ്പും അത്തരത്തിൽ ചില ഘട്ടങ്ങളിൽ ഉയർന്നിരുന്നു. അതിൽ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് നേതൃത്വവും ഒടുവിൽ ചില മാറ്റങ്ങൾക്ക് തയ്യാറായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 8 മുതല് 10 വരെ പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തും. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളില് പ്രിയങ്ക പങ്കെടുക്കും. നിയോജകമണ്ഡലങ്ങളിലെ ബൂത്ത്, മണ്ഡലം, നിയോജകമണ്ഡലം തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാനമാര്, കണ്വീനര്മാര്, ഖജാന്ജിമാരും ജില്ലാ നേതാക്കന്മാരും പങ്കെടുക്കുന്ന വിപുലമായ സംഗമങ്ങളില് പ്രിയങ്ക പങ്കെടുക്കും. തനി കേരള വേഷത്തിൽ ആയിരുന്നു പാർലമെന്റിലെ പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ. എന്നാൽ കേരള വേഷത്തിനപ്പുറം വിജയിച്ചശേഷം സംസ്ഥാനത്തേക്ക് എത്തുന്നതിനോ എത്തിനോക്കുന്നതിനോ പ്രിയങ്കയും കോൺഗ്രസും അധികം ശ്രദ്ധ നൽകിയിട്ടില്ല.
ഇതോടെ രാഹുലിന് മണ്ഡലവുമായി ഉണ്ടായിരുന്ന വൈകാരിക ബന്ധം പോലും പ്രിയങ്കയ്ക്ക് ഇല്ലെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമായി. സിപിഎമ്മും ബിജെപിയും പ്രിയങ്ക ക്കെതിരെ പ്രതിഷേധങ്ങളും ഒരു വശത്ത് തുടങ്ങി. വയനാട്ടിലെ ജനങ്ങൾ വന്യമൃഗങ്ങളെകൊണ്ട് പൊറുതിമുട്ടിയിട്ടും സ്ഥലം എംപിയായ പ്രിയങ്കാ ഗാന്ധി തിരിഞ്ഞു നോക്കിയില്ലയെന്നുള്ള രാഷ്ട്രീയ വിമർശനവും സിപിഎമ്മും ബിജെപിയും വ്യാപകമായി ഉയർത്തിക്കാട്ടുവാൻ തുടങ്ങി. 45കാരിയായ രാധയെ കടുവ ക്രൂരമായി കൊന്നിട്ടും ഒരു അനുശോചനം അല്ലാതെ മറ്റൊന്നും ഇറക്കിയില്ലെന്ന വിമർശനങ്ങൾ വ്യാപകമാകുന്നതിനിടെ കഴിഞ്ഞദിവസം പ്രിയങ്ക വയനാട്ടിലെത്തി വന്യജീവി ആക്രമണം നടത്തിയ സ്ഥലങ്ങളും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും നേരിൽ കണ്ടിരുന്നു. ഒട്ടേറെ തിരക്കുകൾക്കിടയിലും വയനാട്ടിൽ എന്തുണ്ടാകുമ്പോഴും രാഹുൽ ഗാന്ധി ഏതെങ്കിലും തരത്തിലുള്ള വിവാദങ്ങൾ ഉയരുന്നതിനു മുൻപേ മണ്ഡലത്തിൽ എത്തുവാൻ ശ്രദ്ധ നൽകുമായിരുന്നു. അതുകൊണ്ടുതന്നെ യാതൊരു വിധത്തിലുള്ള പരാതികളും അദ്ദേഹത്തിനെതിരെ ഉണ്ടായിട്ടുമില്ല.
