വാഷിങ്ടന്‍: ഡോണള്‍ഡ് ട്രംപിന്റെ വിവേചനപരമായ നയങ്ങള്‍ക്കെതിരെ യുഎസിന്റെ വിവിധ നഗരങ്ങളില്‍ വന്‍ പ്രതിഷേധം. വാഷിങ്ടന്‍, ന്യൂയോര്‍ക്ക്, ഹൂസ്റ്റണ്‍, ഫ്ലോറിഡ, കൊളറാഡോ, ലൊസാഞ്ചലസ് തുടങ്ങിയ പ്രമുഖ നഗരങ്ങളിലുള്‍പ്പെടെ യുഎസിന്റെ 50 സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു. രാജ്യത്താകമാനം 1,200 കേന്ദ്രങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ജനുവരിയില്‍ ട്രംപ് അധികാരത്തിലെത്തിയതിനുശേഷം അദ്ദേഹത്തിനെതിരെ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമാണിത്. 5 ലക്ഷത്തോളം പേര് സമരത്തില്‍ പങ്കെടുത്തെന്നാണ് കണക്ക്.
ശതകോടീശ്വരന്മാരുടെ സഹായത്തോടെ ട്രംപ് നടത്തുന്ന ഏകാധിപത്യ പ്രവൃത്തികളെ അപലപിക്കുന്നതായി ‘ഹാന്‍ഡ്സ് ഓഫ്’ എന്നു പേരിട്ട പ്രതിഷേധത്തിന്റെ സംഘാടകര്‍ വ്യക്തമാക്കി. സാമ്പത്തിക ഭ്രാന്താണ് ട്രംപ് കാണിക്കുന്നതെന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ അഭിപ്രായം.ആഗോളമാന്ദ്യത്തിലേക്ക് ലോകത്തെ തളളിവിടുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
യുഎസിനു പുറത്ത് ലണ്ടന്‍, ബെര്‍ലിന്‍ തുടങ്ങിയ യൂറോപ്യന്‍ നഗരങ്ങളിലും പ്രതിഷേധങ്ങള്‍ നടന്നു. പൗരാവകാശ സംഘടനകള്‍, എല്‍ജിബിടിക്യു പ്രവര്‍ത്തകര്‍, തൊഴിലാളി സംഘടനകള്‍, തിരഞ്ഞെടുപ്പ് പരിഷ്കാരത്തിനായി വാദിക്കുന്നവര്‍ എന്നിവരുള്‍പ്പെടെ 150 ഓളം സംഘടനകളുടെ നേതൃത്വത്തില്‍ ട്രംപ് ഭരണകൂടത്തിനെതിരെ നടത്തുന്ന പ്രതിഷേധമാണ് ‘ഹാന്‍ഡ്സ് ഓഫ്’ പ്രക്ഷോഭം. ഉയര്‍ന്ന തീരുവ ചുമത്തല്‍, സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടല്‍, ഗര്‍ഭച്ഛിദ്ര വിലക്ക് തുടങ്ങിയ ട്രംപിന്റെ നയങ്ങള്‍ക്കെതിരെയാണു പ്രതിഷേധം.
അതേസമയം, പ്രതിഷേധത്തെ തള്ളിക്കളയുകയാണെന്നു വൈറ്റ്ഹൗസ് പ്രതികരിച്ചു. തന്റെ നയങ്ങളില്‍ മാറ്റം വരുത്താന്‍ പോകുന്നില്ലെന്ന് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.