എന്നാൽ പ്രിയങ്കയിലേക്ക് വരുമ്പോൾ സ്ഥിതി അതല്ല. പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ എത്തിയപ്പോൾ എതിരാളികൾ ഉന്നയിച്ച പ്രധാന ആക്ഷേപം അവർ മണ്ഢലത്തിൽ സ്ഥിരമായി ഉണ്ടാകില്ല എന്നതായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ആകെ രണ്ട് തവണയാണ് പ്രിയങ്ക മണ്ഡലസന്ദർശനം നടത്തിയത്. ഉരുൾപൊട്ടലുണ്ടായ പുഞ്ചിരിമട്ടം, ചൂരൽമല എന്നിവിടങ്ങളിലെ പുനരധിവാസ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്. ഇതിലൊന്നും സ്ഥലം എംപിയായ പ്രിയങ്കയുടെ ഇടപെടലൊന്നും ഉണ്ടായതായി കാണുന്നില്ല. വയനാട്ടിൽ വീടെടുത്ത് താമസിച്ച്, ജനങ്ങളുമായി മലയാളത്തിൽ സംസാരിക്കും എന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്ക് നൽകിയ ഉറപ്പ്. താനും സഹോദരിയും അടക്കം വയനാടിന് ഇനി രണ്ട് എംപിമാർ ഉണ്ടെന്ന് കരുതാമെന്നായിരുന്നു രാഹുൽ ഗാന്ധി അന്ന് പറഞ്ഞിരുന്നത്. എന്നാൽ രണ്ട് പേരെയും ഈ പ്രദേശങ്ങളിലെങ്ങും കാണാനില്ലെന്നാണ് ഇപ്പോൾ കോൺഗ്രസുകാർ പോലും വിഷമം പങ്കുവെക്കുന്നത്. ലോക്സഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തശേഷം കഴിവർഷം നവംബർ 30നും ഡിസംബർ ഒന്നിനും പിന്നീട് കഴിഞ്ഞ ആഴ്ചയും ആണ് വയനാട്ടിൽ സന്ദർശനം നടത്തിയത്. ആദ്യ രണ്ട് ദിവസങ്ങളിലായി വോട്ടർമാരെ നന്ദി അറിയിക്കുന്ന യാത്രകളിലായിരുന്നു അവർ പങ്കെടുത്തത്. വയനാട്ടിൽ നിന്നുള്ള എംപിയായി വിജയിച്ച രാഹുൽ ഗാന്ധി രാജിവെച്ച ഒഴിവിലാണ് പ്രിയങ്ക ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിന് ഇറങ്ങിയ പ്രിയങ്കക്ക് മിന്നും വിജയമാണ് വയനാട്ടുകാർ സമ്മാനിച്ചത്. നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആയിരുന്നു ജയം. ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷവും മറികടക്കുന്നതായിരുന്നു പ്രിയങ്കയുടെ വിജയം. ഇതിനിടെ രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ വയനാട് കണിയാറത്ത് പ്രിയങ്ക ഗാന്ധിക്ക് നേരെ സിപിഎം പ്രവർത്തകർ കരിങ്കൊടി കാണിക്കുകയുണ്ടായി. ഇത് പ്രിയങ്കയ്ക്കെതിരായ പ്രതിഷേധം സിപിഎം കടുപ്പിക്കുന്നതിന്റെ സൂചനയായിരുന്നു. രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്ത എസ്എഫ്ഐ നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഒടുവിൽ സിപിഎം നേതൃത്വത്തിന് മാപ്പു പറയേണ്ടതായും എസ്എഫ്ഐ ജില്ലാ നേതൃത്വം പോലും പിരിച്ചുവിടേണ്ടതായും വന്നിരുന്നു. വിഷയമാകട്ടെ ദേശീയതലത്തിൽ പോലും വലിയ ചർച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തു. അന്ന് രാഹുൽ ഗാന്ധി നടത്തിയ പ്രതികരണവും കോൺഗ്രസിനെ രാഷ്ട്രീയമായി വലിയ ഗുണങ്ങൾ ഉണ്ടാക്കിയിരുന്നു. തന്റെ ഓഫീസിൽ അക്രമം നടത്തിയ കുട്ടികളോട് തനിക്ക് യാതൊരുവിധത്തിലുള്ള ദേഷ്യവും ഇല്ലെന്നായിരുന്നു രാഹുലിന്റെ അന്നത്തെ മറുപടി. ഈ മറുപടിയും അന്നത്തെ സംഭവവികാസങ്ങളും കോൺഗ്രസിന് ഉണ്ടാക്കിയ രാഷ്ട്രീയ മൈലേജ് ചെറുതല്ല. അതേസമയം പ്രിയങ്കയ്ക്കെതിരായ കരിങ്കൊടി കോൺഗ്രസ് വലിയ രാഷ്ട്രീയ വിഷയമായി മുന്നോട്ടുകൊണ്ടുവന്നെങ്കിലും ആരും ഏറ്റെടുത്തില്ല. കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം സിപിഎമ്മിനെ കടുത്ത രീതിയിൽ വിമർശിച്ച് രംഗത്ത് വന്നിരുന്നു. അപ്പോഴും മാധ്യമങ്ങളും വയനാട്ടിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പോലും തിരഞ്ഞു നോക്കിയില്ല. തനിക്കെതിരായ രാഷ്ട്രീയവിവാദങ്ങൾ കൊടുമ്പിരി കൊള്ളുമ്പോഴും പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിന് ഇരയായ രാധയുടെ വീട് സന്ദർശിച്ചു അര മണിക്കൂറോളം വീട്ടുകാർക്കൊപ്പം ചിലവഴിച്ചു അവരെ ആശ്വസിപ്പിച്ചശേഷമാണ് പ്രിയങ്ക അന്ന് മടങ്ങിയത്. അതേസമയം, പ്രിയങ്ക ഗാന്ധി മണ്ഡലത്തിലേക്ക് നിരന്തരം വരുന്നില്ലെന്ന ആക്ഷേപങ്ങൾ ഉയരുന്നതിന് കോൺഗ്രസ് നേതൃത്വം ശക്തമായ മറുപടി നൽകുന്നുണ്ട്. വയനാട് കേരള സംസ്ഥാനത്തെ 14 ജില്ലകളിൽ ഒന്നാണെന്നും സംസ്ഥാന ഭരണകൂടത്തിൽ ഒരു മന്ത്രിയടക്കം ആ ജില്ലയിൽ നിന്നുണ്ടെന്നും എന്നാലും വയനാട്ടിൽ വന്യജീവി ആക്രമണമടക്കമുള്ള ഏത് വിഷയമുയർന്നാലും സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന്റെ ആക്രോശങ്ങൾ ആദ്യമുയരുന്നത് വയനാട്ടിലെ പാർലമെന്റംഗത്തിനെതിരെയാണെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു. എംപിയെവിടെ എംപിയെവിടെ എന്ന് സിപിഎമ്മുകാർ പതിവായി വെല്ലുവിളിക്കുമെന്നും എംപി സംഭവസ്ഥലത്ത് വന്നാൽ അവരെ റോഡ് സൈഡിൽ നിന്ന് കരിങ്കൊടി കാണിക്കുന്ന സമീപനമാണ് സ്വീകരിക്കുകയെന്നും കോൺഗ്രസ് തുറന്നടിച്ചു.
എംപിയെന്നത് ജനപ്രതിനിധി മാത്രമാണ്, ഭരണാധികാരി അല്ലെന്ന് സാമാന്യബോധമുള്ള ഏതൊരാൾക്കും അറിയാം. ഭരണഘടനാ പ്രകാരം സർക്കാരിന് ലെജിസ്ലേച്ചർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്ന് നെടുംതൂണുകളാണുള്ളത്. ഇതിൽ എക്സിക്യൂട്ടീവിനാണ് ഭരണപരമായ നടപടികൾ സ്വീകരിക്കാൻ അധികാരവും ഉത്തരവാദിത്തവുമുള്ളത്. മന്ത്രിമാരടങ്ങുന്ന സർക്കാരും ഉദ്യോഗസ്ഥരുമൊക്കെയാണ് ഈ ഭരണ നിർവ്വഹണ വിഭാഗത്തിലുള്ളത്. എംപി ഫണ്ട് വിനിയോഗം പോലുള്ള ചുരുക്കം ചില കാര്യങ്ങളൊഴികെ ഏതെങ്കിലുമൊരു കാര്യത്തിൽ നേരിട്ടൊരു തീരുമാനമെടുക്കാൻ എംപിക്ക് അധികാരമില്ല. പാർലമെന്റിനകത്തും പുറത്തുമുള്ള ഉചിതമായ വേദികളിൽ ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കാനും അധികാര സ്ഥാനീയരുടെ ശ്രദ്ധയിൽക്കൊണ്ടുവരാനുമാണ് എംപിക്ക് കഴിയുക. വയനാട്ടിലെ എംപിമാർ സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് മുമ്പിൽ ആ ഉത്തരവാദിത്തം എക്കാലവും നിർവ്വഹിച്ചു പോന്നിട്ടുണ്ട്. വനം, വന്യജീവി വിഷയങ്ങൾ സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് നേരിട്ടിടപെടാൻ ഉത്തരവാദിത്തമുള്ള ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ പെട്ട വിഷയമാണ്. സംസ്ഥാന കേന്ദ്ര സർക്കാരുകൾ വിഷയത്തിൽ പൂർണ്ണ അലംഭാവം കാണിക്കുമ്പോൾ വയനാട്ടിലെ ജനതയ്ക്കൊപ്പം ഉറച്ചുനിൽക്കുന്നത് പ്രിയങ്കയും രാഹുലും ആണെന്നാണ് കോൺഗ്രസിന്റെ വാദം. വന്യജീവി ആക്രമണങ്ങളിൽ നിന്ന് സാധാരണ ജനങ്ങളെ സംരക്ഷിക്കാനുള്ള ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവരണമെന്നും കോൺഗ്രസ് ആവശ്യപ്പെടുകയും ചെയ്യുന്നു. അപ്പോഴും പ്രിയങ്കക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ വസ്തുതകൾ ഉണ്ടെന്ന് കോൺഗ്രസ് നേതൃത്വം മനസ്സിലാക്കിയതിന്റെ പ്രകടമായ മാറ്റമാണ് അടുത്ത ദിവസങ്ങളിലെ മണ്ഡലം സന്ദർശനം എന്ന് പറയാതെ വയ്യ. സാധാരണ വെറുമൊരു മണ്ഡലം സന്ദർശനം ആണെങ്കിൽ ഇത്തവണ പാർട്ടിയുടെ താഴെത്തട്ടിലെ നേതാക്കളെയും പ്രവർത്തകരെയും നേരിൽകണ്ട് ആശയവിനിമയം നടത്തുവാൻ ആണ് പ്രിയങ്ക എത്തുന്നത്.